Connect with us

International

'ഈ നഗരത്തിന്റെ അന്തരീക്ഷത്തില്‍ മരണ ഗന്ധം മാത്രം'

Published

|

Last Updated

ഗാസ സിറ്റി: “ഭൂകമ്പവും മറ്റ് നിരവധി പ്രകൃതി ദുരന്തങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുപോലൊരു തകര്‍ന്നുതരിപ്പണമായ അവസ്ഥ കണ്ടിട്ടില്ല. അന്തരീക്ഷത്തില്‍ മരണത്തിന്റെ ഗന്ധം തിങ്ങിക്കിടക്കുന്നു.” ഇസ്‌റാഈല്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച പ്രഭാതസമയത്ത് ഗാസ സിറ്റിയുടെ അയല്‍ നഗരമായ ശുജാഇയ്യ സന്ദര്‍ശിച്ച അല്‍ ജസീറ റിപ്പോര്‍ട്ടര്‍ ഇംതിയാസ് ത്വയ്യിബിന്റെ വിവരണമാണിത്. ശുജാഇയ്യ നഗരത്തിന്റെ അവസ്ഥ വിവരണാതീതമാണെന്ന് അദ്ദേഹം പറയുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ത്തിരുന്ന ശുജാഇയ്യയില്‍ കഴിഞ്ഞ 20 മുതലാണ് ഇസ്‌റാഈല്‍ സേന കൂട്ടക്കശാപ്പ് തുടങ്ങിയത്. നൂറുകണക്കിന് പേര്‍ ഇവിടെ മരിച്ചുവീണു. പതിനായിരങ്ങള്‍ നാടുവിട്ടു പോയി. നാട് വിട്ടവര്‍ക്ക് പിന്നീട് ഇവിടെ പ്രവേശിക്കാനായില്ല.
വെടിനിര്‍ത്തല്‍ പ്രഖ്യാപനമുണ്ടായ ഉടനെ, ഗാസ സിറ്റിയില്‍ നിന്ന് ശുജാഇയ്യയിലേക്ക് ജനങ്ങള്‍ ഒഴുകി. ജനിച്ചുവളര്‍ന്ന വീട്ടില്‍ എന്തെങ്കിലും അവശേഷിക്കുന്നുണ്ടോയെന്ന അന്വേഷണത്തിലുപരി, കോണ്‍ഗ്രീറ്റ് കൂമ്പാരങ്ങള്‍ക്കിടയില്‍ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോയെന്ന ജിജ്ഞാസയിലാണ് അവരെത്തിയത്. അവരുടെ വിശ്വാസം തെറ്റിയില്ല. നഗരകവാടം കടന്ന് കെട്ടിട കൂമ്പാരങ്ങള്‍ക്കടുത്തെത്തിയപ്പോഴേക്കും, അഴുകിത്തുടങ്ങിയ മൃതദേഹങ്ങളുടെ ഗന്ധമാണ് അവരെ വരവേറ്റത്.
ഗാസയുടെ വടക്കുകിഴക്കന്‍ നഗരമായ ബൈത് ഹാനൂനിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. അധിക കെട്ടിടങ്ങളും നിലംപൊത്തിയിട്ടും മതിവരാതെ നഗരത്തിലെ ഖബര്‍സ്ഥാന്‍ പോലും ബോംബിട്ട് തകര്‍ത്തിരിക്കുകയാണ് ഇസ്‌റാഈല്‍ സൈന്യം. തകര്‍ന്ന ഖബര്‍സ്ഥാനില്‍ നിന്ന് പുറത്തുവന്ന അസ്ഥികൂടങ്ങളെ സംബന്ധിച്ചാണ് ആളുകളുടെ സംസാരമെന്ന് അല്‍ ജസീറ ലേഖകന്‍ വെയ്ല്‍ ദഹ്ദൂഹ് പറയുന്നു. തെക്ക് ഭാഗത്തെ ഖാന്‍ യൂനിസ് നഗരത്തിന് സമീപമുള്ള ഖുസ ഗ്രാമത്തില്‍ വെടിനിര്‍ത്തല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ള ഷെല്ലുകള്‍ പതിക്കുന്നതിന്റെ ശബ്ദം കേള്‍ക്കാമായിരുന്നു. റോഡുകള്‍ തകര്‍ന്നതിനാല്‍ പരുക്കേറ്റവരെ ആശുപത്രികളിലേക്കെത്തിക്കാന്‍ ആംബുലന്‍സുകള്‍ക്ക് സാധിക്കുന്നില്ല.

Latest