Connect with us

Kannur

ഉള്‍നാടന്‍ ജലഗതാഗത പാതയുടെ പ്രാഥമിക പ്രവൃത്തികളില്‍ അഴിമതിയെന്ന്‌

Published

|

Last Updated

തലശ്ശേരി: മലബാര്‍ മേഖലയെ കീറിമുറിച്ച് കടന്നുപോകാന്‍ നിശ്ചയിച്ച ഉള്‍നാടന്‍ ജലഗതാഗത പാത വഴിയില്‍. ഇതുവരെ നടത്തിയ നിര്‍മാണ പ്രവൃത്തികളില്‍ വ്യാപക അഴിമതി നടന്നതായും സൂചനകള്‍. വളപട്ടണം മമ്മാക്കുന്ന്, കാളി, എരഞ്ഞോളി പുഴകളിലൂടെ കടന്ന് വടകര വരെ നിര്‍മിക്കുന്ന ഭീമന്‍ കനാലിന്റെ പ്രാഥമിക പ്രവൃത്തികളില്‍ അഴിമതി നടന്നുവെന്നാണ് വിവരം. പ്രവൃത്തികളുടെ പൂര്‍ണ വിവരവും ചെലവായ സംഖ്യകളും എന്തെന്നറിയാന്‍ കനാല്‍വിരുദ്ധ സമിതി നേതൃത്വം വിവരാവകാശ കമ്മീഷനെ സമീപിച്ചു. നിര്‍ദിഷ്ട ജലഗതാഗത പാതയില്‍ എരഞ്ഞോളി പുഴക്ക് കുറുകെ കെട്ടുന്ന പുതിയ പാലത്തിന്റെ നിര്‍മാണം അനിശ്ചിതത്വത്തിലായത് ദേശീയ ജലപാതാ വിഭാഗം ഉദ്യോഗസ്ഥരും കരാര്‍ നിര്‍മാണത്തിന് കരാര്‍ ഏറ്റെടുത്ത കോണ്‍ട്രാക്ടറും തമ്മിലുള്ള ഒത്തുകളിയാണെന്ന് പറയപ്പെടുന്നുണ്ട്. മലബാറിലെ ഏറ്റവും വലിയ പാലങ്ങളില്‍ ഒന്നായ വളപട്ടണം പാലത്തിന് അടിയിലൂടെ ബാര്‍ജിന് യാത്ര ചെയ്യാന്‍ കഴിയില്ലെന്നിരിക്കെ ഇവിടേക്കെത്തുന്ന കനാലിലിലൂടെ ചെറുകിട കപ്പല്‍ എങ്ങനെ സഞ്ചരിക്കുമെന്ന ചോദ്യമാണ് കനാല്‍വിരുദ്ധ സമിതി ഉന്നയിക്കുന്നത്.
45- 50 മീറ്റര്‍ വീതിയിലുള്ള കനാല്‍ നിര്‍മിച്ച് ദേശീയ ജലപാത ഒരുക്കുമ്പോള്‍ വളപട്ടണം പുഴക്കരികില്‍ നിലവിലുള്ള റോഡ്, റെയില്‍ പാളങ്ങള്‍ എന്നിവ പൊളിച്ച് പുതിയവ പണിയേണ്ടി വരും. നിലവിലുള്ള അവസ്ഥയില്‍ അസംഭാവ്യമാണിത്. കൂറ്റന്‍ ബാര്‍ജിന് വളപട്ടണം പുഴയിലൂടെ കടന്നുപോകാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരിക്കെ മമ്മാക്കുന്ന്, കാളി, പാറപ്രം പുഴകളില്‍ ചെളി നീക്കി ജലപാതക്കുള്ള പ്രാഥമിക പ്രവൃത്തികള്‍ നടത്തിയതെന്തിനെന്ന ഗൗരവമായ ചോദ്യം പ്രസക്തമാണ്. മൂന്ന് പുഴകളില്‍ ഡ്രഡ്ജിംഗ് നടത്തുന്നതിന് 50 ലക്ഷം രൂപയോളം കരാറുകാരന് നല്‍കിയിട്ടുണ്ടെന്ന് സൂചനയുണ്ട്. കാളി പുഴയില്‍ മാത്രമാണ് ചെളി നീക്കല്‍ നടത്തിയത്. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് എരഞ്ഞോളി, പാറപ്രം പുഴകളില്‍ ഡ്രഡ്ജിംഗ് നടത്താനായിട്ടില്ല.
പ്രവൃത്തി നടത്താതെ ഉദ്യോഗസ്ഥരുടെ ഒത്താശയില്‍ തുക വസൂലാക്കിയെന്നാണ് ആരോപണം. ദേശീയ ജലപാതാ വിഭാഗത്തിന്റെ കൊല്ലത്തുള്ള ഓഫീസ് വഴിയാണ് ക്വട്ടേഷന്‍ ക്ഷണിച്ചതത്രെ. ശ്രീനാരായണ എന്ന കമ്പനിക്കാണ് കരാര്‍ ലഭിച്ചത്. പാലക്കാട്ടെ ഒരു വ്യവസായിയാണ് പ്രസ്തുത കമ്പനിയുടെ ഉടമയെന്നും അറിയുന്നു. ഇതിനിടെ അഴീക്കലില്‍ തുറമുഖ വകുപ്പ് നടത്തുന്ന പ്രവൃത്തികള്‍ പുരോഗമിക്കവെ, ഇവിടെ കപ്പല്‍ ചാലുകള്‍ അന്തിമ ഘട്ടത്തിലാണ്. ഇതോടെ കടല്‍ വഴിയുള്ള യാത്രാ, ചരക്ക് ഗതാഗതം സുഗമമാകും. ഈ ഘട്ടത്തില്‍ നിരവധി കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് ഭീമന്‍ കനാല്‍ നിര്‍മിക്കുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടുകയാണ്. ഇതിനിടെ നിര്‍ദിഷ്ട ഉള്‍നാടന്‍ ജലഗതാഗത പാതയുടെ പഴയ സര്‍വേ മാറ്റി പുതിയത് നടത്തിയതായും അണിയറ സംസാരമുണ്ട്. പ്രസ്തുത സര്‍വേയില്‍ വടകര- ധര്‍മടം കടല്‍ വഴി പാതക്കാണ് ശുപാര്‍ശയെന്നും പറയപ്പെടുന്നു. ഒരിക്കലും വരാനിടയില്ലാത്ത ഭീമന്‍ കനാല്‍ നിര്‍മാണത്തിന്റെ പേരില്‍ തീവെട്ടിക്കൊള്ള നടത്തിയ ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനുമെതിരെ നിയമനടപടികള്‍ക്ക് വിജിലന്‍സില്‍ പരാതിപ്പെടാനും കനാല്‍വിരുദ്ധ സമിതി ആലോചിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest