അവര്‍ക്കും മലബാറിനെ കണ്ടുകൂടാ

Posted on: July 19, 2014 6:00 am | Last updated: July 18, 2014 at 9:34 pm

മലബാറിന്റെ പിന്നാക്കാവസ്ഥ എക്കാലത്തും അതേപടി തുടരണമെന്ന് നിര്‍ബന്ധമുള്ള ഒരു വിഭാഗമുണ്ട് കേരളത്തില്‍. ഇത് പരിഹരിക്കാനുള്ള നീക്കങ്ങളെ പരാജയപ്പെടുത്താന്‍ എല്ലാ ആയുധങ്ങളും അവര്‍ പ്രയോഗിക്കും. സംസ്ഥാനത്ത് ഈ വര്‍ഷം 134 പഞ്ചായത്തുകളിലും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് മതിയായ സൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളിലും പുതിയ പ്ലസ്-ടു സ്‌കൂളുള്‍ അനുവദിക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് ഉയര്‍ന്ന വിവാദവും അതിന് വര്‍ഗീയ നിറം നല്‍കാനുള്ള ശ്രമവും ഇതിന്റെ ഭാഗമാണ്. സംസ്ഥാനത്ത് നിലവിലുള്ള പ്ലസ്-ടു സീറ്റുകളനുസരിച്ചു ഈ വര്‍ഷം എസ് എസ് എല്‍ സി പാസ്സായ എണ്‍പതിനായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിനുള്ള അവസരം നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ഹയര്‍ സെക്കന്‍ഡറിയില്ലാത്ത പഞ്ചായത്തുകളിലും അപേക്ഷകരുടെ എണ്ണവും സീറ്റുകളുടെ എണ്ണവും തമ്മില്‍ ഭീമമായ അന്തരമുള്ള എറണാകുളത്തിന് വടക്കുള്ള ജില്ലകളില്‍ നിലവില്‍ സ്‌കൂളുകളുള്ളത് കണക്കിലെടുക്കാതെ തന്നെ കൂടുതല്‍ സ്‌കൂളുകളും അധിക ബാച്ചും അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതനുസരിച്ചു മലബാറിനാണ് കൂടുതല്‍ സ്‌കൂളുകള്‍ ലഭിക്കുകയെന്നറിഞ്ഞതോടെ എതിര്‍പ്പുമായി ചിലര്‍ രംഗത്തു വരികയും സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കാന്‍ കൊണ്ടു പിടിച്ച ശ്രമം നടത്തുകയും ചെയ്തു. സാമ്പത്തിക ബാധ്യതയുടെ പേരില്‍ പുതിയ സ്‌കൂളുകള്‍ ഇക്കൊല്ലം വേണ്ടെന്ന മന്ത്രിസഭയുടെ പിന്നീടുള്ള തീരുമാനം ഈ ലോബിയുടെ സമ്മര്‍ദ ഫലമായിരുന്നു. ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്നാണ് പുതിയ സ്‌കൂളുകള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
മലബാറിലാണ് പ്ലസ്-ടുവിന് സീറ്റ് ലഭിക്കാത്ത കുട്ടികളില്‍ എണ്‍പത് ശതമാനത്തോളവും. ഇതുകൊണ്ടാണ് വടക്കന്‍ ജില്ലകളില്‍ നിലവില്‍ സ്‌കൂളുകളുള്ള ചില പഞ്ചായത്തുകളിലും പുതിയ സ്‌കൂളുകള്‍ അനുവദിക്കേണ്ടി വന്നത്. പ്രാദേശികമായും അല്ലാതെയും നടത്തിയ വിശദ പഠനങ്ങളുടെയും ഇതുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച സമിതിയുടെ വിലയിരുത്തലിന്റെയും സ്ഥിതിവിവരക്കണക്കുകളുടെയും അടിസ്ഥാനത്തിലാണ് ഈ പ്രത്യേക പരിഗണന. ഇതു വിദ്യാഭ്യാസ മന്ത്രിയുടെ പാര്‍ട്ടി നിലപാടല്ല, സര്‍ക്കാറിന്റെ നയപരമായ തീരുമാനമാണ്. ഇക്കാര്യം ബോധ്യപ്പെട്ടതു കൊണ്ടാണ് പുതിയ പ്ലസ്-ടു സ്‌കൂളുകള്‍ തുടങ്ങാനുള്ള തീരുമാനം നീട്ടിവെക്കരുതെന്നും ഈ അധ്യയന വര്‍ഷം തന്നെ നടപ്പാക്കണമെന്നും കോടതി ഉത്തരവിട്ടത്. എന്നിട്ടും ചിലര്‍ക്കത് ദഹിക്കുന്നില്ലെങ്കില്‍ അസുഖം വേറെയാണ്. മലപ്പുറം ജില്ലാ രൂപവത്കരണ കാലത്ത് കേളപ്പജിയെയും സിവില്‍ പരീക്ഷകളില്‍ മലപ്പുറത്തുകാര്‍ മികച്ച വിജയം കൈവരിച്ചപ്പോള്‍ വി എസ് അച്യുതാനന്ദനെയും പിടികൂടിയ അതേ ബാധയാണ് ഇവരെയും പിടികൂടിയത്.
