Connect with us

Palakkad

ഡോക്ടറായി നടിച്ച് സ്ത്രീകളുടെ ആഭരണം മോഷ്ടിച്ചയാള്‍ പിടിയില്‍

Published

|

Last Updated

കോയമ്പത്തൂര്‍: ഡോക്ടറായി നടിച്ച് ആശുപത്രികളില്‍ കഴിഞ്ഞ സ്ത്രീകളുടെ ആഭരണങ്ങള്‍ മോഷ്ടിച്ചയാളെ പ്രത്യേക പോലീസ് സംഘം നാസിക്കില്‍ അറസ്റ്റു ചെയ്തു.
കര്‍ണാടക ഹൂബ്ലിയില്‍ രാജേഷ് അര്‍ജുന്‍ പരസ്‌കലെ(28)യാണ് അറസ്റ്റിലായത്. ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്ന സ്ത്രീകളെ സമീപിക്കുന്ന രാജേഷ് അര്‍ജുന്‍ കഴുത്തില്‍ ഇഞ്ചക്ഷന്‍ എടുക്കണമെന്നു പറഞ്ഞ് രോഗിയുടെ കൂടെയുള്ളവരെ സൂത്രത്തില്‍ മുറിയില്‍നിന്നു പുറത്താക്കും.
പിന്നീട് രോഗിയോട് അവര്‍ അണിഞ്ഞിരിക്കുന്ന ആഭരണങ്ങള്‍ അഴിച്ച് തലയിണക്കടിയില്‍ സൂക്ഷിക്കാന്‍ ആവശ്യപ്പെടും. ഇഞ്ചക്ഷന്‍ നല്‍കിയ ശേഷം രാജേഷ് അര്‍ജുന്‍ മുറിയില്‍ നിന്നു പുറത്തു പോയതില്‍ പിന്നീട് സ്ത്രീകള്‍ ആഭരണങ്ങള്‍ നോക്കുമ്പോഴാണ് അവ നഷ്ടപ്പെട്ടതായി അറിയുക. കോയമ്പത്തൂരില്‍ മൂന്നു സ്വകാര്യ ആശുപത്രികളില്‍ രാജേഷ് അര്‍ജുന്‍ ഇത്തരത്തില്‍ തട്ടിപ്പു നടത്തി 42 പവന്‍ കവര്‍ന്നിരുന്നു.
ആശുപത്രികളില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളില്‍ രാജേഷ് അര്‍ജുനന്റെ രൂപം പതിഞ്ഞിരുന്നു. തുടര്‍ന്നു സിറ്റി പൊലീസ് കമ്മിഷണര്‍ എ കെ വിശ്വനാഥന്റെ നിര്‍ദ്ദേശത്തില്‍ അന്വേഷണം നടത്തിയ പ്രത്യേക പൊലീസ് സംഘമാണ് ഇയാളെ മുംബൈ നാസിക്കിലെ ഒരു വീട്ടില്‍ നിന്ന് അറസ്റ്റു ചെയ്തത്.
വിമാനത്തിലെത്തി ലോഡ്ജില്‍ താമസിച്ച് ആശുപത്രികള്‍ സന്ദര്‍ശിച്ച് ഇരകളെ കണ്ടെത്തി തട്ടിപ്പു നടത്തിയ ശേഷം തിരിച്ചു പോവുകയായിരുന്നത്രെ പതിവ്. പത്താം ക്ലാസ് വരെ പഠിച്ച രാജേഷ് അര്‍ജുന്‍ വിവാഹിതനാണ്.