Connect with us

Gulf

കൂട്ടക്കുരുതി അവസാനിപ്പിക്കണം

Published

|

Last Updated

ദുബൈ: ഗാസയില്‍ കൂട്ടക്കുരുതി തുടരുന്ന ഇസ്രയേലിനെതിരെ അറബ് പാര്‍ലമെന്റ് രംഗത്ത്. നിസ്സഹായരായ ജനങ്ങള്‍ക്കുനേരെ ഏറ്റവും ക്രൂരമായ രീതിയിലാണ് ഇസ്രയേലിന്റെ അഴിഞ്ഞാട്ടം. ഊര്‍ജവിതരണ ശൃംഖലകള്‍ അടക്കം ഷെല്ലിങ്ങില്‍ തകരുന്നതിനാല്‍ തന്ത്രപ്രധാനമേഖലകള്‍ക്കു സംരക്ഷണം നല്‍കാന്‍ യുഎന്‍ രക്ഷാസമിതി അംഗങ്ങളായ റഷ്യയും ചൈനയും മുന്‍കൈയെടുക്കണമെന്നും ആവശ്യപ്പെട്ടു.
രാജ്യാന്തര സമൂഹത്തിന്റെ മൗനം മുതലെടുത്ത് ദിവസങ്ങളായി മാരകമായ ആക്രമണം തുടരുന്നത് എത്രയും വേഗം അവസാനിപ്പിക്കണമെന്ന് അറബ് പാര്‍ലമെന്റ് സ്പീക്കര്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ജര്‍വാന്‍ പറഞ്ഞു. സകുട്ടികളെയും സ്ത്രീകളെയും വയോധികരെയും ഇസ്രയേല്‍ മനപ്പൂര്‍വം കൊന്നൊടുക്കുകയാണ്. അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തെ പ്രതിരോധിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഈ നിലയ്ക്കു പോയാല്‍ എല്ലാവരും ഉന്മൂലനം ചെയ്യപ്പെട്ട ശ്മശാനഭൂമിയായി ഗാസ മാറുമെന്നും ചൂണ്ടിക്കാട്ടി. ആശുപത്രികളോ രക്തബാങ്ക് ഉള്‍പ്പെടെയുള്ള അനുബന്ധ സ്ഥാപനങ്ങളോ പ്രവര്‍ത്തിക്കാന്‍ വൈദ്യുതിയില്ല. വെള്ളവും വെളിച്ചവും ഭക്ഷണവും മുടങ്ങി. ഒട്ടേറെപ്പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും സംശയിക്കുന്നു. ഊര്‍ജവിതരണം അടിയന്തരമായി പുനരാരംഭിക്കാന്‍ ലോകരാജ്യങ്ങളും രാജ്യാന്തര സംഘടനകളും നടപടിയെടുക്കുകയും അതവരുടെ ഉത്തരവാദിത്തമായി കാണുകയും വേണം.
പലസ്തീന്‍ ജനതയ്ക്കു നീതി ഉറപ്പാക്കാന്‍ രാജ്യാന്തര കോടതിയും ഇടപെടണം. സാധാരണക്കാര്‍ കൂട്ടത്തോടെ മരിക്കുന്നതിനാല്‍ ദുരിതാശ്വാസം എത്തിക്കാനുള്ള ബാധ്യതയും ലോകരാഷ്ട്രങ്ങള്‍ക്കുണ്ടെന്ന് ജര്‍വാന്‍ പറഞ്ഞു. അതിനിടെ, ഗാസയിലെ വിവിധ മേഖലകളില്‍ കുടുങ്ങിയവര്‍ക്കും അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്നവര്‍ക്കും എമിറേറ്റ്‌സ് റെഡ് ക്രെസന്റ് (ഇആര്‍സി) ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും എത്തിച്ചു.