1921ലെ മലബാര്‍ പ്രക്ഷോഭം പോലുള്ള ദേശീയ സമരവുമായി ബന്ധപ്പെട്ടതും ചരിത്രപരവുമായ കാരണങ്ങളാലാണ് മലബാര്‍ വികസനത്തില്‍ പിന്നാക്കമായത്. വിദ്യാഭ്യാസ രംഗത്തു മാത്രമല്ല, വ്യവസായ, ഗതാഗത, സാമ്പത്തിക, തൊഴില്‍ തുടങ്ങി സര്‍വ മേഖലകളിലും തെക്കന്‍ കേരളത്തെ അപേക്ഷിച്ചു ഏറെ പിറകിലാണ് മലബാര്‍. ഇതിന് പരിഹാരം കാണേണ്ട കഴിഞ്ഞ കാല ഭരണ കൂടങ്ങളെല്ലാം കുറ്റകരമായ നിഷ്‌ക്രിയത്വം പുലര്‍ത്തിയെന്നു മാത്രമല്ല, തികഞ്ഞ അവഗണന കാണിക്കുകയും ചെയ്തു. മുഖ്യമന്ത്രി പദവിയടക്കമുള്ള കുഞ്ചിക സ്ഥാനങ്ങളില്‍ വാണ മലബാറിലെ രാഷ്ട്രീയ നേതാക്കള്‍ക്കും കേരളം തൃശുരിന് തെക്കോട്ടാണെന്ന കാഴ്ചപ്പാടില്‍ മാറ്റം വരുത്താനായില്ല. ഇത് തിരുത്താനുള്ള ശ്രമങ്ങള്‍ ഏതെങ്കിലും ഭാഗത്ത് നിന്നുണ്ടായാല്‍ സംഘ്പരിവാറും ഭൂരിപക്ഷ സമുദായത്തിലെ സവര്‍ണ സംഘടനകളും വര്‍ഗീയ നിറം നല്‍കി അതിനെ പ്രതിരോധിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യും. ഇന്നിപ്പോള്‍ കോണ്‍ഗ്രസിലെ ചില നേതാക്കളും പാര്‍ട്ടി മുഖപത്രവും ഇവരുടെ സ്വാധീന വലയത്തില്‍ അകപ്പെട്ടിരിക്കുന്നുവെന്നതാണ് ആശ്ചര്യകരം. എറണാകുളത്തിന് വടക്കുള്ള ജില്ലകളില്‍ പുതിയ സ്‌കൂളുകളും ബാച്ചുകളും തുടങ്ങുന്നതിനുള്ള വ്യഗ്രതക്ക് മറ്റു ചില മാനങ്ങള്‍ കൂടി ഉണ്ടെന്നാണ് പാര്‍ട്ടി പത്രം കഴിഞ്ഞ ദിവസം മുഖപ്രസംഗത്തില്‍ എഴുതിയത്. സംഘ്പരിവാറിന്റെ ഉച്ചഭാഷിണിയായി മാറാന്‍ ഒരൂ മതേതര ജനാധിപത്യ കക്ഷിയുടെ പത്രത്തിനെങ്ങനെ ചങ്കൂറ്റം വന്നുവെന്നാണ് മനസ്സിലാകാത്തത്?
തെക്കന്‍ കേരളക്കാരെ പോലെ മലബാറുകാര്‍ പഠിച്ചുയരേണ്ടതില്ലെന്നാണോ പത്രത്തിന്റെ കാഴ്ചപ്പാട്? അവര്‍ എന്നും അവഗണനയുടെ മാറാപ്പ് പേറി ജീവിക്കണമോ? മലബാറിലെ ജനങ്ങളുടെ പിന്തുണ കൊണ്ടു കൂടി അധികാരത്തിലേറിയ ശേഷം അവരെ തിരിഞ്ഞു കുത്തുന്ന ഈ നിലപാട് പാര്‍ട്ടി പത്രത്തിന് ചേര്‍ന്നതായില്ല. പാര്‍ട്ടി നേതൃത്വം ഇതിന് മറുപടി പറയേണ്ടതുണ്ട്. ഇത്തരം വികസന വിവേചനത്തെ തുറന്നു കാണിക്കുകയും വിമര്‍ശിക്കുകയും ചെയ്താല്‍ തങ്ങളുടെ മതേതര പരിവേഷം ചോദ്യം ചെയ്യപ്പെടുമെന്ന ആശങ്കയാല്‍ സമുദായ പാര്‍ട്ടി നേതൃത്വം എല്ലാം സഹിച്ചു ഒതുങ്ങിക്കഴിയുകയാണ്. നിരന്തരമായ അവഗണനയുടെയും വിവേചനത്തിന്റെയും നീതിനിഷേധത്തിന്റെയും പരിണതിയായിരുന്നു തെലുങ്കാന പോലുള്ള പുതിയ സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള മുറവിളിയും പ്രക്ഷോഭവുമെന്ന് അധികാരികള്‍ മറക്കരുത്. മലബാറിനെ പ്രത്യേക സംസ്ഥാനമാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗടക്കമുള്ള ചില സംഘടനകള്‍ ഇതിനിടെ രംഗത്ത് വന്നിട്ടുമുണ്ട്. വികസനവിവേചനം പരിഹരിക്കാനുള്ള സത്വര നടപടികളാണ് ഇത് പ്രക്ഷോഭങ്ങളിലേക്ക് നീങ്ങാതിരിക്കാനുള്ള മാര്‍ഗം. സാമൂഹിക നീതി ഉറപ്പ് വരുത്താനും ജനാധിപത്യത്തിന്റെ കെട്ടുറപ്പിനും അതനി വാര്യവുമാണ്.