അറിവിന്റെ അലിഫക്ഷരം ചൊല്ലി മദ്‌റസ പ്രവേശനോത്സവത്തിന് തുടക്കമായി

Posted on: August 7, 2014 1:01 am | Last updated: August 7, 2014 at 1:01 am

മുക്കം: കേരളത്തിലെ മുസ്‌ലിം മതപാഠശാലകളില്‍ വിദ്യയുടെ വിളക്കുമാടം തെളിഞ്ഞു. ആദ്യാക്ഷരം തേടി മദ്‌റസകളിലെത്തിയ ആയിരക്കണക്കിന് കുരുന്നുകള്‍ക്ക് അറിവിന്റെ അലിഫക്ഷരം ചൊല്ലിക്കൊടുത്ത് പ്രവേശനോത്സവത്തോടെയാണ് മദ്‌റസകള്‍ പുതുവര്‍ഷത്തെ വരവേറ്റത്. വിദ്യയുടെ വിളക്കത്തിരിക്കാം എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച മത വിദ്യാഭ്യാസ ക്യാമ്പയിന്റെ ഭാഗമായി നടന്ന മദ്‌റസാ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കാരശ്ശേരി ഹിദായത്തുസ്സിബിയാന്‍ സുന്നി മദ്‌റസയില്‍ നടന്നു. മതവിദ്യാഭ്യാസ രംഗം കൂടുതല്‍ ഭദ്രമാക്കുന്നതിനും മതവിദ്യാഭ്യാസത്തിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിന്റെയും ഭാഗമായാണ് എസ് എസ് എഫ് രണ്ടാഴ്ച നീളുന്ന ക്യാമ്പയിന്‍ ആചരിക്കുന്നത്.
സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും മലപ്പുറം മഅ്ദിന്‍ സ്ഥാപനങ്ങളുടെ ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം നിര്‍വഹിച്ചു. മനുഷ്യനെ ധാര്‍മികതയിലൂടെ വഴിനടത്തുന്ന മഹത്തായ ദൗത്യമാണ് മദ്‌റസകള്‍ നിര്‍വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചുകുഞ്ഞിനെ നന്മയുടെ വാഹകനാക്കുന്നതും തിന്മയുടെ രൂപമാക്കുന്നതും സാഹചര്യങ്ങളാണ്. നന്മയുടെയും ധര്‍മത്തിന്റെയും സാഹചര്യത്തില്‍ സൃഷ്ടിക്കുന്ന മത സ്ഥാപനങ്ങളെ സമൂഹം സംരക്ഷിക്കുകയും ഏറ്റെടുക്കുകയും ചെയ്യണം. ഖുര്‍ആനെയും ഇസ്‌ലാമിക ചിഹ്നങ്ങളെയും ആദരവോടെ കാണുന്ന തലമുറയില്‍ നിന്ന് നീതികേടുകള്‍ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിച്ചു. സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ. എം അബ്ദുല്‍ അസീസ് ഫൈസി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഇ യഅ്ഖൂബ് ഫൈസി, ജി അബൂബക്കര്‍, കെ അബ്ദുല്ല സഅദി ചെറുവാടി, ഡോ. പി കെ അബ്ദുല്‍ ഹമീദ്, പി അലവി സഖാഫി കായലം, അബ്ദുസ്സമദ് സഖാഫി മായനാട്, നാസര്‍ ചെറുവാടി, പി കെ സി മുഹമ്മദ്, എന്‍ പി അബ്ദുസ്സലീം, ടി ടി അബ്ദുല്‍ ഹകീം മുസ്‌ലിയാര്‍, എ കെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ പ്രസംഗിച്ചു.
എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ കലാം സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ ശരീഫ് കാരശ്ശേരി നന്ദിയും പറഞ്ഞു.
ജില്ലാതല ഉദ്ഘാടനങ്ങള്‍ നടന്ന സ്ഥലങ്ങള്‍: തിരുവനന്തപുരം- കളിയിക്കാവിള ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ (വിഴിഞ്ഞം അബ്ദുര്‍റഹ്മാന്‍ സഖാഫി), കൊല്ലം- കണ്ണനല്ലൂര്‍ മുഹ്‌യുദ്ദീന്‍ മദ്‌റസ (ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി), കോട്ടയം- സുന്നി മദ്‌റസ (റഫീഖ് അഹ്മദ് സഖാഫി), ഇടുക്കി- വണ്ണപുറം അല്‍ഹിദായ മദ്‌റസ (ഹംസല്‍ ഫൈസി), പത്തനംതിട്ട- റാന്നി മദ്‌റസത്തുല്‍ ഹിദായ (സ്വാബിര്‍ മഖ്ദൂമി), എറണാകുളം- ഫോര്‍ട്ട് കൊച്ചി ബദ്‌രിയ്യ മദ്‌റസ (സയ്യിദ് പി ടി ഹാശിം തങ്ങള്‍), പാലക്കാട്- ചെര്‍പ്പുളശ്ശേരി ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ (വി ടി എം അലി സഖാഫി), തൃശൂര്‍- തിരുവില്വാമല മദ്‌റസ (താഴപ്ര മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍), വയനാട് തലപ്പുഴ തഅ്‌ലീമുല്‍ ഇസ്‌ലാം മദ്‌റസ (മുഹമ്മദ് ബശീര്‍ സഅദി), മലപ്പുറം- പെരുമ്പടപ്പ് സുന്നി മദ്‌റസ (സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി), കണ്ണൂര്‍- ചെറുവത്തൂര്‍ ദാറുല്‍ ഉലൂം സെക്കന്‍ഡറി മദ്‌റസ (അശ്‌റഫ് സഖാഫി കടവത്തൂര്‍), കാസര്‍കോട്- പെരിയ ബസാര്‍ മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ (സയ്യിദ് ഇസ്മാഈല്‍ അല്‍ഹാദി).