Connect with us

National

സര്‍ക്കാര്‍ മൗനം പാലിക്കുന്നുവെന്ന് പ്രതിപക്ഷം

Published

|

Last Updated

ശിവസേന എം പി രാജന്‍ വിചാരെ മുസ്‌ലിം ജീവനക്കാരനെ
ബലം പ്രയോഗിച്ച് ചപ്പാത്തി കഴിപ്പിക്കുന്ന വീഡിയോ ദൃശ്യം

ന്യൂഡല്‍ഹി: മഹാരാഷ്ട്രാ സദനില്‍ ശിവസേന എം പിമാര്‍ മുസ്‌ലിം ഉദ്യോഗസ്ഥന്റെ റമസാന്‍ വ്രതം മുടക്കാന്‍ ശ്രമിച്ച സംഭവം പാര്‍ലിമെന്റിന്റെ ഇരു സഭകളെയും പ്രക്ഷുബ്ധമാക്കി. ലോക്‌സഭയില്‍ പ്രതിപക്ഷ എം പിമാരാണ് വിഷയം ഉന്നയിച്ചത്. ശൂന്യവേളയില്‍ കേരളത്തില്‍ നിന്നുള്ള അംഗം എം ഐ ഷാനവാസാണ് വിഷയം ഉന്നയിച്ചത്. ആര്‍ ജെ ഡി, എസ് പി, എ ഐ എം ഐ എം, ടി എം സി, ജെ ഡി യു അംഗങ്ങള്‍ സംഭവത്തില്‍ പ്രതിഷേധിച്ചു. വിഷയം സഭയില്‍ കൈയാങ്കളിയുടെ വക്കോളമെത്തി. ആര്‍ ജെ ഡി നേതാവ് പപ്പു യാദവ്, എ ഐ എം ഐ എം നേതാവ് അസദുദ്ദിന്‍ ഉവൈസി എന്നിവര്‍ മുദ്രാവക്യം വിളിച്ചത് ബി ജെ പി അംഗം രമേഷ് ബിധുരിയെ ചൊടിപ്പിച്ചു. ഇരുവര്‍ക്കും നേരെ ബിധുരി അടുത്തതോടെ മറ്റ് അംഗങ്ങള്‍ ഇടപെട്ട് സ്ഥിതി ശാന്തമാക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് 15 മിനിട്ടോളം സഭാനടപടികള്‍ നിര്‍ത്തിവെച്ചു. പിന്നീട് ബിധുരി ഖേദം പ്രകടിപ്പിച്ചു.
ശിവസേനാ എം പിമാരുടെ നടപടി മതനിരപേക്ഷതയുടെ നഗ്നമായ ലംഘനമാണെന്ന് വിഷയം അവതരിപ്പിക്കവേ ഷാനവാസ് പറഞ്ഞു. ജോലിക്കാരന്‍ ഏത് മതത്തില്‍ പെട്ടയാളാണെന്ന് അറിയില്ലായിരുന്നുവെന്ന എം പിമാരുടെ മറുപടി തെറ്റാണെന്നും ജോലിക്കാരന്‍ യൂനിഫോമില്‍ പേരെഴുതിയ ടാഗ് കുത്തിയിരുന്നുവെന്നും “അര്‍ഷാദ്” എന്ന് ടാഗില്‍ പേരുണ്ടായിരുന്നതായും ഷാനവാസ് ചൂണ്ടിക്കാട്ടി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഷാനവാസ് ആവശ്യപ്പെട്ടു.
എം പിമാരുടെ നടപടി മതേതര ഇന്ത്യക്കേറ്റ മുറിവാണെന്നും വിഷയം ഗൗരവമായി കാണണമെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ നിശബ്ദത പാലിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വിഷയവുമായി ബന്ധപ്പെട്ട് തങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങളെ സര്‍ക്കാര്‍ നിരാകരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
ശിവസേന എം പിമാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. കോണ്‍ഗ്രസ് ചീഫ് വിപ്പ് കെ സി വേണുഗോപാലാണ് അംഗങ്ങള്‍ ഒപ്പിട്ട കത്ത് സ്പീക്കര്‍ക്ക് കൈമാറിയത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യ വ്യാപകമായി നടക്കുന്ന അവഹേളനത്തിന്റെ തുടര്‍ച്ചയാണ് മഹാരാഷ്ട്ര സദനിലുണ്ടായിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശിവസേനാ അംഗങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, താരിഖ് അന്‍വര്‍, ജയ്പ്രകാശ് നാരായന്‍ യാദവ്, പി കരുണാകരന്‍, എന്‍ കെ പ്രേമചന്ദ്രന്‍, ഇ ടി മുഹമ്മദ് ബഷീര്‍, ജോസ് കെ മാണി എന്നിവര്‍ കത്തില്‍ ഒപ്പുവെച്ചു.
ജീവനക്കാരനെതിരെ എം പിമാര്‍ നടത്തിയത് കുറ്റകരമായ പ്രവര്‍ത്തിയാണെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു വ്യക്തമാക്കി. ജീവനക്കാരന്‍ തനിക്ക് റമസാന്‍ വ്രതമാണെന്ന് പറഞ്ഞിട്ടും എം പി എന്തുകൊണ്ട് പിന്മാറിയില്ലെന്ന് കട്ജു ആശ്ചര്യപ്പെട്ടു.

 

Latest