Connect with us

Ongoing News

സ്പീക്കറായിരുന്നാലും മണ്ഡലം നോക്കാം: വക്കം

Published

|

Last Updated

തിരുവനന്തപുരം: സ്പീക്കര്‍ സ്ഥാനത്തിരുന്നും മണ്ഡലം നോക്കാന്‍ കഴിയുമെന്നാണ് തന്റെ അനുഭവമെന്ന് മുന്‍ സ്പീക്കറും മുന്‍ ഗവര്‍ണറുമായ വക്കം പുരുഷോത്തന്‍. സ്പീക്കര്‍ സ്ഥാനത്തിരുന്നിട്ടും താന്‍ പാര്‍ട്ടി താത്പര്യം സംരക്ഷിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ജി കാര്‍ത്തികേയന്റെ ആശങ്ക അസ്ഥാനത്താണ്. താന്‍ സ്പീക്കറായിരുന്ന സമയത്ത് തന്റെ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വന്നിട്ടില്ല. അതിനൊരു നിയന്ത്രണം വരുമെന്നത് ശരിയാണ്. എന്നാല്‍ മന്ത്രിമാരോട് മണ്ഡലത്തിന്റെ ആവശ്യങ്ങള്‍ നേരിട്ട് പറഞ്ഞാണ് താനത് മറികടന്നത്. തന്റെ ആവശ്യങ്ങള്‍ അന്നത്തെ ഒരു മന്ത്രിയും തള്ളിക്കളഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ത്തികേയനെ കണ്ടിട്ടല്ല മുഖ്യമന്ത്രി പുനഃസംഘടനാ ചര്‍ച്ച തുടങ്ങിയത്. വ്യാപകമായ അഴിച്ചുപണിക്ക് മുഖ്യമന്ത്രി തയാറാകില്ല. കാര്‍ത്തികേയന് ഇപ്പോള്‍ സംഘടന നേത്യത്വത്തിലേക്ക് വരാനാകുമെന്ന് കരുതുന്നില്ല. ബാര്‍ തര്‍ക്കത്തില്‍ ഒരു നേതാവിന്റെയും പിടിവാശി ശരിയല്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരനെ പരോക്ഷമായി വിമര്‍ശിച്ച് വക്കം സൂചിപ്പിച്ചു. താന്‍ എക്‌സൈസ് മന്ത്രിയായിരുന്നെങ്കില്‍ പൂട്ടിയ 418 ബാറുകളും നേരത്തെ തുറക്കുമായിരുന്നു. ആദര്‍ശപരമായ നിലപാടുകള്‍ രാഷ്ട്രീയത്തിന് ആവശ്യമാണ്. എന്നാല്‍ അത് പ്രയോഗികം ആണോയെന്ന് കൂടി പരിശോധിക്കണം. അല്ലാത്തപക്ഷം ആദര്‍ശത്തിന് അയവുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. 2004ല്‍ തന്നെ മുഖ്യമന്ത്രിയാക്കാന്‍ ആലോചിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. അന്നു സ്വയം പിന്മാറിയിരുന്നില്ലെങ്കില്‍ ദൂരവ്യാപക ഫലമുണ്ടായേനേ. മുഖ്യമന്ത്രിയാക്കാനുള്ള ആലോചനയില്‍ കരുണാകരന്റെ പിന്തുണ തനിക്കായിരുന്നു. കരുണാകരനും ഹൈക്കമാന്‍ഡും അന്നു നല്ല ബന്ധത്തിലല്ലായിരുന്നു. തന്നെ പിന്തുണച്ച് കരുണാകരന്‍ പരസ്യമായി പ്രസ്താവനയിറക്കി. എന്നാല്‍, കരുണാകരന്റെ അടുത്ത യുദ്ധത്തിന്റെ കരുവാകാന്‍ താന്‍ ആഗ്രഹിച്ചില്ലെന്നും വക്കം കൂട്ടിച്ചേര്‍ത്തു.