Connect with us

Ongoing News

കണക്കുകളില്‍ വ്യക്തത വേണമെന്ന് റഗുലേറ്ററി കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: വൈദ്യുതി വാങ്ങിയതിന്റെയും ജീവനക്കാരുടെ ശമ്പളത്തിനായി ചെലവഴിച്ച പണത്തിന്റെയും വിശദമായ കണക്കുകള്‍ ഹാജരാക്കാന്‍ റഗുലേറ്ററി കമ്മീഷന്‍ കെ എസ് ഇ ബിക്ക് നിര്‍ദേശം നല്‍കി. 24 വിഷയങ്ങളില്‍ വ്യക്തത വരുത്തിയാല്‍ മാത്രമേ നിരക്കുവര്‍ധന അംഗീകരിക്കാനാവൂ എന്ന് ചൂണ്ടിക്കാട്ടിയാണ് റഗുലേറ്ററി കമ്മീഷന്‍ ബോര്‍ഡിന് കത്ത് നല്‍കിയത്. 30 ശതമാനം നിരക്ക് വര്‍ധന നിര്‍ദേശിക്കുന്ന താരിഫ് പെറ്റീഷന്‍ കെ എസ് ഇ ബി കഴിഞ്ഞ മെയ് 15ന് റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചിരുന്നു. ഓരോ വര്‍ഷവും നിരക്ക് പുനഃക്രമീകരിക്കണമെന്ന നിയമവ്യവസ്ഥ പാലിക്കുന്നതിന്റെ ഭാഗമായി താരിഫ് പെറ്റീഷന് മേലുള്ള പൊതുതെളിവെടുപ്പ് മൂന്ന് മേഖലകളിലായി റഗുലേറ്ററി കമ്മീഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് വ്യക്തമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ ബോര്‍ഡിന്റെ ചെലവിനത്തിലെ കണക്കുകള്‍ വെട്ടിക്കുറക്കുമെന്നാണ് കമ്മീഷന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 6,993 ജീവനക്കാരെ നിയമിച്ചത് എന്തിനു വേണ്ടിയെന്നതാണ് കമ്മീഷന്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന ചോദ്യം. കമ്പ്യൂട്ടര്‍വത്കരണം നടപ്പാക്കിയപ്പോള്‍ ജീവനക്കാരുടെ എണ്ണം കുറയാനുള്ള സാഹചര്യമുണ്ടെങ്കിലും അത് സംഭവിച്ചിട്ടില്ല. ബില്ലിംഗിന് ഒരുമ, അക്കൗണ്ടിംഗിന് സരസ് എന്നിങ്ങനെ സോഫ്‌ററ്‌വെയര്‍ ഉപയോഗം ബോര്‍ഡില്‍ വ്യാപിപ്പിച്ചു.
ബില്‍ തുക ഓണ്‍ലൈനായി നല്‍കാനും സംവിധാനമായി. എന്നിട്ടും ജീവനക്കാര്‍ കൂടുകയാണുണ്ടായത്. 2006-07ല്‍ 25,894 ജീവനക്കാരാണ് ഉണ്ടായിരുന്നത്. 2007-08ല്‍ ഇത് 25,110 ആയി കുറഞ്ഞു. ഇപ്പോള്‍ 32,103 ജീവനക്കാരാണ് ബോര്‍ഡില്‍ ജോലി ചെയ്യുന്നതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.