Connect with us

Kozhikode

തീരങ്ങളിലെ കപ്പല്‍ പൊളിക്കെതിരെ ജനകീയ സമിതി പ്രക്ഷോഭത്തിനൊരുങ്ങുന്നു

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്തെ തീരദേശങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ കപ്പലുകള്‍ പൊളിച്ചുമാറ്റുന്ന സംഘത്തിനെതിരെ സംയുക്ത ജനകീയ സമിതി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഗുരുതരമായ ജല – പരിസ്ഥിതി മലീനീകരണവും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവെക്കുന്ന കപ്പല്‍പൊളിക്കല്‍ പ്രവൃത്തിക്കെതിരെ അഴീക്കലില്‍ തുടങ്ങിയ സമരം സംസ്ഥാന വ്യാപകമായി നടത്താന്‍ തീരുമാനിച്ചതായി സമര സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കണ്ണൂര്‍ ജില്ലയിലെ അഴീക്കലില്‍ പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കേരള (സില്‍ക്ക്)യുടെ അധീനതയിലുള്ള സ്ഥലത്തെ പുഴയില്‍ നടക്കുന്ന കപ്പല്‍ പൊളിക്കെതിരായ സമരം ആറ് മാസം പിന്നിട്ടിരിക്കുകയാണ്. ജനരോഷത്തെ ഭയന്ന് അഴീക്കലിലേക്ക് വരാനിരുന്ന കപ്പലുകള്‍ ഇപ്പോള്‍ ബേപ്പൂര്‍ തുറമുഖത്തേക്ക് തിരിച്ചുവിട്ടിരിക്കുകയാണ്. ബേപ്പൂര്‍ സില്‍ക്ക് യൂനിറ്റിനോടനുബന്ധിച്ച് നടക്കുന്ന കപ്പല്‍പൊളി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കപ്പല്‍പ്പൊളി വിരുദ്ധ ജനകീയ സമിതിയും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനും വിവിധ പരിസ്ഥിതി – പൗരാവകാശ സംഘടനകളും ചേര്‍ന്ന് പ്രക്ഷോഭം നടത്തും. പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കുന്നതിന്റെ ഭാഗമായി 24ന് കോഴിക്കോട്ട് വിവിധ പൗരാവകാശ – പരിസ്ഥിതി പ്രവര്‍ത്തകരെയും സാമൂഹിക- സാംസ്‌കാരിക മേഖലകളിലുള്ളവരെയും പങ്കെടുപ്പിച്ച് സംസ്ഥാനതല കണ്‍വെന്‍ഷന്‍ നടത്തും.
ഇതിനകം തന്നെ നിരവധി ലോകരാഷ്ട്രങ്ങളില്‍ നിരോധിക്കപ്പെട്ട കപ്പല്‍പൊളി പ്രവൃത്തി സംബന്ധിച്ച് സുപ്രീം കോടതി വ്യക്തമായ മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അവയെല്ലാം ലംഘിച്ചാണ് കേരളത്തിലെ തീരദേശങ്ങളില്‍ കപ്പലുകള്‍ പൊളിക്കുന്നത്. പഴകിയ അസ്ബടോസ്, വിഷലിപ്തമായ പി സി ബി പോലുള്ള രോഗജന്യമായ രാസവസ്തുക്കള്‍ എന്നിവ കപ്പല്‍ പൊളിക്കുന്ന തൊഴിലാളികളെ മാത്രമല്ല സമീപപ്രദേശങ്ങളിലെ മനുഷ്യര്‍, മറ്റു ജീവജാലങ്ങള്‍, ജൈവപ്രകൃതി എന്നിവയെയൊട്ടാകെയാണ് നശിപ്പിക്കുന്നത്. കപ്പല്‍പൊളിക്കല്‍ നടക്കുന്ന പ്രദേശങ്ങളില്‍ നിരവധി മത്സ്യത്തൊഴിലാളികള്‍ക്ക് തൊലിസംബന്ധമായ അസുഖങ്ങള്‍ കാണപ്പെടുന്നതും മത്സ്യസമ്പത്തിന് ഗണ്യമായ കുറവുണ്ടാകുന്നതും ശ്രദ്ധയില്‍പ്പെട്ടതായി ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ കപ്പല്‍പ്പൊളി വിരുദ്ധ ജനകീയ സമിതി ഭാരവാഹി രാജേഷ് വാര്യര്‍, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ മലബാര്‍ മേഖലാ പ്രസിഡന്റ് അബ്ദുല്‍ റാസീഖ്, എസ് മൊയ്തീന്‍കോയ, കെ എം ജിതേഷ്, പ്രമോദ് മണ്ണടത്ത് പങ്കെടുത്തു