Connect with us

National

പൂനെയില്‍ മണ്ണിടിച്ചിലില്‍ 18 മരണം

Published

|

Last Updated

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിലുണ്ടായ മണ്ണിടിച്ചിലില്‍ 18 പേര്‍ മരിച്ചു. 200ഓളം പേര്‍ മണ്ണിനടിയല്‍പ്പെട്ടതായി സൂചനയുണ്ട്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പ്രദേശത്തെ നാല്‍പ്പതോളം വീടുകള്‍ മണ്ണിടിഞ്ഞു വീണ് പൂര്‍ണമായും തകര്‍ന്നു. അംബിഗാവ് താലൂക്കില്‍പ്പെട്ട മലിന്‍ ഗ്രാമത്തില്‍ ബുധനാഴ്ച്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. പ്രദേശത്തെ രണ്ട് തടാകങ്ങള്‍ കവിഞ്ഞൊഴുകിയതിനു പിന്നാലെയായിരുന്നു മണ്ണിടിച്ചില്‍.

അപകടം നടന്നയുടനെ ജില്ലാ ഭരണകൂടം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കേന്ദ്ര ദുരിതാശ്വാസ സേനയും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. അപകടത്തെ തുടര്‍ന്ന് താറുമാറായ വാര്‍ത്താവിനിമയ സംവിധാനം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്.

മഴമൂലം രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സം നേരിടുന്നതായി ജില്ലാ കലക്ടര്‍ സൗരവ് റാവു അറിയിച്ചു. പൂനെയിലും പരിസരത്തും കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. ഇതു കാരണം ഭൂമിയിലേക്ക് അമിതമായി വെള്ളം ഇറങ്ങിയതാണ് മണ്ണിടിച്ചിലിന് ഇടയാക്കിയതെന്നാണ് കരുതുന്നത്. അപകടം നടന്ന സ്ഥലം ഉള്‍പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടെ എത്തിച്ചേരുന്നതിന് ഏറെ തടസ്സങ്ങള്‍ ഉണ്ടായിരുന്നു. വാര്‍ത്താവിതരണ സംവിധാനങ്ങള്‍ പാടേ തകര്‍ന്നതും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മാഞ്ചര്‍ താലൂക്ക് ആസ്ഥാനത്തും പൂനെയിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.