Connect with us

Palakkad

കവിളുപ്പാറയില്‍ ആദിവാസികള്‍ കഴിയുന്നത് ചോര്‍ന്നൊലിക്കുന്ന ചെറ്റക്കുടിലുകളില്‍

Published

|

Last Updated

വടക്കഞ്ചേരി:ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തിനുമൊപ്പം പട്ടികവര്‍ഗ വകുപ്പും ആദിവാസികള്‍ക്കായി വീടുനിര്‍മിക്കാന്‍ മത്സരബുദ്ധിയോടെ ഫണ്ട് നല്‍കിയിട്ടും കിഴക്കഞ്ചേരി പഞ്ചായത്തിലെ കവിളുപ്പാറയിലെ ആദിവാസികള്‍ കഴിയുന്നത് ചോര്‍ന്നൊലിക്കുന്ന കീറിപറിഞ്ഞ ചെറ്റക്കുടിലുകളില്‍. കോടികളുടെ ഫണ്ട് ചെലവഴിച്ചിട്ടും കോളനിയില്‍ താമസയോഗ്യമായ വീടുകള്‍ ഒന്നു തന്നെയില്ല. ചോര്‍ന്നൊലിക്കുന്ന കുടിലുകളില്‍ പാതി ഉറക്കവുമായാണ് പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കഴിയുന്നത്. നാലുഭാഗങ്ങളിലായി 35 കുടുംബങ്ങളാണ് കോളനിയിലുള്ളത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഇവിടത്തെ വീടുകളുടെ സ്ഥിതി ദയനീയമാണ്. മഴക്കാലത്ത് ചോര്‍ന്നൊലിക്കാത്ത വീടില്ലാത്തതും വേനലില്‍ അതിരൂക്ഷമായ കുടിവെള്ളക്ഷാമവുമാണ് കോളനിക്കാരെ വലയ്ക്കുന്നത്. ആലത്തൂര്‍ നിയോജകമണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ നിയോജകമണ്ഡലമായി പ്രഖ്യാപിച്ച് ആറുവര്‍ഷം പിന്നിട്ടിട്ടും 35 വീടുകളുള്ള കോളനിയില്‍ കറന്റ് എത്തിയത് രണ്ട്‌വീടുകള്‍ക്കു മാത്രമാണ്.
കോളനിയിലേക്ക് വാഹനം എത്താവുന്ന റോഡില്ലാത്തതിനാല്‍ വീടുനിര്‍മാണത്തിന് ആവശ്യമായ കല്ലും മറ്റു സാമഗ്രികളും എത്തിക്കാനാകില്ല. കിലോമീറ്ററുകളോളം തലചുമടായി എത്തിച്ചുവേണം വീടുപണിയാന്‍.—
ഇതിനു നിന്നാല്‍ കുടുംബം പട്ടിണിയിലാകും.—ഏതെങ്കിലും സര്‍ക്കാര്‍ നിയന്ത്രണ ഏജന്‍സി വഴി വീടുകള്‍ നിര്‍മിച്ചാല്‍ മാത്രമേ കോളനിയില്‍ എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യം കൈവരിക്കാനാകൂ. ഇതിനു പട്ടികവര്‍ഗ വകുപ്പും വനംവകുപ്പും ഗ്രാമപഞ്ചായത്തുമൊക്കെ താത്പര്യം കാണിക്കണം. തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം ഇല്ലായ്മകള്‍ അറിയാന്‍ പാഞ്ഞെത്തുന്ന രാഷ്ട്രീയക്കാരെ പിന്നെ കാണില്ലെന്നാണ് കോളനിയിലെ സ്ത്രീകള്‍ പറയുന്നത്. അദാലത്ത് എന്ന പേരില്‍ ഏതാനുംമാസംമുമ്പും ഇത്തരം നാടകം ഇവിടെ സംഘടിപ്പിച്ചിരുന്നു. അന്ന് കോളനിക്കാര്‍ ആവശ്യപ്പെട്ട ഒരുകാര്യംപോലും പിന്നീട് നടന്നില്ലെന്നും ഇവര്‍ക്ക് പരാതിയുണ്ട്. കഴിഞ്ഞ വേനലില്‍ വനംവകുപ്പിന്റെ താത്കാലിക ഫയര്‍ലൈന്‍ വര്‍ക്കിനുപോയ ആദിവാസി സ്ത്രീകള്‍ക്കു മൂന്നുമാസമായിട്ടും കൂലി ലഭിച്ചില്ലെന്ന പരാതിയുമുണ്ട്