Connect with us

Kozhikode

പി ടി എ റഹീമിന്റെ തിരഞ്ഞെടുപ്പ് സുപ്രീം കോടതി ശരിവെച്ചു

Published

|

Last Updated

കോഴിക്കോട്: പി ടി എ റഹീം എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ടത് സുപ്രീം കോടതി ശരിവെച്ചു. കുന്ദമംഗലം മണ്ഡലത്തില്‍ നിന്ന് ഇടത് സ്വതന്ത്രനായി വിജയിച്ച പി ടി എ റഹീമിനെതിരെ യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന മുസ്‌ലിം ലീഗിലെ യു സി രാമന്‍ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. പി ടി എ റഹീം സ്ഥാനാര്‍ഥിയായിരുന്ന സമയത്ത് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ പ്രതിഫലം പറ്റുന്ന പദവിയില്‍ പ്രവര്‍ത്തിച്ചത് അയോഗ്യതയായി കണക്കാക്കണമെന്നതായിരുന്നു യു സി രാമന്റെ വാദം. എന്നാല്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്ന പദവി വഹിക്കുന്നത് ഇരട്ട പദവിയായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി വിധിച്ചു. നേരത്തെ ഹൈക്കോടതിയും യു സി രാമന്റെ ഹരജി തള്ളിയിരുന്നു.
ചെലവ് വകവെച്ചു നല്‍കുന്ന യാത്രാ ബത്ത സ്വീകരിക്കുന്നത് പ്രതിഫലം പറ്റുന്ന ജോലിയായി കണക്കാക്കാനാകില്ലെന്ന് കോടതി പറഞ്ഞു. നാമനിര്‍ദേശ പത്രിക നിയമാനുസൃതവും സാധുവും ആണെന്നും അതുകൊണ്ടു പി ടി എ റഹീമിന് നിയമപരിരക്ഷയുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. യു ഡി എഫിന്റെ പരാതിയെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കായി മാറ്റിവെച്ച പത്രിക അടുത്ത ദിവസമായിരുന്നു വരണാധികാരി സ്വീകരിച്ചിരുന്നത്.

Latest