Connect with us

Gulf

ലോകത്തെ മികച്ച കടല്‍ത്തീരങ്ങളില്‍ ജുമൈറ ബീച്ച് ആറാം സ്ഥാനത്ത്

Published

|

Last Updated

ദുബൈ: ലോകത്തെ മികച്ച 100 കടല്‍ത്തീരങ്ങളുടെ പട്ടികയില്‍ ദുബൈയിലെ ജുമൈറക്ക് ആറാം സ്ഥാനം. ഇംഗ്ലീഷ് രാജ്യാന്തര മാധ്യമമായ സിഎന്‍എന്‍ നടത്തിയ പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ജപ്പാനിലെ ജപാനിമ ബീച്ചിനാണ് ഒന്നാം സ്ഥാനം. ഓസ്‌ട്രേലിയ സിഡ്‌നിയിലെ ബോണ്ടി ബീച്ച് രണ്ടാം സ്ഥാനവും അമേരിക്കയിലെ വൈകികി ബീച്ച് മൂന്നാം സ്ഥാനവും നേടി. ഇംഗ്ലണ്ടിലെ ബ്രൈറ്റന്‍ ബീച്ച്, സ്‌പെയിനിലെ ബാഴ്‌സലോണെറ്റ ബീച്ച് എന്നിവക്കാണ് യഥാക്രമം നാലും അഞ്ചും സ്ഥാനം.
ആകാശഗോപുരങ്ങളും വന്‍ മാളുകളും മറ്റു അടിസ്ഥാന സൗകര്യങ്ങളുമുള്ള ദുബൈ നഗരത്തിലെ മനോഹരമായ ബീച്ചാണ് ജുമൈറയിലേതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ദുബൈയുടെ വികസനത്തിന് ദീര്‍ഘദൃഷ്ടിയോടെ പ്രവര്‍ത്തിക്കുന്നു. വിനോദ സഞ്ചാര മേഖലയില്‍ ദുബൈയുടെ പ്രാധാന്യമേറെയാണ്. ദുബൈ ക്രീക്കിന് എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന മംസാര്‍ ബീച്ചും ശ്രദ്ധേയം തന്നെ. സൂര്യനമസ്‌കാരത്തിന് ഏറെ അനുയോജ്യമായ സ്ഥലമാണ് ജുമൈറ ബീച്ച്.
വൃത്തിയും വെടിപ്പും കാത്തുസൂക്ഷിക്കുന്ന ബീച്ചാണിത്. അടുത്തിടെ നടത്തിയ ലാബ് പരിശോധനകളില്‍ ദുബൈയിലെ ജലം വളരെ ശുദ്ധമാണെന്ന് വ്യക്തമായിട്ടുണ്ട്. ജുമൈറ ബീച്ചിനടുത്ത റോഡരികുകളിലെ റസ്‌റ്റോന്റുകള്‍ സന്ദര്‍ശകര്‍ക്ക് പ്രയോജനകരമാകുന്നു. നീന്താനും കുളിക്കാനും ഇവിടെ മതിയായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. കടലില്‍ സ്ഥിതി ചെയ്യുന്ന ലോകത്തെ ശ്രദ്ധേയമായ ഹോട്ടലുകളിലൊന്നായ ബുര്‍ജ് അല്‍ അറബ് ജുമൈറ ബീച്ചിനോട് ചേര്‍ന്നാണുള്ളത്.
മിയാമിയിലെ മിയാമി ബീച്ച്, ബ്രിട്ടീഷ് കൊളംബിയയിലെ കിറ്റ്‌സിലാനോ ബീച്ച്, ദക്ഷിണാഫ്രിക്ക ക്യാപ്ടൗണിലെ ക്ലിഫ്ടണ്‍ ബീച്ച് എന്നിവ ജുമൈറക്ക് പിന്നില്‍ സ്ഥാനം പിടിച്ചു.

 

Latest