Connect with us

Articles

ബഹുമാനപ്പെട്ട പേപ്പട്ടി അവറുകളേ...

Published

|

Last Updated

ഇപ്പോള്‍ ഒരു തരം പേടിയാണ്. ടൗണില്‍ പോയാല്‍ പോയതു പോലെ തിരിച്ചുവരുമോ എന്ന്. ചെത്തു പിള്ളേര്‍ ബൈക്കിലെത്തി കൈയോ കാലോ ചെത്തിയെടുത്ത് പോകുമോ എന്ന്.
ബസില്‍ കയറിയാല്‍ വയറില്‍ നിന്ന് അളക്കല്‍ തുടങ്ങും. കുടിയന്‍ ഡ്രൈവര്‍ ഓവര്‍ടേക്ക് ചെയ്ത് അപകടത്തില്‍ പെടുമോ എന്ന്. കാറില്‍ പോകുമ്പോഴും ഇതേ പേടി. അണ്ണന്‍ വണ്ടി വന്ന് ഇടിക്കുമോ എന്ന്.
കാല്‍നട യാത്രയാണ് അതിലും പേടി. പറക്കുന്ന വണ്ടിക്കാരന്‍ നടപ്പാത വഴി നടക്കുന്ന നമ്മളെ ഇടിച്ചു തെറിപ്പിച്ചാലോ. ഓര്‍ത്താല്‍ ഒരിടത്തും പോകാന്‍ കഴിയില്ല.
ഇപ്പോള്‍ ടൗണിലിറങ്ങാന്‍ പറ്റില്ല. പട്ടികളാണ്. തെരുവുനായ്ക്കള്‍ തലങ്ങും വിലങ്ങും. കണ്ടാല്‍ പിന്നാലെ ഓടും. ജീവന്‍ വേണേല്‍ ഓടിക്കോ എന്നാണ്. നമ്മള്‍ സ്വയം രക്ഷപ്പെട്ട് കൊള്ളണം എന്നാണ്. സ്വാശ്രയ രക്ഷ. കല്ലെടുത്തെറിയാമോ? പറ്റില്ല. പട്ടി ചത്താല്‍ കുടുങ്ങിയതു തന്നെ. പട്ടിയെ കൊന്നിട്ടാണ് എന്റെ അച്ഛന്‍ ജയിലില്‍ പോയതെന്ന് പറഞ്ഞാല്‍ മക്കള്‍ക്ക് അപമാനമല്ലേ…
ഈ ഭരണക്കാരൊക്കെ ഇവിടെയില്ലേ എന്നാകും സംശയം. അറിഞ്ഞില്ലേ, പട്ടിയെ തൊടാന്‍ പാടില്ല. സിംഹവാലന്‍ കുരങ്ങ് പോലെ വംശനാശം വരുന്ന ജീവിയാണോ എന്ന് വെറുതെ സംശയിച്ചാല്‍… പണ്ടെങ്ങോ മന്ത്രി പറഞ്ഞതാണ്. പട്ടിയെ കൊല്ലരുത്.
പേപ്പട്ടി ആണെങ്കിലോ. അതിനെയും കൊല്ലാന്‍ പാടില്ല. പേപ്പട്ടി കടിക്കാന്‍ വന്നാലോ? ബഹുമാനപ്പെട്ട പേപ്പട്ടി അവറുകളേ, ഒന്നും ചെയ്യല്ലേ എന്ന് മനസ്സില്‍ നീരീച്ച് ഒരൊറ്റ ഓട്ടം. കുളത്തിലോ പുഴയിലോ ചാടിയാല്‍ സുഖായി. ഇതിന് ഇതേയുള്ളൂ മരുന്ന്. കാലക്കേടിന് കടിച്ചാലോ. മരുന്ന് തേടി ആശുപത്രിയിലേക്ക് ഓടണം. അവിടെ മരുന്നില്ലേല്‍ മറ്റൊരു ആശുപത്രി. ആള് കാലിയാകുന്ന കാര്യമാണേ…
പറഞ്ഞ മന്ത്രിക്കോ നേതാക്കള്‍ക്കോ ബുദ്ധിമുട്ടേതുമില്ല. അവര്‍ രാവിലെയായാല്‍ കാറിലാകും യാത്ര. പിന്നെ വിമാനത്തില്‍. തെരുവിലൂടെ നടക്കുന്ന പാവത്തിനെ ആരോര്‍ക്കാന്‍.
ചില വീടുകള്‍ക്ക് മുമ്പില്‍ ഇങ്ങനെയൊരു ബോര്‍ഡ് കാണാം. പട്ടിയുണ്ട്, സൂക്ഷിക്കുക. ഇതു പോലെ അറിയിപ്പ് തെരുവില്‍ സ്ഥാപിച്ചാല്‍ മതി. അല്ലെങ്കില്‍ “ബഹുമാനപ്പെട്ട പേപ്പട്ടി അവറുകള്‍ ഇറങ്ങിയിട്ടുണ്ട്. ആളുകള്‍ ടൗണില്‍ വരുന്നതും തടിച്ചു കൂടുന്നതും ഇന്നേക്ക് നാല് ദിവസത്തേക്ക് നിരോധിച്ചിരിക്കുന്നു” എന്നുമാകാം.
“ഏത് പട്ടിക്കും ഒരു ദീവസം വരു”മെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അക്കാലമാണ് വന്നിരിക്കുന്നത്. പട്ടിക്കും ഇത് മനസ്സിലായത് പോലെയുണ്ട്. ഒരു പേടിയുമില്ല. കല്ലെടുത്ത് പേടിപ്പിക്കാമെന്ന് വെച്ചാലോ. യാതൊരു കൂസലുമില്ല.
ഇത്രയുമായ സ്ഥിതിക്ക് ഒന്ന് ചോദിച്ചോട്ടെ. മനുഷ്യന്റെ നല്ല നാള് എപ്പോഴാവോ വരിക?
ഗൗരവാനന്ദന്‍ ആലോചന തുടര്‍ന്നു.