Connect with us

Palakkad

കാലവര്‍ഷം: 6 വീടുകള്‍ പൂര്‍ണമായും 128 വീടുകള്‍ ഭാഗികമായും തകര്‍ന്നു; 21.52 ഹെക്ടര്‍ കൃഷിനാശം

Published

|

Last Updated

പാലക്കാട്: ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചക്കാലമായി തിമിര്‍ത്ത് പെയ്യുന്ന മഴയില്‍ 6 വീടുകള്‍ പൂര്‍ണ്ണമായും 128 വീടുകള്‍ഭാഗികമായും തകര്‍ന്നു, കാലവര്‍ഷക്കെടുതിയില്‍ ഒരാള്‍ മരിച്ചു.
ചിറ്റൂര്‍ താലൂക്കിലാണ് 99 കാരി ഒഴുക്കില്‍പ്പെട്ട മരിച്ചത്. ജില്ലയില്‍ മൊത്തം 758,74 മിമീ മഴയാണ് ലഭിച്ചത്.21.52 ഹെക്ടര്‍ കൃഷി നശിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 70.57മി മീ മാത്രം മഴ ലഭിച്ചു. മഴ കനത്ത് പെയ്യുന്നുണ്ടെങ്കിലും ജില്ലയില്‍ മണ്‍സൂണ്‍ ഇതുവരെ ദുര്‍ബലമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്.
ലഭിക്കേണ്ടമഴയേക്കാള്‍ 28 ശതമാനംകുറവ് മഴമാത്രമാണ് ഇക്കുറി പാലക്കാട്ട് പെയ്തത്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം ജൂണ്‍ ഒന്നിനും ജൂലായ് 23നും ഇടയില്‍ പാലക്കാട് ലഭിച്ചത് 758,74 മി.മീ. മഴയാണ്. 2013 ല്‍ ഇത് 1,280.5 മി.മീ. ആയിരുന്നു. കഴിഞ്ഞവര്‍ഷം 45 ശതമാനം അധികമഴ കിട്ടിയസ്ഥാനത്താണ് ഇക്കുറി മഴ 800മി.മീ. എന്ന ശരാശരിപോലും കടക്കാത്തത്.
എന്നാല്‍ രണ്ടുദിവസമായി മഴ തിമിര്‍ത്തുപെയ്യുന്നതുമൂലം പലഭാഗത്തും നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്. മിക്കറോഡുകളും വെള്ളത്തിനടിയിലാണ്ജൂണ്‍ ഒന്നിനും സപ്തംബര്‍ 30നും ഇടയിലാണ് മണ്‍സൂണ്‍ മഴക്കാലം. 881.1 മി മീ ആണ് ജില്ലയില്‍ ലഭിക്കേണ്ടത്. എന്നാല്‍ ആശങ്കപ്പെടാനില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതര്‍ പറയുന്നത്. ഇനിയും കാലവര്‍ഷം കനത്താല്‍ രണ്ടുമാസത്തിനകം വേണ്ട അളവില്‍ മഴ ലഭ്യമാകുമെന്നാണ് കണക്കുകൂട്ടല്‍. വേനല്‍മഴക്കുറവും കാലംതെറ്റിയുള്ളമഴയും കര്‍ഷകരുടെ വിളയിറക്കലിനെ പ്രതികൂലമായി ബാധിച്ചു.
ഡാമുകളിലെ ജലനിരപ്പും കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറവാണ്. മലമ്പുഴഡാമിലെ ജലനിരപ്പ് കഴിഞ്ഞവര്‍ഷത്തേക്കാള്‍ 3.5 മീറ്റര്‍ കുറവാണ്. മലമ്പുഴ, മംഗലംഡാം, ചുള്ളിയാര്‍, പോത്തുണ്ടിഡാം ഷട്ടറുകള്‍ കഴിഞ്ഞവര്‍ഷം തുറന്നുവിട്ടിരുന്നു.
ഇക്കുറി മംഗലംഡാമില്‍ മാത്രമാണ് ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് നാലുഷട്ടര്‍ തുറന്നത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വാളയാര്‍ഡാമിലും ഇത്തവണ ജലനിരപ്പ് കുറവാണ്മലമ്പുഴയില്‍ ജലനിരപ്പ് ഉയരാത്തത് നഗരത്തിലെയും ആറ് സമീപ പഞ്ചായത്തുകളിലെയും കുടിവെള്ളവിതരണത്തിന് ഭീഷണിയാണ്.
മണ്ണാര്‍ക്കാട്: കഴിഞ്ഞ ദിവസങ്ങളിലായി തോരാതെ പെയ്ത മഴയില്‍ കാഞ്ഞിരപ്പുഴ ഡാം നിറഞ്ഞ് കവിഞ്ഞു.
