Connect with us

Kozhikode

ദേശീയ ഗെയിംസ്: ഒരുക്കം തകൃതിയില്‍

Published

|

Last Updated

കോഴിക്കോട്: ദേശീയ ഗെയിംസിനായി ജില്ല വേഗത്തില്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി വേദികളിലേക്കുള്ള റോഡുകള്‍ വീതി കൂട്ടുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികളും പാര്‍ക്കിംഗ് സംവിധാനം ഒരുക്കുന്നതും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും.

ജില്ലയില്‍ പ്രധാന വേദികളായി നിശ്ചയിച്ചിട്ടുള്ള കോര്‍പറേഷന്‍ സ്റ്റേഡിയം, വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, മെഡിക്കല്‍ കോളജ് ഗ്രൗണ്ട്, ബീച്ച് (ബീച്ച് വോളിബോള്‍) എന്നിവിടങ്ങളിലെ ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. വേദികളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്ന പ്രവൃത്തികള്‍ക്ക് വേഗം കൂട്ടുമെന്ന് യോഗത്തില്‍ പങ്കെടുത്ത മന്ത്രി എം കെ മുനീര്‍ പറഞ്ഞു.
മത്സരത്തിനെത്തുന്ന കായികതാരങ്ങള്‍ക്കും കളിക്കാര്‍ക്കും എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. ഗതാഗത സംവിധാനത്തില്‍ അപാകതകളുണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും.
2015 ജനുവരി 31 മുതല്‍ ഫെബ്രുവരി 13 വരെയാണ് ജില്ലയില്‍ ഗെയിംസ് നടക്കുക. ഫുഡ്‌ബോള്‍, വോളിബോള്‍, ബീച്ച് വോളിബോള്‍ എന്നീ ഇനങ്ങളിലുള്ള മത്സരങ്ങളാണ് നടക്കുന്നത്.
മത്സരത്തിന് മുന്നോടിയായി 35 ദിവസങ്ങള്‍ക്ക് മുമ്പ് വര്‍ണശബളമായ മാരത്തോണ്‍ ജില്ലയില്‍ സംഘടിപ്പിക്കും. മത്സര വിളംബരമെന്ന നിലക്ക് വോളിബോള്‍, ഫുഡ്‌ബോള്‍ സൗഹൃദ മത്സരങ്ങളും നടത്തും. അന്താരാഷ്ട്രതലത്തില്‍ താരമൂല്യമുള്ള കായികതാരങ്ങളെ ജനുവരി 31ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ അതിഥിയായി പങ്കെടുപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തുമെന്ന് മന്ത്രി പറഞ്ഞു.
ഈ മാസം ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ വിവിധ സബ്കമ്മിറ്റികള്‍ കലക്ടറേറ്റില്‍ യോഗം ചേരും. എം എല്‍ എമാരായ എ പ്രദീപ്കുമാര്‍, സി കെ നാണു, എ കെ ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, ജേക്കബ് പുന്നൂസ്, ജില്ലാ കലക്ടര്‍ സി എ ലത പങ്കെടുത്തു.