Connect with us

Ongoing News

സ്വകാര്യ സി ഐ ഡി വിഭാഗം ഫോണ്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

പത്തനംതിട്ട: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മൊബൈല്‍ ഓഫ് ദ എയര്‍ പാസിവ് ഇന്റര്‍സെപ്ഷന്‍ സിസ്റ്റം ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയെന്ന സംശയത്തെ തുടര്‍ന്ന് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. സംഭവത്തെ തുടര്‍ന്ന് തലസ്ഥാന നഗരിയില്‍ വാഹന പരിശോധന കര്‍ശനമാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിമാരുടെ വസതി, സെക്രട്ടേറിയറ്റ്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കേന്ദ്ര ഓഫീസുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇന്റര്‍ സെപ്ഷന്‍ സിസ്റ്റം ഉപയോഗിച്ചതായി സംശയം ഉയര്‍ന്നിരിക്കുന്നത്. സ്വകാര്യ സി ഐ ഡി വിഭാഗമാണ് കൃത്യം നടത്തിയിട്ടുള്ളതെന്നാണ് പ്രഥമിക വിവരം. എന്നാല്‍ സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഫോണ്‍ ചോര്‍ത്തല്‍ നടന്നതായി രഹസ്യാന്വേഷണ വിഭാഗം സംശയം പ്രകടപ്പിച്ചിരിക്കുന്നത്. അതേസമയം അന്വേഷണം നടത്തുന്നതിന് വേണ്ടത്ര പരിജ്ഞാനം ഉള്ള ഉദ്യോഗസ്ഥരുടെ അഭാവം അന്വേഷണ സംഘത്തിന് തിരിച്ചടിയായിട്ടുണ്ട്.

രാജ്യത്ത് മുംബൈ അടക്കമുള്ള പ്രമുഖ നഗരങ്ങളില്‍ കോര്‍പറേറ്റ് കമ്പനികള്‍ക്ക് സ്വകാര്യ സി ഐ ഡി വിഭാഗം ഇത്തരത്തില്‍ ഫോണ്‍ ചോര്‍ത്തി നല്‍കാറുണ്ട്. 20 ലക്ഷം മുതല്‍ 50 ലക്ഷം വരെ രൂപയാണ് ഇവര്‍ ഈടാക്കുന്നത്. ഫോണ്‍ ചോര്‍ത്തുന്നതിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അനുമതി വേണമെന്നിരിക്കെ ഇത് മറികടന്നാണ് ഫോണ്‍ ചോര്‍ത്തി നല്‍കുന്നത്. അമേരിക്ക , ജര്‍മനി , ഇസ്‌റാഈല്‍ എന്നിവിടങ്ങിളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളാണ് ഇവര്‍ ഇതിനായി ഉപയോഗിക്കുന്നത്. ഇതേരീതി തന്നെയായിരിക്കാം സംസ്ഥാനത്തും ഉപയോഗിച്ചതെന്നാണ് സൂചന. എന്നാല്‍ അന്വേഷണവുമായി് ബന്ധപ്പെട്ട് ജില്ലാ പോലിസ് മേധാവിമാര്‍ക്ക് ഇതുവരെ റിപോര്‍ട്ട് ലഭിച്ചിട്ടില്ല.
സെല്ലുലാര്‍ ശ്യംഖലയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താതെ മൊബൈല്‍ ഫോണിലൂടെയുള്ള ആശയവിനിമയങ്ങള്‍ പിടിച്ചെടുത്ത് നിരീക്ഷിക്കുന്ന സംവിധാനമാണ് ഓഫ് ദ എയര്‍ പാസിവ് ഇന്റര്‍സെപ്ഷന്‍ സിസ്റ്റം. വാഹനങ്ങളില്‍ ഘടിപ്പിക്കാവുന്ന ഇതിന് 200 മീറ്റര്‍ ചുറ്റളവില്‍ ഒരേ സമയം നൂറ് കണക്കിന് ജി എസ് എം, സി ഡി എം എ കോളുകള്‍ ഉപഭോക്താവ് അറിയാതെ നിരീക്ഷിക്കാന്‍ കഴിയുമെന്നാണ് ഈ സംവിധാനത്തിന്റെ പ്രവര്‍ത്തന രീതി. നിലവില്‍ ഇത് ഇന്ത്യയില്‍ ഉപയോഗിക്കുന്നത് നാഷനല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (എന്‍ ഡി ആര്‍ ഒ), ഐ ബി എന്നിവയാണ്. രാജ്യത്ത് ഏഴ് കേന്ദ്ര ഏജന്‍സികള്‍ക്കാണ് അനുമതി ആവശ്യമില്ലാതെ ഏഴ് ദിവസത്തേക്ക് ഇത്തരത്തില്‍ ഫോണ്‍ ചോര്‍ത്താന്‍ അധികാരമുള്ളത്.
നിലവില്‍ ഓരോ സംസ്ഥാനത്തും 200 മുതല്‍ 3,000 വരെ ഫോണ്‍ കോളുകള്‍ ഇത്തരത്തില്‍ ചോര്‍ത്തുന്നുണ്ട്. ഐ ബി ഇ ഡി, ഡല്‍ഹി പോലീസ്, സി ബി ഐ, ഡി ആര്‍ ഐ, സെന്‍ട്രല്‍ എക്കണോമിക് ഇന്റലിജന്‍സ് ബ്യുറോ എന്നിങ്ങനെ ഏഴ് കേന്ദ്ര ഏജന്‍സികള്‍ക്കാണ് ഫോണ്‍ ചോര്‍ത്താന്‍ അധികാരമുള്ളത്. 1885ലെ ഇന്ത്യന്‍ ടെലിഗ്രാഫ് നിയമം ഭേദഗതി ചെയ്തതോടെയാണ് ഈ വകുപ്പുകള്‍ക്ക് ഫോണ്‍ ചോര്‍ത്താനുള്ള അധികാരം നിലവില്‍ വന്നത്. കേരളത്തില്‍ നിന്നുള്ള യുവാക്കള്‍ പാക് തീവ്രവാദി സംഘടനയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഫോണ്‍ മോനിട്ടറിംഗ് സംവിധാനം കര്‍ശനമാക്കിയത്.