Connect with us

National

എ ജിയുടെ നിയമോപദേശം രാഷ്ട്രീയ യജമാനന്‍മാരെ സന്തോഷിപ്പിക്കാനെന്ന്

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്തിന് അര്‍ഹതയില്ലെന്ന അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം രാഷ്ട്രീയ യജമാനന്‍മാരെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണെന്ന് കോണ്‍ഗ്രസ്. എ ജി. മുകുള്‍ റോഹ്തഗിയുടെ അഭിപ്രായത്തിന് അത് എഴുതിയ കടലാസിന്റെ വില പോലുമില്ല. രാഷ്ട്രീയ യജമാനന്‍മാരെ തൃപ്തിപ്പെടുത്തും വിധം നിയമോപദേശം നല്‍കിയത് ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ വാര്‍ത്താ ലേഖകരോട് പറഞ്ഞു. പ്രതിപക്ഷ നേതൃ സ്ഥാനം സംബന്ധിച്ച് ഏത് നിയമമാണ് എ ജി പരിഗണിച്ചതെന്ന് വ്യക്തമല്ല. ഇത്തരം ഉപദേശം നല്‍കും മുമ്പ് ഇതു സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും മനസ്സിലാക്കണമായിരുന്നു. എ ജി എന്ന സ്ഥാപനത്തെ തന്നെ കളങ്കപ്പെടുത്തുകയാണ് റോഹ്തഗി ചെയ്തതെന്നും ശര്‍മ കുറ്റപ്പെടുത്തി.
543 അംഗ ലോക്‌സഭയില്‍ പത്ത് ശതമാനം അംഗബലമുള്ള രണ്ടാമത്തെ വലിയ പാര്‍ട്ടിയുടെ നേതാവിനേ പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാനാകൂവെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്. ഇതുപ്രകാരം 55 സീറ്റുകള്‍ വേണം. എന്നാല്‍ കോണ്‍ഗ്രസിന് 44 സീറ്റുകളേ ഉള്ളൂ. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാനാകില്ലെന്നാണ് റോഹ്തഗി സ്പീക്കര്‍ സുമിത്ര മഹാജന് കൈമാറിയ നിയമോപദേശത്തില്‍ പറയുന്നത്. ഇതിന് വിപരീതമായി കീഴ്‌വഴക്കങ്ങള്‍ ഇല്ലെന്നും എ ജി വ്യക്തമാക്കുന്നു.
എന്നാല്‍ സ്പീക്കറില്‍ ആവശ്യമില്ലാത്ത സമ്മര്‍ദം ചെലുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ അവരെ വിടുകയാണ് വേണ്ടതെന്നും ശര്‍മ പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം നിഷേധിച്ചാല്‍ കോടതിയെ സമീപിച്ചേക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഒരു പാര്‍ട്ടിക്ക് 10 ശതമാനം സീറ്റ് വേണമെന്ന് നിയമത്തില്‍ ഒരിടത്തും പറയുന്നില്ല. 1977ല്‍ പാസ്സാക്കി 2003ല്‍ ഭേദഗതി ചെയ്ത നിയമത്തില്‍ പറയുന്നത് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പ്രതിപക്ഷ പാര്‍ട്ടിക്ക് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കണമെന്നാണ്- ആനന്ദ് ശര്‍മ പറഞ്ഞു.

---- facebook comment plugin here -----

Latest