Connect with us

National

മോശം ഭക്ഷണം: ഐ ആര്‍ സി ടി സി ഉള്‍പ്പെടെയുള്ള കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് വന്‍ പിഴ

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേസ് കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍(ഐ ആര്‍ സി ടി സി) അടക്കമുള്ള കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്കെതിരെ റെയില്‍വേ വന്‍തുക പിഴ ചുമത്തി. മോശം ഭക്ഷണം വിതരണം ചെയ്തതിനാണ് ഒന്‍പത് കാറ്റിറിംഗുകാര്‍ക്ക് മേല്‍ മൊത്തം 11.50 ലക്ഷം പിഴ ചുമത്തിയത്. മഹാരാഷ്ട്രാ സദനില്‍ ശിവസേനാ എം പിമാര്‍, നോമ്പിലായിരിക്കെ ചപ്പാത്തി തീറ്റിച്ചത് ഐ ആര്‍ സി ടി സിയിലെ ഉദ്യോഗസ്ഥനെയായിരുന്നു.
വിവിധ ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണമേന്‍മ സംബന്ധിച്ച് കഴിഞ്ഞ മാസം പ്രത്യേക പരിശോധന നടത്തിയിരുന്നുവെന്നും ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയെന്നും റെയില്‍വേ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഐ ആര്‍ സി ടി സിയെക്കൂടാതെ ആര്‍ കെ ആസോസിയേറ്റ്‌സ്, സണ്‍ഷൈന്‍ കാറ്ററേഴ്‌സ്, സത്യം കാറ്ററേഴ്‌സ്, വൃന്ദാവന്‍ ഫുഡ് പ്രോഡക്ട്‌സ് തുടങ്ങിയവയാണ് പിഴ അടക്കേണ്ടത്. ജൂലൈ 23 ന് കൊല്‍ക്കത്ത രാജ്ധാനിയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ കൂറയെ കണ്ടെത്തിയതിന് ഐ ആര്‍ സി ടി സിക്ക് മേല്‍ ഒരു ലക്ഷം രൂപ പിഴയിട്ടുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പശ്ചിം എക്‌സ്പ്രസ്, പുഷ്പക് എക്‌സ്പ്രസ്, മോതിഹാരി എക്‌സ്പ്രസ്, ശിവ്ഗംഗ എക്‌സ്പ്രസ്, ഗോള്‍ഡന്‍ ടെംബിള്‍ മെയില്‍, നേത്രാവതി എക്‌സ്പ്രസ്, പഞ്ചാബ്‌മെയില്‍, ഹൗറാ അമൃത്സര്‍ മെയില്‍, ചണ്ഡീഗഢ് ശദാബ്ദി ട്രെയിനുകളിലാണ് പ്രത്യേക പരിശോധന നടത്തിയത്. പല ട്രെയിനുകളിലും ഭക്ഷണം സൂക്ഷിച്ചിരുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു. ചിലതില്‍ പഴകിയ ഭക്ഷണമായിരുന്നു വിതരണം ചെയ്ത്. 50,000 മുതല്‍ ഒരു ലക്ഷം വരെ പിഴയാണ് ചുമത്തിയത്. അഞ്ച് തവണ തുടര്‍ച്ചയായി പിഴയടക്കേണ്ടി വരുന്ന കാറ്ററിംഗ് സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കാനാണ് തീരുമാനം.

 

Latest