Connect with us

Kannur

രോഗനിയന്ത്രണത്തിന് ഭീഷണിയായി മോണരോഗം വര്‍ധിക്കുന്നു

Published

|

Last Updated

കണ്ണൂര്‍: പ്രമേഹരോഗികളില്‍ മോണരോഗം വര്‍ധിച്ചുവരുന്നത് രോഗ നിയന്ത്രണത്തിന് ഭീഷണിയായി മാറുന്നു. ഇന്ത്യയില്‍ പ്രമേഹരോഗികളില്‍ മോണരോഗം വ്യാപകമായി മാറുകയാണെന്നാണ് സമീപകാല പഠനങ്ങള്‍ തെളിയിക്കുന്നത്. പ്രമേഹ രോഗികളില്‍ വലിയ ആരോഗ്യപ്രശ്‌നമായി മോണരോഗങ്ങള്‍ മാറിയിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ദന്തരോഗം മോണരോഗ (പെരിയോഡോണ്ടല്‍ ഡിസീസ്) മാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. 25 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ മോണരോഗം കണ്ടുവരുന്നുണ്ട്. പല്ല് അകാലത്തില്‍ കൊഴിഞ്ഞുപോകുന്നതിനും കാരണമിതാണ്. ഗുരുതരമായ മോണവീക്കവും മോണപഴുപ്പും ചികിത്സിക്കാതെ വെച്ചാല്‍ ഹൃദയം, പാന്‍ക്രിയാസ് തുടങ്ങിയ ആന്തരാവയവങ്ങളെയും അസ്ഥിയെയും ബാധിക്കുമെന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ദന്തരോഗ വിഭാഗം മേധാവി ഡോ സി പി ഫൈസല്‍ പറയുന്നു. ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗങ്ങള്‍, കാലിനുള്ള മുറിവ് എന്നിവക്കൊപ്പം പ്രമേഹരോഗികളില്‍ മോണരോഗങ്ങളും കൂടുതലായി കണ്ടുവരുന്നുണ്ട്. ദന്ത-വായ ശുചിത്വത്തിന് പ്രമേഹരോഗികള്‍ പ്രത്യേക പ്രാധാന്യം നല്‍കണമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഡോ സി പി ഫൈസല്‍ പറഞ്ഞു. ഫഌറൈഡ് കലര്‍ന്ന ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ദിവസം രണ്ട് തവണയെങ്കിലും ബ്രഷ് ചെയ്യുന്നത് ദന്തക്ഷയം കുറക്കാന്‍ കാരണമാകുമെന്ന് ദന്തരോഗവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ശുചിത്വത്തിന് വളരെ പ്രാധാന്യം നല്‍കുന്നവരാണ് മലയാളികളെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ദന്തരോഗങ്ങള്‍ക്കും വായ ശുചിത്വത്തിനും പൊതുവെ വലിയ ഗൗരവം നല്‍കുന്നില്ലെന്നാണ് വ്യക്തമാകുന്നത്. കേരളത്തില്‍ ദന്തരോഗങ്ങള്‍ കൂടിവരുന്നത് സൂചിപ്പിക്കുന്നത് ഇതാണ്.

ഗര്‍ഭിണികളില്‍ മോണരോഗങ്ങള്‍ ഉണ്ടാകുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ തൂക്കക്കുറവിന് കാരണമാകുന്നുണ്ടെന്ന് തെളിയിക്കപ്പെട്ടതാണ്. ഗര്‍ഭിണികളില്‍ മറ്റ് പല അവസ്ഥകള്‍ക്കും ദന്തരോഗങ്ങള്‍ ഇടയാക്കുന്നുണ്ട്.
പല്ലുകള്‍ക്ക് രോഗം പിടിപെടുകയോ അവയില്‍ ഒന്നില്ലാതാകുകയോ ചെയ്യുന്നത് ശരീരത്തിന്റെ സമീകൃതമായ പ്രവര്‍ത്തനത്തെ താളം തെറ്റിക്കും. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളുടെ പ്രവര്‍ത്തനത്തെയും ഇതുബാധിക്കും. കുട്ടികളില്‍ 60 ശതമാനം പേരുടെയും പല്ലുകള്‍ക്ക് ക്ഷയം സംഭവിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. മധുര പദാര്‍ത്ഥങ്ങളുടെ ഉപയോഗം തന്നെയാണ് കുട്ടികളിലെ ദന്തക്ഷയത്തിന് പ്രധാനകാരണം. ലെയ്‌സ്, കുര്‍കുറെ തുടങ്ങിയ ചിപ്‌സുകള്‍ കുട്ടികളിലെ ദന്തരോഗത്തിനും പല്ല് കൊഴിയുന്നതിനും പ്രധാന കാരണമാണ്. കുഞ്ഞിനെ പാല്‍ക്കുപ്പി വഴി പാലൂട്ടുന്നത് കുഞ്ഞിന്റെ പല്ലുകള്‍ പ്രത്യേകിച്ച് മേല്‍ താടിയിലേത് പാലില്‍ മുങ്ങിയിരിക്കുന്നതിനും ഇത് പല്ലുകള്‍ മുഴുവന്‍ ദ്രവിക്കാനിടവരുത്തുകയും ചെയ്യും.
മോണരോഗം ഉമിനീരിലൂടെ മറ്റൊരാളിലേക്ക് പകരാന്‍ സാധ്യതയുണ്ടെന്നതിനാല്‍ മോണരോഗമുള്ളവര്‍ കുഞ്ഞിനെ ഉമ്മവെക്കുന്നത് സൂക്ഷിക്കണമെന്നാണ് ദന്തരോഗവിദഗ്ധരുടെ അഭിപ്രായം. കുടുംബത്തില്‍ ഒരാള്‍ക്ക് മോണരോഗമുണ്ടെങ്കില്‍ എല്ലാവരും പരിശോധന നടത്തുന്നതും നല്ലതാണ്. കുട്ടികളിലെ ദന്തരോഗങ്ങള്‍ കണ്ടില്ലെന്ന് നടിക്കാതെ കൃത്യസമയത്ത് ചികിത്സിച്ച് മാറ്റേണ്ടത് ശരീരത്തിന്റെ മൊത്തമായ ആരോഗ്യത്തിന് ആവശ്യമാണ്. ഒന്നില്‍ കൂടുതല്‍ പല്ലുകള്‍ക്ക് ഇടക്കിടെ പഴുപ്പ് വരികയും ഇളക്കം കാണുകയുമാണെങ്കില്‍ മറ്റ് അസുഖങ്ങളുടെ ലക്ഷണങ്ങളുമാവാം. രക്താര്‍ബുദം, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ ആദ്യലക്ഷണമാവാനും സാധ്യതയുണ്ട്.
മോണവീക്കത്തിന് പല കാരണങ്ങളുണ്ടെങ്കിലും പ്രധാന കാരണം വായ വൃത്തിയാക്കുന്നതിലുള്ള അവഗണന തന്നെയാണെന്ന് ദന്തരോഗ വിദഗ്ധര്‍ പറയുന്നു. പല്ലിനിടയില്‍ അവശേഷിക്കുന്ന ഭക്ഷണ ശകലങ്ങളും ബാക്ടീരിയകളും ഉമിനീരിലെ ലവണങ്ങളും ചേര്‍ന്ന് കാല്‍ക്കുലസ് എന്ന നിക്ഷേപത്തിന് രൂപം നല്‍കുന്നു. മോണവീക്കം ആദ്യഘട്ടത്തില്‍ തന്നെ നിയന്ത്രിച്ചില്ലെങ്കില്‍ അത് സാവധാനം വ്യാപകമാവുകയും പല്ലിനെ എല്ലിനോടുറപ്പിച്ചിരിക്കുന്ന പെരിയോ ഡോണ്ടല്‍ ലിഗ്‌മെന്റിനെയും ക്രമേണ അസ്ഥിയെയും ബാധിക്കും. പല്ലിനെ നിസ്സാരമായി കാണുന്നത് ഇനിയെങ്കിലും ഒഴിവക്കിയാല്ലെങ്കില്‍ പല ഗുരുതര രോഗങ്ങളെയും ക്ഷണിച്ച് വരുത്തുകയാവുമത് കൊണ്ട് ഇടയാവുകയെന്ന് ദന്തരോഗ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Latest