Connect with us

Editorial

മതേതര വായില്‍ ഫാസിസം കുത്തിക്കയറ്റുന്നവര്‍

Published

|

Last Updated

മതേതര ഇന്ത്യക്കേറ്റ ആഴമേറിയ മുറിവാണ് മഹാരാഷ്ട്ര സദനില്‍ ഈ മാസം 17ന് സംഭവിച്ചത്. സദനില്‍ താമസിക്കുന്ന ശിവസേനക്കാരായ പതിനൊന്ന് എം പിമാര്‍ ചേര്‍ന്ന് വ്രതമനുഷ്ഠിച്ച കാറ്റഗറിംഗ് സൂപ്പര്‍ വൈസര്‍ അര്‍ഷാദിനെ നിര്‍ബന്ധപൂര്‍വം ചപ്പാത്തി കഴിപ്പിക്കുകയായിരുന്നു. മഹരാഷ്ട്രാ രീതിയുള്ള ഭക്ഷണം നല്‍കാത്തതിലുള്ള പ്രതിഷേധം അറിയിക്കാനായി കാറ്റഗറിംഗ് സൂപ്പര്‍ വൈസര്‍ മുസ്‌ലിമാണെന്നറിയാതെയാണ് ചപ്പാത്തി കഴിപ്പിച്ചതെന്നാണ് ശിവസേന എം പിമാരുടെ ന്യായീകരണമെങ്കിലും അര്‍ഷാദ് അത് നിഷേധിക്കുന്നുണ്ട്. യൂനിഫോമിലെ ടാഗില്‍ നിന്ന് തന്റെ പേര് എം പിമാര്‍ മനസ്സിലാക്കിയിരുന്നുവെന്നും മുസ്‌ലിമാണെന്നറിഞ്ഞു കൊണ്ടു തന്നെയാണ് ചപ്പാത്തി തീറ്റിച്ചതെന്നും സദന്‍ കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ അദ്ദേഹം വ്യക്തമാക്കുന്നു. സദനിലെ മറ്റു ജീവനക്കാരുടെയും അതിഥികളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലാണ് അതിക്രമം നടന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ശിവസേനാ എം പി രാജന്‍ വിജാരെ അര്‍ഷാദിനെ പിടിച്ചുവെച്ചു വായില്‍ ചപ്പാത്തി തിരുകുന്നതിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തു വിടുകയുമുണ്ടായി. പ്രശ്‌നം ഇവിടം കൊണ്ടവസാനിക്കുന്നില്ല. ഒരു മതത്തെ അവഹേളിക്കുകയും മതനിരപേക്ഷതക്ക് ക്ഷതമേല്‍പിക്കുകയും ചെയ്ത ഈ സംഭവം പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷ എം പിമാര്‍ ബഹളം വെച്ചപ്പോള്‍, “ഇത് ഹിന്ദുസ്ഥാനാണ്, പാക്കിസ്ഥാനല്ലെ”ന്ന് ആക്രോശിച്ച് ബി ജെ പി. എം പി രമേശ് ബിദൂരി പ്രതിപക്ഷത്തിനുനേരെ പാഞ്ഞടുക്കുകയുമുണ്ടായി.
സദനില്‍ എം പിമാര്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷണം മോശമാണെങ്കില്‍ പ്രതിഷേധിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ അത് ഒരു മുസ്‌ലിമായ ജീവനക്കാരനെ റമസാന്‍ കാലത്ത് നര്‍ബന്ധപൂര്‍വം ചപ്പാത്തി കഴിപ്പിച്ചു കൊണ്ടാകുമ്പോള്‍ കേവല പ്രതിഷേധത്തിനപ്പുറം ചില മാനങ്ങള്‍ കൂടി അതിനുണ്ടെന്ന് വ്യക്തം. ശിവസേനയുടെ മുസ്‌ലിംവിരോധവും വംശവെറിയും പ്രസിദ്ധമാണ്. ഈ സംഭവത്തില്‍ അതാണ് മുഴച്ചു കാണുന്നതും. ഇത് ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ്. മതസ്വാതന്ത്ര്യം മൗലികാവകാശമായി പ്രഖ്യാപിച്ച രാജ്യമാണ് ഇന്ത്യ. ഒരു വ്യക്തി മതപരമായ തന്റെ വിശ്വാസത്തില്‍ അടിയുറച്ചുനില്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ഇന്ത്യയുടെ മുഖമുദ്രയായ നാനാത്വത്തില്‍ ഏകത്വത്തിനെതിരാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരുടെ മതവിശ്വാസത്തിനെതിരെ മാത്രമല്ല, ഭരണഘടനയുടെ സത്തക്കു നേരെയുള്ള ആക്രമണം കൂടിയാണ്.
