പാതകളുടെ പുനഃനാമകരണം; ബോര്‍ഡുകള്‍ സ്ഥാപിച്ചു തുടങ്ങി

Posted on: August 6, 2014 9:44 pm | Last updated: August 6, 2014 at 9:44 pm

ദുബൈ: എമിറേറ്റിലെ പ്രധാന പാതകളുടെയും ചെറു വീഥികളുടെയും 50 ശതമാനത്തിന്റെയും പുനഃനാമകരണം പൂര്‍ത്തിയായതായി നഗരസഭാ ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു. പുതിയ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി അടുത്തവര്‍ഷം പകുതിയോടെ പൂര്‍ത്തിയാകും.
ശൈഖ് സായിദ് റോഡ്, ഉമ്മു സൂഖീം ഒന്ന്, രണ്ട്, മൂന്ന്, സുഫൂ ഒന്ന്, രണ്ട് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകളില്‍ പുതിയ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഈദ് മുതീന ഒന്ന്, രണ്ട്, നാദല്‍ ശിബ രണ്ട്, നാല്, ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക്, ജബല്‍ അലി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ പുരോഗമിക്കുന്നു.
ദുബൈ ഭരണകൂടത്തിന്റെ വന്‍ പദ്ധതികളിലൊന്നാണിത്. റോഡുകളെ സൂചിപ്പിക്കുന്ന നമ്പറുകള്‍ പേരുകള്‍ക്ക് വഴിമാറും. ഇമാറാത്തി സംസ്‌കാരത്തെ സൂചിപ്പിക്കുന്നതും ആദരണീയരെ സ്മരിക്കുന്നതുമായിരിക്കും പേരുകള്‍.
7,500 പേരുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. വ്യത്യസ്ത മാനദണ്ഡങ്ങളാണ് ഉപയോഗിച്ചത്. ജുമൈറയിലെ റോഡുകള്‍ക്ക് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പേരുകളായിരിക്കുമെന്നും ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു.