Connect with us

Ongoing News

എച്ച് എല്‍ എല്ലിനും ബി പി സി എല്ലിനും പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ പുരസ്‌കാരം

Published

|

Last Updated

തിരുവനന്തപുരം: വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കായി കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. വന്‍ വ്യവസായ വിഭാഗത്തില്‍ ബി പി സി എല്‍- കൊച്ചി റിഫൈനറിക്കാണ് ഒന്നാം സ്ഥാനം. തൃശൂര്‍ പേരാമ്പ്ര അപ്പോളോ ടയേഴ്‌സ് ലിമിറ്റഡും ആലുവ വാഴക്കുളം എ വി ടി നാച്വറല്‍ പ്രൊഡക്ട്‌സ് ലിമിറ്റഡും രണ്ടാമതെത്തി.
മീഡിയം ലാര്‍ഡ് സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് വിഭാഗത്തില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് തിരുവനന്തപുരം പേരൂര്‍ക്കട എച്ച് എല്‍ എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് അര്‍ഹമായി. പാലക്കാട് യുനൈറ്റഡ് ബ്രിവേറീസ് ലിമിറ്റഡ് രണ്ടാമതെത്തി. മധ്യമ നിലവാരമുള്ള വിഭാഗത്തില്‍ തിരുവനന്തപുരം ആഡ്‌ടെക് സിസ്്റ്റംസ് ലിമിറ്റഡ് ഒന്നും എറണാകുളം പട്ടിമറ്റം അഗാപ്പെ ഡയഗ്നോസ്റ്റിക്‌സ് ലിമിറ്റഡ്, കാലടി പി ഡി ഡി പി സെന്‍ട്രല്‍ സൊസൈറ്റി എന്നിവ രണ്ടാംസമ്മാനവും കരസ്ഥമാക്കി. സേവന സംഘടനാ വിഭാഗത്തില്‍ കൊച്ചി കിറ്റ്‌കോ ലിമിറ്റഡ് ഒന്നും തിരുവനന്തപുരത്തെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ രണ്ടും സമ്മാനങ്ങള്‍ നേടി. സാമ്പത്തികവളര്‍ച്ച, പ്രവര്‍ത്തന ലാഭം, ഉത്പാദനക്ഷമത, ഗുണനിലവാരം, സുരക്ഷ, സാമൂഹിക പ്രതിബദ്ധത, ഊര്‍ജസംരക്ഷണം, പരിസ്ഥിതി സംരക്ഷണം, ആധുനികവത്കരണം, തൊഴില്‍സംസ്‌കാരം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുത്തത്.
അവസാന ഘട്ടത്തില്‍ 26 കമ്പനികളുടെ പ്രവര്‍ത്തനവിവരങ്ങളാണ് പരിഗണിക്കപ്പെട്ടത്. എഫ് എ സി ടിയുടെ സി എം ഡി ചെയര്‍മാനായുള്ള വിദഗ്ധ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്.