മനുഷ്യക്കടത്ത് കുറഞ്ഞുവെന്ന് ഫൗണ്ടേഷന്‍; 18 പേര്‍ക്ക് അഭയം നല്‍കി

Posted on: August 6, 2014 9:33 pm | Last updated: August 6, 2014 at 9:33 pm

dubaiദുബൈ: ഒന്നര വര്‍ഷത്തിനിടയില്‍ മനുഷ്യക്കടത്തിനിരയായ 18 പേര്‍ക്ക് അഭയം നല്‍കിയതായി ദുബൈ ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഡയറക്ടര്‍ ജനറല്‍ അഫ്‌റ അല്‍ ബസ്തി അറിയിച്ചു.
വിദേശികളാണ് എല്ലാവരും. സ്വദേശികള്‍ മനുഷ്യക്കടത്തിന് ഇരയായിട്ടില്ല. മനുഷ്യക്കടത്തിനെതിരെ ശക്തമായ നടപടിയാണ് യു എ ഇ സ്വീകരിക്കുന്നത്. കനത്ത ബോധവത്കരണവും നടത്തുന്നുണ്ട്. അത് കൊണ്ടുതന്നെ മനുഷ്യക്കടത്തു കേസുകള്‍ കുറഞ്ഞു. ഈ വര്‍ഷം ആദ്യം 75 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ആദ്യ ആറുമാസം 12 കേസുകളുണ്ടായിരുന്നു. ഈ വര്‍ഷം മൂന്ന് കേസുകള്‍ മാത്രമേയുള്ളു.
വിവിധ വകുപ്പുകളുമായി ചേര്‍ന്നാണ് നടപടികള്‍. ദുബൈ പോലീസാണ് ഇരകളെ രക്ഷപ്പെടുത്തുന്നത്. ബ്യൂട്ടി സലൂണില്‍ ജോലി വാഗ്ദാനം ചെയ്ത് ഇവിടെയെത്തി, വേശ്യാവൃത്തിക്ക് നിര്‍ബന്ധിതരായ രണ്ടുപേരെ ഈയിടെ രക്ഷപ്പെടുത്തി. വീട്ടുജോലിക്കെത്തിയ സ്ത്രീയെ മികച്ച ജോലി വാഗ്ദാനം ചെയ്ത് ഗൂഡസംഘത്തിന്റെ കൈകളിലെത്തിച്ച കേസും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. 21നും 26നും ഇടയിലാണ് ഇരകളുടെ പ്രായം. ഒരാളുടെ പണം തട്ടിപ്പറിക്കുകയും ചെയ്തു.
ഇത്തരക്കാരെ രക്ഷിക്കാന്‍ ഹോട്ട് ലൈന്‍ ഉണ്ട്. 80011 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്നും ബസ്തി വ്യക്തമാക്കി.