Connect with us

Gulf

റാസല്‍ഖൈമയില്‍ ആള്‍താമസമില്ലാത്ത വീടുകള്‍ കുറ്റവാളികള്‍ താവളമാക്കുന്നെന്ന്

Published

|

Last Updated

റാസല്‍ഖൈമ: ആള്‍പാര്‍പ്പില്ലാത്തതും ഉടമസ്ഥര്‍ ഉപേക്ഷിച്ചതുമായ വീടുകള്‍ കുറ്റവാളികളും നിയമ ലംഘകരും താവളമാക്കുന്നതായി പരാതി.
പോലീസിന്റെയും പൊതുജനങ്ങളുടെയും കണ്ണില്‍പെടാതിരിക്കാനാണ് കുറ്റവാളികളും നിയമലംഘകരും ഇത്തരം ആളൊഴിഞ്ഞ സ്ഥലത്തെ ഉപേക്ഷിക്കപ്പെട്ട വീടുകള്‍ തിരഞ്ഞെടുക്കുന്നത്.
റാസല്‍ ഖൈമയിലെ വിവിധ പ്രദേശങ്ങളിലായി 620 ലധികം ഇത്തരം ഉപേക്ഷിക്കപ്പെട്ട വീടുകളുണ്ടെന്നാണ് കണക്ക്. ഇത്തരം വീടുകള്‍ നഗരഭംഗിക്ക് നിരക്കാത്തതാണ്. അതോടൊപ്പം പൊതുജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകുന്ന രീതിയില്‍ വീടുകള്‍ ക്രിമിനലുകള്‍ താവളമാക്കുന്നത് അധികൃതര്‍ ഗൗരവമായി കാണേണ്ടതാണെന്ന് പൊതുവേ അഭിപ്രായമുണ്ട്.
ലഹരിവില്‍പന നടത്തുന്ന ചിലരും മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരും അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരും ഇത്തരം, പൊതുജനങ്ങളുടെയും പോലീസിന്റെയും കണ്ണെത്താത്ത വീടുകള്‍ കേന്ദ്രീകരിക്കുന്നതായി അധികൃതരും മനസ്സിലാക്കിയിട്ടുണ്ട്. ഇത്തരം ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങള്‍ക്കെതിരെ പൊളിച്ചുനീക്കല്‍ നടപടികളുമായി അധികൃതര്‍ രംഗത്തിറങ്ങുമെന്നറിയുന്നു.
എമിറൈറ്റിലെ ഇത്തരത്തിലുള്ള ഉപേക്ഷിക്കപ്പെട്ട വീടുകളുടെയും കെട്ടിടങ്ങളുടെയും കൃത്യമായ കണക്ക് ശേഖരിക്കാനും അവക്കെതിരെ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നടപടി സ്വീകരിക്കാനും തീരുമാനിച്ചതായി റാസല്‍ഖൈമ നഗരസഭ കെട്ടിട വിഭാഗം ഡയറക്ടര്‍ എഞ്ചി. ആഇശ ദര്‍വീശ് പറഞ്ഞു.
നഗരത്തിനുള്ളിലും പരിസര പ്രദേശങ്ങളിലും നിയമലംഘകര്‍ക്ക് താവളമാക്കാവുന്ന ഇത്തരം ആളൊഴിഞ്ഞ ധാരാളം വീടുകളുണ്ടെന്ന് കണ്ടെത്തിയതായും എഞ്ചി. ആഇശ ദര്‍വീശ് പറഞ്ഞു. ഇവ പൊളിച്ചുനീക്കാന്‍ നഗരസഭയുടെ ഭാഗത്ത് നിന്നും വൈകാതെ നടപടിയുണ്ടാകുമെന്നും അവര്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest