Connect with us

Eranakulam

കായല്‍ കൈയേറ്റം: കോടതി ഉത്തരവ് നടപ്പാക്കാത്തവര്‍ക്കെതിരെ നടപടി വേണം

Published

|

Last Updated

കൊച്ചി: കായല്‍ നികത്തി സര്‍ക്കാറിന്റെ ഭൂമി റിസോര്‍ട്ട് ഉടമകള്‍ക്ക് കൈയേറാന്‍ അധികാര ദുര്‍വിനിയോഗം നടത്തുന്ന തീരദേശ പരിപാലന അതോറിറ്റി ചെയര്‍മാന്‍ ഡോ. വി എന്‍ രാജശേഖരപിള്ള, മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ ബി കോശി എന്നിവരെ തത്സ്ഥാനത്ത് നിന്ന് നീക്കണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി(ടി യു സി ഐ) സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ആലപ്പുഴ പെരുമ്പളം ദ്വീപിന് സമീപത്തെ കാപ്പികോ കമ്പനിയുടെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകള്‍ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ചാള്‍സ് ജോര്‍ജ് ആവശ്യപ്പെട്ടു. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് വേമ്പനാട്ട് കായലിന് നടുവില്‍ സ്വകാര്യ കമ്പനി 53 കെട്ടിടങ്ങളും വാമിക ഐലന്റില്‍ ഗ്രീന്‍ ലഗൂണും നിര്‍മിച്ചത്. മത്സ്യത്തൊഴിലാളികളുടെ ഊന്നിവലകള്‍ ഉള്‍പ്പെടെ നശിപ്പിച്ചാണ് 25 ഏക്കറില്‍ കെട്ടിടങ്ങളും കണ്‍വന്‍ഷന്‍ സെന്ററും നാല് ബോട്ടുജെട്ടികളും നിര്‍മിച്ചത്. ഹരിത എം എല്‍ എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഈ റിസോര്‍ട്ട് മാഫിയക്കായി രംഗത്തിറങ്ങിയിരുന്നു. മത്സ്യത്തൊഴിലാളികളുടെ പരാതിയെത്തുടര്‍ന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഈ കെട്ടിടങ്ങള്‍ ആറ് മാസത്തിനകം പൊളിച്ചുനീക്കുമെന്ന് 2013 നവംബറില്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. കായലിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ കലക്ടറേറ്റ് ഉപരോധമുള്‍പ്പെടെയുള്ള സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും ചാള്‍സ് ജോര്‍ജ് പറഞ്ഞു. വേമ്പനാട്ട് കായല്‍ സംരക്ഷണ സമിതി കണ്‍വീനര്‍ പി എന്‍ ബാബു, ഹരജിക്കാരന്‍ എ കെ സൈലന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest