Connect with us

Wayanad

മോഷണം: അന്വേഷണം ഊര്‍ജിതം

Published

|

Last Updated

വെള്ളമുണ്ട: കോറോം കുട്ടപ്പാറയില്‍ കഴിഞ്ഞ ദിവസം മോഷണം നടത്തിയത് സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുന്നു. 59 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും, ഒരുലക്ഷത്തിലധികം രൂപയുമാണ് വള്ളുവശ്ശേരി ഇബ്രാഹിമിന്റെ വീട്ടില്‍ സൂക്ഷിച്ച സ്യൂട്ട്‌കേസില്‍ നിന്നും മോഷണം പോയത്. നാലുമാസം മുന്‍പ് ഇബ്രാഹിമിന്റെ വീടിനോട് ചേര്‍ന്ന ക്വാര്‍ട്ടേഴ്‌സില്‍ ഒരുകുടുംബം മുറിയെടുത്ത് താമസം തുടങ്ങിയിരുന്നു. മുട്ടില്‍ സ്വദേശി ജലാല്‍ എന്നായിരുന്നു ഇയാള്‍ പേര് നല്‍കിയിരുന്നത്. വീട്ടുകാരുമായി ഇവര്‍ നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇബ്രാഹിമിന് പുറമെ ഭാര്യയും മകന്റെ ഭാര്യയും മകളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മകന്‍ സൗദി അറേബ്യയിലെ മക്കയിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ മാസമാണ് മകന്റെ ഭാര്യയും മക്കളും സൗദിയില്‍ നിന്നും നാട്ടിലെത്തിയത്. ഇവരുടെ സ്വര്‍ണ്ണത്തിന്റെയും പണത്തിന്റെയും മുഴുവന്‍ വിവരങ്ങളും ഇവ സൂക്ഷിക്കുന്ന സ്ഥലവുമെല്ലാം ജലാലിന്റെ ഭാര്യയ്ക്ക് വ്യക്തമായി അറിയാവുന്നതായി വീട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച്ച ജലാലും ഭാര്യയും വീട്ടില്‍ ദീര്‍ഘനേരം ചെലവഴിച്ചിരുന്നു. അന്ന് വൈകുന്നേരത്തോടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും മുങ്ങുകയും ചെയ്തതായാണ് പോലീസിന് ലഭിച്ച വിവരം. ഞായറാഴ്ച്ചാണ് ആഭരണവും പണവുമടങ്ങിയ ബാഗ് നഷ്ടപ്പെട്ട വിവരം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ വെള്ളമുണ്ട പോലീസില്‍ പരാതി നല്‍കി.

Latest