വൈകിയെത്തിയ കാലവര്‍ഷത്തില്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മൂന്ന് ദിവസങ്ങളിലായി തോരാതെ പെയ്യുന്ന മഴയില്‍ ഡാമിലേക്കുളള ചെറുപുഴകളിലെ നീരൊഴുക്ക് വര്‍ദ്ധിക്കുകയും റിസര്‍വെയറിലെ വെളളം പൊടുന്നനെ ഉയര്‍ന്നതുമാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ ഹേതുവായത്. ഈ വര്‍ഷം ആദ്യമായാണ് ഡാമിന്റെ മൂന്ന് ഷട്ടറുകളും ഒന്നിച്ച് തുറക്കുന്നത്. തുറക്കുന്നതിന്റെ മുന്നോടിയായി അധികൃതര്‍ സൂചനാ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏതാനും ദിവസങ്ങള്‍ ഷട്ടറുകള്‍ മൂന്നും തുറന്നിടാനാണ് സാധ്യത. മഴ ശക്തമായി തന്നെ തുടരുകയാണെങ്കില്‍ ഷട്ടറുകള്‍ ദിവസങ്ങള്‍ തുറന്നിടും. മഴ കുറഞ്ഞാല്‍ ഷട്ടറുകള്‍ തുറക്കുന്നതിന്റെ എണ്ണം ക്രമാധീതമായി കുറക്കാനാണ് സാധ്യത.
ചിറ്റൂര്‍: കനത്തമഴയില്‍ വീടിന്റെ ഭിത്തിയിടിഞ്ഞുവീണു. പെരുമാട്ടി കൈതറവ് പരേതനായ ഹനീഫ റാവുത്തരുടെ മകന്‍ അബ്ദുള്‍ സലീമിന്റെ വീടാണ് തകര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.
സലീമും ഭാര്യയും മകളുമാണ് വീട്ടില്‍ താമസിക്കുന്നത്. ഒരു മുറിയും അടുക്കളയും മാത്രമുള്ള വീട് പൂര്‍ണമായി ഇടിഞ്ഞുതകര്‍ന്നു.
ആര്‍ക്കും പരിക്കില്ല. വീട് പൂര്‍ണമായും തകര്‍ന്നതിനാല്‍ സലീമും കുടുംബവും ബന്ധുവീട്ടിലേയ്ക്ക് താമസം മാറ്റിയിരിക്കുകയാണ്.
വടക്കഞ്ചേരി: പകനത്ത മഴ തുടരുന്നു; മംഗലംഡാം മലനിരകളില്‍ മണ്ണിടിച്ചലും മലവെള്ള പാച്ചിലും. മംഗലാംഡാം മലയോര മേഖലയില്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് കുഞ്ചിയാര്‍പതി മലനിരകളിലാണ് ശക്തമായ മണ്ണിടിച്ചല്‍ ഉണ്ടായത്.
കുഞ്ചിയാര്‍പതി ശിവരാമന്‍, നീലിയറ മാത്തുക്കുട്ടി എന്നിവരുടെ പറമ്പിന് മുകളിലാണ് മണ്ണിടിച്ചല്‍ ഉണ്ടായത്. ഇവരുടെ പറമ്പിലൂടെ മലവെള്ളം കുത്തിയൊലിച്ച് ഒഴുകിയതിനെ തുടര്‍ന്ന് നിരവധി കൃഷി സ്ഥലങ്ങളും നശിച്ചിട്ടുണ്ട്. മലവെള്ള പാച്ചിലിനെ തുടര്‍ന്ന് കടപ്പാറ തോടും പോത്തന്‍തോടും നിറഞ്ഞതിനെ തുടര്‍ന്ന് തളികല്ല് ആദിവാസി കോളനിയിലെ 54 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്യുന്ന മഴയില്‍ മേഖയോര മേഖലയില്‍ വ്യാപക കൃഷിനാശം ഉണ്ടായിട്ടുണ്ട്. രണ്ടാംപുഴയില്‍ നിരവധി റബ്ബര്‍ മരം കടപുഴകി വീണു.
രണ്ടാംപുഴ പാലത്തിന്റെ കൈവരികളും തകര്‍ന്നു. കഴിഞ്ഞ വര്‍ഷം കടപ്പാറ മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു. ബുധനാഴ്ച ഉണ്ടായത് മണ്ണിടിച്ചല്‍ തന്നെയാണെന്നാണ് നിഗമനം. മംഗലം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.
കൂറ്റനാട്: കാറ്റിലും മഴയിലും മരക്കൊമ്പ് പൊട്ടിവീണു അംഗന്‍വാടികുട്ടികള്‍ അത്ഭുകരമായി രക്ഷപ്പെട്ടു.
ആനക്കര പഞ്ചായത്തിലെ കുമ്പിടി ഉമ്മത്തൂര്‍ 77 നമ്പര്‍ അംഗന്‍വാടിയില്‍ ഇന്നലെ ഉച്ചക്കാണ് സംഭവം.
.മുറ്റത്ത് നില്‍ക്കുന്ന കാഞ്ഞിരമരത്തിന്റെ കൊമ്പാണ് മുറ്റത്തേക്ക് പൊട്ടി വീണത്. കൊമ്പ് കെട്ടിടത്തിന്റെ മുകളിലേക്ക് വീഴാതിരുന്നത് രക്ഷയായി. വെളളിയാങ്കല്ല് റഗുലേറ്റര്‍ കം ബ്രീഡിജിന്റെ ഷട്ടറുകള്‍ തുറന്നതോടെ പുഴയുടെ താഴ്ഭാഗങ്ങളില്‍ നിള ഇരുകരയും മുട്ടി ഒഴുകാന്‍ തുടങ്ങി.ആനക്കര സെന്ററിലെ പഴയ റോഡ്, കുമ്പിടി റോഡ്, നീലിയാട് മുതല്‍ ആനക്കരവരെയുളള റോഡ്, വടക്കത്ത്പ്പടി മേപ്പാടം റോഡ് എന്നിവിടങ്ങളിലെല്ലാം വെളളം മൂടിയിരിക്കുകയാണ്.

---- facebook comment plugin here -----

Latest