Connect with us

Wayanad

ബത്തേരി താലൂക്കില്‍ 13 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ തീരുമാനം

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: ബത്തേരി താലൂക്കില്‍ പത്ത് വര്‍ഷത്തിലേറെയായി പരിഹരിക്കാതെ കിടന്ന ഭൂമി പ്രശ്‌നത്തിന് തിരുവനന്തപുരത്ത് റവന്യൂമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ പരിഹാരമായതായി ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അറിയിച്ചു.
ഇരുളം വില്ലേജില്‍ കക്കോടന്‍ കുടുംബത്തില്‍നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത് ജനറല്‍ വിഭാഗത്തിന് പതിച്ച് കൊടുക്കാന്‍ ഉത്തരവായ ഭൂമിയിലെ താമസക്കാരായ 13 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാനാണ് തീരുമാനമായത്. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കായി നീക്കിവെച്ച ഭൂമിയില്‍ അവകാശമുള്ള 19 പട്ടികജാതി കുടുംബങ്ങള്‍ക്കും 21 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും പ്രത്യേക സ്‌കീമില്‍ ഉള്‍പ്പെടുത്തി ഭൂമി വാങ്ങി നല്‍കും. അതിനുശേഷം പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കായി നീക്കിവെക്കപ്പെട്ട ഭൂമിയിലെ നിലവിലെ കൈവശക്കാര്‍ക്ക് പതിച്ച് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും. ഇരുളം പ്രദേശത്തെ താമസക്കാരായ 20 കുടുംബങ്ങളുടെ ഭൂമി റീസര്‍വേ റെക്കോഡുകളില്‍ നിക്ഷിപ്ത വനഭൂമിയായി രേഖപ്പെടുത്തിയത് വനം റവന്യൂ വകുപ്പുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സംയുക്ത പരിശോധന നടത്തി തീരുമാനമെടുക്കും. ഇരുളം വില്ലേജില്‍ ബ്ലോക്ക് 12ല്‍ 33 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കണമെന്ന ആവശ്യവും പ്രത്യേകമായി പരിഗണിക്കും. കൃഷ്ണഗിരി വില്ലേജില്‍ നാമമാത്രമായ ഭൂമി കൈവശമുള്ള 40 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള തടസ്സം നീക്കും. കൃഷ്ണഗിരി വില്ലേജില്‍ അഞ്ചേക്കര്‍ ഭൂമി കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിക്ക് കൈമാറുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തും. ബത്തേരി ഫെയര്‍ ലാന്‍ഡ് കോളനിയിലെ നിലവിലുള്ള കൈവശക്കാര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ ബത്തേരി തഹസില്‍ദാറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം സ്വീകരിക്കും. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ എം എല്‍ എ.ക്ക് പുറമെ ബത്തേരി പഞ്ചായത്ത് പ്രസിഡന്റ് ഒ.എം. ജോര്‍ജ്, കെ. അബ്ബാസ്, വി.സി. ജോസ്, കെ.എന്‍. രമേശന്‍, പി.വി. ബാലചന്ദ്രന്‍, ഡോ. ലീബ എന്നിവരും പങ്കെടുത്തു.