Connect with us

Gulf

പ്രത്യേക പരിചരണം ആവശ്യമായ കുട്ടികളെ പ്രവേശിപ്പിക്കാന്‍ വിദ്യാലയങ്ങള്‍ വിസമ്മതിച്ചെന്ന്

Published

|

Last Updated

ദുബൈ: പ്രത്യേക പരിചരണം ആവശ്യമായ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ ദുബൈയിലെ വിദ്യാലയങ്ങള്‍ വിസമ്മതിച്ചെന്ന് വെളിപ്പെടുത്തല്‍. രാജ്യത്ത് വിദ്യാഭ്യാസത്തിനായി അപേക്ഷിക്കുന്നവരോട് വിവേചനം കാണിക്കരുതെന്ന് ശക്തമായ നിയമം നിലനില്‍ക്കേയാണ് ഒരു കൂട്ടം വിദ്യാലയങ്ങള്‍ ഇത്തരം കുട്ടികളെ പടിക്കു പുറത്തു നിര്‍ത്തിയതെന്ന് ദുബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ വിച്ച് സ്‌കൂള്‍ അഡ്‌വൈസര്‍ ഡോട്ട് കോം പുറത്തുവിട്ട റിപോര്‍ട്ട് വ്യക്തമാക്കുന്നു.
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന മൊത്തം വിദ്യാലയങ്ങളില്‍ 52 എണ്ണം മാത്രമാണ് ഇത്തരം കുട്ടികളെ പ്രവേശിപ്പിക്കാന്‍ കൂട്ടാക്കിയതെന്ന് വിച്ച് സ്‌കൂളിന്റെ കോ-ഫൗണ്ടര്‍ ജെയിംസ് മുള്ളന്‍ വ്യക്തമാക്കി. ഇത്തരം കുട്ടികളെ പ്രവേശിപ്പിച്ചാല്‍ പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികള്‍ക്കുള്ളതാണോ വിദ്യാലയമെന്ന് പൊതുജനം സംശയിക്കുമെന്ന് വിസമ്മതിച്ച വിദ്യാലയങ്ങള്‍ വ്യക്തമാക്കിയതായും ജെയിംസ് പറഞ്ഞു.
2006ലെ യു എ ഇ ഫെഡറല്‍ നിയമം എല്ലാ കുട്ടികള്‍ക്കും വിദ്യ അഭ്യസിക്കാന്‍ തുല്യ അവസരം ഉറപ്പാക്കിയിട്ടുണ്ട്. ഇതിനോടുള്ള വെല്ലുവിളിയാണ് വിദ്യാലയങ്ങളുടെ നടപടി. നിലവില്‍ പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികള്‍ക്കായി രക്ഷിതാക്കള്‍ വിദ്യഭ്യാസത്തിന് മറ്റുള്ള വിദ്യാര്‍ഥികള്‍ക്കായി ചെലവഴിക്കുന്നതിലും 60 ശതമാനം കൂടുതല്‍ ചെലവിടേണ്ട സ്ഥിതിയാണുള്ളത്. ഇത്തരം കുട്ടികളുള്ള രക്ഷിതാക്കളില്‍ 15 ശതമാനത്തിന് മാത്രമാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്നു ഇതിന് ആവശ്യമായ പണം ലഭിക്കുന്നത്. ഇതുമൂലം മിക്ക രക്ഷിതാക്കളും കുട്ടികളെ പഠിപ്പിക്കാന്‍ നന്നേ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്.
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളില്‍ 42 ശതമാനം മാത്രമാണ് പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളെ സ്വാഗതം ചെയ്യുന്നത്. ഇവയില്‍ ബഹുഭൂരിപക്ഷവും ബ്രിട്ടീഷ് പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളാണ്. ഏതാനും അമേരിക്കന്‍ സ്‌കൂളുകളും ഇവയില്‍ ഉള്‍പ്പെടും. പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളെ പ്രവേശിപ്പിക്കുന്ന വിദ്യാലയങ്ങള്‍ സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്ത ഫീസാണ് വാങ്ങുന്നത്. ഓരോ വര്‍ഷത്തിനും 20,000 ദിര്‍ഹത്തിലധികം ഫീസ് വാങ്ങുന്നതായി മുമ്പ് റിപോര്‍ട്ടുണ്ടായിരുന്നു. രജിസ്‌ട്രേഷനായി 9,000 ദിര്‍ഹം ചെലവഴിച്ചിട്ടും കുട്ടിക്ക് സീറ്റ് ലഭിച്ചില്ലെന്നും ഇത്തരം കുട്ടികളുടെ രക്ഷിതാക്കളില്‍ ഒരാള്‍ വ്യക്തമാക്കിയിരുന്നു. രജിസ്‌ട്രേഷന്‍ ലഭിക്കാന്‍ മാത്രം ഇത്രയും വലിയ തുക ആവശ്യമായി വരുമ്പോള്‍ ഒരു വര്‍ഷം പഠിപ്പിക്കാനുള്ള ചെലവ് ഇതിലും എത്ര കൂടുതലായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ചില വിദ്യാലയങ്ങള്‍ 30 ശതമാനത്തോളം പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളെ പ്രവേശിപ്പിച്ചു കഴിഞ്ഞതായാണ് പ്രതികരിച്ചത്. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ചെറിയ പ്രശ്‌നങ്ങളുള്ള കുട്ടികളെ ഉള്‍ക്കൊള്ളിച്ചാണ് ഇത്രയും കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയതായി പ്രചരിപ്പിക്കുന്നതെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്ഥാപനം വ്യക്തമാക്കി.