ഇസ്‌റാഈലിനെ പിന്തിരിപ്പിക്കാന്‍ ശ്രമം ശക്തം

Posted on: July 24, 2014 12:25 am | Last updated: July 24, 2014 at 12:25 am
1406106904318_wps_52_TOPSHOTS_A_Palestinian_ch
ബൈത് ലാഹിയയിലെ കമാല്‍ അദ്‌വാന്‍ ആശുപത്രിയില്‍ പരുക്കേറ്റ് നിലവിളിക്കുന്ന പെണ്‍കുഞ്ഞ്.

**മരണം 649 ആയി_

**യുദ്ധക്കുറ്റമായി കണക്കാക്കുമെന്ന് യു എന്‍

ഗാസ സിറ്റി/ ജറൂസലം: #ഗാസ മുനമ്പില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തുന്ന കിരാത ആക്രമണം അവസാനിപ്പിക്കാന്‍ യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെയും യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെയും നേതൃത്വത്തില്‍ ശ്രമം ഊര്‍ജിതമാക്കി. ഇസ്‌റാഈലിന്റെ ആക്രമണം 16 ദിവസം പിന്നിട്ടപ്പോള്‍ ഗാസയില്‍ മരിച്ചവരുടെ എണ്ണം 649 ആയി. നാലായിരത്തിലധികം പേര്‍ക്ക് പരുക്കേറ്റു. ഹമാസിന്റെ പ്രത്യാക്രമണത്തില്‍ 29 ഇസ്‌റാഈല്‍ സൈനികരും രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്നലെ ഗാസയിലെ ജനങ്ങള്‍ക്ക് വൈദ്യുതിക്ക് ഏക ആശ്രയമായിരുന്ന പവര്‍ സ്റ്റേഷന്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ തകര്‍ന്നു. ഗാസയില്‍ നിന്നുള്ള ഒരു റോക്കറ്റ് ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണതിനെ തുടര്‍ന്ന് അമേരിക്കയും യൂറോപ്യന്‍ രാഷ്ട്രങ്ങളും വിമാന സര്‍വീസ് നിര്‍ത്തിവെച്ചു. ഇത് ഇസ്‌റാഈലി സാമ്പത്തിക രംഗത്തിന് വന്‍ തളര്‍ച്ചയാണ് ഉണ്ടാക്കുക.
ടെല്‍ അവീവിലെത്തിയ ജോണ്‍ കെറി, ജറൂസലമില്‍ സമാധാനശ്രമങ്ങള്‍ നടത്തുന്ന ബാന്‍ കി മൂണുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഇരുവരും വെവ്വേറെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തി. ശേഷം കെറി റാമല്ലയിലെത്തി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തും. ചില പുരോഗതി ഉണ്ടായതായും വൈകാതെ പൂര്‍ണ വിജയം കൈവരിക്കുമെന്നും കെറി പ്രതികരിച്ചു. രണ്ട് ദിവസം മുമ്പ് ഈജിപ്തുമായി കെറിയും മൂണും ചര്‍ച്ച നടത്തിയിരുന്നു.
അതേസമയം, ഇസ്‌റാഈലിന്റെ നരമേധം യുദ്ധക്കുറ്റമായി പരിഗണിക്കാവുന്നതാണെന്ന് യു എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ നവി പിള്ള പറഞ്ഞു. ജനീവയില്‍ യു എന്‍ മനുഷ്യാവകാശ സമിതിയുടെ അടിയന്തര ചര്‍ച്ചാ സമ്മേളനത്തിനിടെ നവി പിള്ള, ഗാസ മുനമ്പിലെ ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ചു. സാധാരണക്കാരെ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ ഇസ്‌റാഈല്‍ കൈക്കൊണ്ടില്ലെന്ന് നവി പിള്ള കുറ്റപ്പെടുത്തി. ഹമാസിന്റെ ആക്രമണത്തെയും അവര്‍ അപലപിച്ചിട്ടുണ്ട്. ‘അന്താരാഷ്ട്ര നിയമം ലംഘിക്കപ്പെട്ടതിന് സാധ്യത ഏറെയാണ്. ഒരു തരത്തില്‍ ഇത് യുദ്ധക്കുറ്റമായി കണക്കാക്കപ്പെടാവുന്നതാണ്.’ നവി പിള്ള കൂട്ടിച്ചേര്‍ത്തു. ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 74 ശതമാനവും സാധാരണക്കാരാണെന്നും ആശുപത്രികള്‍ പോലും തകര്‍പ്പെട്ടെന്നും യു എന്‍ വിലയിരുത്തി. 44 ശതമാനം സ്ഥലത്തും ഇസ്‌റാഈല്‍ സൈന്യം സഞ്ചാരനിരോധമേര്‍പ്പെടുത്തിയതിനാല്‍ ഗാസയിലെ ജനങ്ങള്‍ക്ക് സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുകയാണ്. കുടുംബത്തിലെ പരമാവധി പേര്‍ രക്ഷപ്പെടാന്‍ വെവ്വേറെ സ്ഥലങ്ങളില്‍ കഴിയുകയെന്ന ഹൃദയഭേദക തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ഗാസയിലെ ജനങ്ങള്‍. യു എന്‍ വിലയിരുത്തി.
അതേസമയം, കിഴക്കന്‍ ഗാസയിലെ ഖാന്‍ യൂനുസില്‍ കനത്ത ആക്രമണമാണ് കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ അഴിച്ചുവിട്ടത്. ഇസ്‌റാഈല്‍ ടാങ്കുകള്‍ ആക്രമണം നടത്തുന്നതിനാല്‍ അതിര്‍ത്തി നഗരമായ ബൈതുല്‍ ഹാനൂനില്‍ നിരവധി പേര്‍ വീടൊഴിഞ്ഞു പോകുന്നുണ്ട്. ഏകദേശം അയ്യായിരം പേര്‍ ഇവിടെ നിന്ന് മാത്രം ഒഴിഞ്ഞുപോയിട്ടുണ്ട്. ഇസ്‌റാഈല്‍ ആക്രമണത്തില്‍ 475 വീടുകള്‍ പൂര്‍ണമായും 2644 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 46 വിദ്യാലയങ്ങളും 56 പള്ളികളും ഏഴ് ആശുപത്രികളും ഇസ്‌റാഈല്‍ സൈന്യം തകര്‍ത്തിട്ടുണ്ട്.