Connect with us

Kozhikode

ചെങ്കല്‍ക്വാറി ഉടമകളുടെ അനിശ്ചിതകാല സമരം തുടരുന്നു

Published

|

Last Updated

കോഴിക്കോട്: ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരം ചെങ്കല്‍ ഖനനം ഉള്‍പ്പെടെ എല്ലാ ഖനനവും ജിയോളജി ഡയരക്ടര്‍ റദ്ദ് ചെയ്തതില്‍ പ്രതിഷേധിച്ച് ചെങ്കല്‍ ഉത്പാദക ഉടമസ്ഥ ക്ഷേമസംഘം നടത്തുന്ന അനിശ്ചിതകാല സമരം തുടരുന്നു.
സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ മാസം ആറിന് കലക്ടറേറ്റിന് മുന്നില്‍ ജില്ലയിലെ മുഴുവന്‍ ചെങ്കല്‍ ക്വാറി ഉടമകളെയും പങ്കെടുപ്പിച്ച് ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് പ്രകാരം ഇനി മുതല്‍ അഞ്ചര ഹെക്ടര്‍ വരെയുള്ള ഖനനങ്ങള്‍ക്ക് പരിസ്ഥിതി ആഘാത പഠനം ആവശ്യമാണ്. വന്‍കിട ധാതുക്കളായ ഇരുമ്പ്, സ്വര്‍ണം, ഗ്രാനൈറ്റ് എന്നിവയുടെ ഗണത്തില്‍ പെടാത്തതാണ് ചെങ്കല്ല്. ചെറുകിട നാമമാത്ര ഉത്പാദന മേഖലയില്‍ പെട്ടതാണ് ചെങ്കല്‍ ഖനനം.
പുതിയ ഉത്തരവ് പ്രകാരം വന്‍കിട കോര്‍പറേറ്റുകള്‍ക്ക് ഈ മേഖലയിലേക്ക് കടന്നുവരാനും മേഖല കയ്യടക്കാനും സാധിക്കും. നിര്‍മാണ മേഖലയിലെ പ്രവൃത്തികളുടെ അടിസ്ഥാന ഘടകമാണ് ചെങ്കല്ല്. ഇത് ലഭിക്കാതെ വരുമ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ സ്തംഭനാവസ്ഥയിലേക്ക് നീങ്ങും. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. ഇതിന് പരിഹാരമായി ഹരിത ട്രൈബ്യൂണലില്‍ സമ്മര്‍ദം ചെലുത്താന്‍ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ സംഘം ജില്ലാ സെക്രട്ടറി സുരേഷ് കോട്ടോല്‍, സുരേന്ദ്രന്‍ സുരഭി, വാസു മാവൂര്‍, വിനുരാജ് സംബന്ധിച്ചു.

Latest