Connect with us

Gulf

തെര്‍മോകോള്‍ കപ്പുകളില്‍ അര്‍ബുദത്തിനു കാരണമാകുന്ന ഘടകങ്ങളില്ലെന്ന്

Published

|

Last Updated

അബുദാബി: ഭക്ഷണ സാധനങ്ങള്‍ സൂക്ഷിച്ചുവെക്കാനോ കഴിക്കാനോ രാജ്യത്ത് ലഭിക്കുന്ന പാത്രങ്ങളിലൊന്നിലും ആരോഗ്യത്തിന് ഹാനികരമായ അംശങ്ങളൊന്നും അടങ്ങിയിട്ടില്ലെന്ന് അബുദാബി ഫുഡ് കണ്‍ട്രോള്‍ അധികൃതര്‍ അറിയിച്ചു. രാജ്യത്തെ പൊതുവിപണിയിലേക്ക് ഇത്തരം പാത്രങ്ങളും കപ്പുകളും മറ്റും ഇറക്കുമതിക്ക് അനുമതി നല്‍കുന്നതിനു മുമ്പ് തന്നെ വിവിധ തരത്തിലുള്ള പരിശോധനകള്‍ നടത്തി നിജസ്ഥിതി ഉറപ്പുവരുത്താറുണ്ടെന്നും അധികൃതര്‍ വെളിപ്പെടുത്തി.
ഇതിനുപുറമെ ഭക്ഷണ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പുകളും വിവരങ്ങളും നല്‍കുന്ന ആഗോള നെറ്റ്‌വര്‍ക്കായ ഇന്‍ഫോസാനു (ഇന്റര്‍നാഷണല്‍ ഫുഡ് സേഫ്റ്റി അതോറിറ്റീസ് നെറ്റ്‌വര്‍ക്ക്)മായി അബുദാബി ഫുഡ് കണ്‍ട്രോള്‍ വിഭാഗം നിരന്തര ബന്ധവും പുലര്‍ത്തുന്നുണ്ടെന്ന് ഫുഡ് കണ്‍ട്രോള്‍ സിസ്റ്റം കമ്യൂണിക്കേഷന്‍ ആന്റ് കമ്മ്യൂണിറ്റി സര്‍വീസസ് ഡയറക്ടര്‍ മുഹമ്മദ് ജലാല്‍ അല്‍ റഈസി അറിയിച്ചു.
റസ്റ്റോറന്റുകളിലും മറ്റും ചായ കുടിക്കാന്‍ ഉപയോഗിക്കുന്ന തെര്‍മോകോള്‍ കൊണ്ട് നിര്‍മിച്ച കപ്പുകളില്‍ അര്‍ബുദത്തിന് കാരണമാകുന്ന ചില ഘടകങ്ങളുണ്ടെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ അല്‍ റഈസി നിഷേധിച്ചു. ഇക്കാര്യത്തില്‍ ആശങ്കക്ക് സ്ഥാനമില്ലെന്ന് അല്‍ റഈസി പൊതുജനങ്ങളെ അറിയിച്ചു.
സംശയകരമായതും പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായതുമായ ഒന്നും രാജ്യത്തെ വിപണിയില്‍ അനുവദിക്കില്ല. ഹാനികരമെന്ന് ബോധ്യപ്പെട്ടവ ഉടനെ പിന്‍വലിക്കുകയും സംശയകരമായ സാധനങ്ങള്‍ വിദഗ്ധ പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്യുമെന്നും അല്‍ റഈസി അറിയിച്ചു.