ആദര്‍ശങ്ങളില്‍ ധ്രുവാന്തരങ്ങളിലെങ്കിലും മാനുഷിക ബന്ധങ്ങള്‍ക്ക് വില കല്‍പിക്കുന്നവയാണ് രാജ്യത്തെ മതങ്ങളെല്ലാം. സൗഹാര്‍ദപരമായാണ് മതവിശ്വാസികള്‍ ഇവിടെ ജീവിച്ചുവന്നത്. മതങ്ങളല്ല, മത വര്‍ഗീയതയാണ് സമീപ കാലത്ത് രാജ്യത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. എന്നാല്‍ മതവര്‍ഗീയതയുടെ അടിവേരുകളിലേക്ക് ചെന്നിറങ്ങിയാല്‍ കേവലം തെറ്റദ്ധാരണകളാണ് അതിന് പിന്നിലെന്ന് കാണാം. ഇസ്‌ലാമും മുസ്‌ലികളും ഇന്ത്യയിലും ആഗോളതലത്തിലും ഏറെ തെറ്റിദ്ധരിക്കപ്പെട്ട മതവും അനുയായികളുമാണ്. തീവ്രപരമാണ് ഇസ്‌ലാമിന്റെ നിലപാടുകളെന്നും മുസ്‌ലിംകള്‍ ഇതര മതങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്നവരാണെന്നുമാണ് പലരുടെയും ധാരണ. ഇത്തരക്കാര്‍ ഇസ്‌ലാമിനെക്കുറിച്ചു കൂടുതല്‍ പഠിക്കേണ്ടിയിരുന്നു. തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും വഴി തെറ്റിയ ഏതാനും പേരെ മുന്‍വെച്ചു ഒരു മതത്തെയും വിലയിരുത്തരുത്. ഇസ്‌ലാമിന്റെ ഉദാത്തമായ ആശയങ്ങളും മാനുഷിക കാഴ്ചപ്പാടും സഹിഷ്ണുതാപരമായ നിലപാടുകളും ബോധ്യപ്പെട്ടിട്ടും, അസൂയയുടെയും വംശവെറിയുടെയും പേരില്‍ വിമര്‍ശിക്കുന്നവരും ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരും ഉണ്ടെന്ന കാര്യവും വിസ്മരിക്കാവതല്ല.
മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അഡ്വാനി പറഞ്ഞതു പോലെ സംഭവിക്കന്‍ പാടില്ലാത്തതായിരുന്നു മഹാരാഷ്ട്ര സദനില്‍ അരങ്ങേറിയ അതിക്രമവും ഇസ്‌ലാമിക നിന്ദയും. ഇത് അറിയാതെ സംഭവിച്ചതാണെന്ന ശിവസേന എം പിമാരുടെ വാദം ശരിയെങ്കില്‍ അവര്‍ പരസ്യമായി മാപ്പ് പ്രകടിപ്പിക്കേണ്ടതായിരുന്നു. അതിന് സന്നദ്ധമാകാത്ത സാഹചര്യത്തില്‍ പാര്‍ലിമെന്റ് ഒറ്റക്കെട്ടായി അതിനെതിരെ പ്രതിഷേധിക്കുകയും അക്രമികളായ എം പിമാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. അതിന് സന്നദ്ധമാകാതെ പ്രതിഷേധിക്കാനുള്ള അവകാശത്തെയും വര്‍ഗീയമായി ചത്രീകരിക്കാനുള്ള ബി ജെ പി. എം പിമാരുടെ ശ്രമം രാജ്യത്തിന്റെ സത്‌പേരിന് കൂടുതല്‍ കളങ്കമേല്‍പിക്കുകയും കൂടുതല്‍ ഭവിഷ്യത്തുകള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യും.

Latest