Connect with us

Wayanad

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം തടയുന്നതിന് ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം: മന്ത്രി

Published

|

Last Updated

കല്‍പ്പറ്റ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്ന് പട്ടികവര്‍ഗ-യുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജില്ലാതല ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീകളും കുട്ടികളും സ്വന്തം വീടുകളില്‍പ്പോലും സുരക്ഷിതരല്ലാത്ത കാലഘട്ടത്തില്‍ അവരുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതോടൊപ്പം അതിക്രമങ്ങള്‍ക്കെതിരെ പ്രതിരോധിക്കാനുള്ള ശക്തി പകരാനും ജാഗ്രതാ സമിതികള്‍ക്ക് സാധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വയനാടിനെ വനിതാ സൗഹൃദ ജില്ലയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യാതിഥിയായ ജില്ലാ കളക്ടര്‍ വി.കേശവേന്ദ്രകുമാര്‍ അറിയിച്ചു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിന് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാതല ജാഗ്രതാ സമിതിയുടെ ആസ്ഥാനം ജില്ലാ പഞ്ചായത്ത് ഓഫീസിലാണ്. അതിക്രമങ്ങള്‍ക്കിരിയാകുന്നവര്‍ക്ക് ജാഗ്രതാ സമിതിയില്‍ പരാതിപ്പെടാം. ജാഗ്രതാ സമിതിയുടെ ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കണ്‍വീനര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസറുമായിക്കും. വാര്‍ഡ്തല ജാഗ്രതാ സമിതികളാണ് ഏറ്റവും താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുക. വാര്‍ഡ്തല സമിതികളുടെ ചെയര്‍മാന്‍ വാര്‍ഡ് മെമ്പറും അംഗന്‍വാടി ടീച്ചര്‍ കണ്‍വീനറുമായിരിക്കും. പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ കണ്‍വീനറുമായ പഞ്ചായത്ത്തല സമിതികളാണ് തൊട്ടുമുകളില്‍. രണ്ടിടങ്ങളിലും തീര്‍പ്പാകാത്ത പരാതികളും നേരിട്ട് ലഭിക്കുന്ന പരാതികളും ജില്ലാതല ജാഗ്രതാ സമിതി പരിശോധിക്കും. എല്ലാ മാസവും പത്താം തീയതി (ഈ ദിവസം അവധിയാണെങ്കില്‍ തൊട്ടടുത്ത പ്രവൃത്തി ദിവസം) ജില്ലാ ജാഗ്രതാ സമിതിയുടെ സിറ്റിംഗ് നടത്തി പരാതികള്‍ പരിഹരിക്കും. ജില്ലാ ജാഗ്രതാ സമിതിയിലും തീര്‍പ്പാകാത്തവ വനിതാ കമ്മീഷന്റെ പരിഗണനയ്ക്ക് വിടും. വനിതാ കമ്മീഷന്റെ മേല്‍നോട്ടത്തിലാണ് സംസ്ഥാനത്തുടനീളമുള്ള ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തിക്കുക.

Latest