Connect with us

International

പൂര്‍ണ വെടിനിര്‍ത്തലിന് ഇല്ലെന്ന് ഇസ്‌റാഈല്‍

Published

|

Last Updated

ജറൂസലം: പൂര്‍ണ വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് ഇസ്‌റാഈല്‍ അറിയിച്ചു. ഈജിപ്തിന്റെ മാധ്യസ്ഥത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടന്നിരുന്നു. ഇന്നലെ അഞ്ച് മണിക്കൂര്‍ നേരത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോള്‍ അവശ്യ സാധനങ്ങള്‍ ശേഖരിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ഗാസന്‍ ജനത. മരിച്ചവരുടെ എണ്ണം 224 ആയിട്ടുണ്ട്.
നിര്‍ദേശം തള്ളിയതിനാല്‍ സ്ഥിരം വെടിനിര്‍ത്തല്‍ ഉണ്ടാകുമോയെന്നത് സംശയത്തിലാണ്. കൈറോയില്‍ നടന്ന ചര്‍ച്ചയില്‍ പൂര്‍ണ വെടിനിര്‍ത്തലിന് സന്നദ്ധമാണെന്ന് മുതിര്‍ന്ന ഇസ്‌റാഈലി നേതാക്കള്‍ സമ്മതിച്ചെങ്കിലും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന മന്ത്രിസഭാ യോഗത്തിന് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകുകയുള്ളൂവെന്ന് അറിയിച്ചിരുന്നു. വിദേശകാര്യ മന്ത്രി അവിഗ്‌ദോര്‍ ലീബര്‍മാന്‍ ഇതുസംബന്ധമായി നെതന്യാഹുവിനോട് സംസാരിച്ചെങ്കിലും അനുകൂല പ്രതികരണമല്ല നടത്തിയത്. വെടിനിര്‍ത്തല്‍ വാര്‍ത്ത യാഥാര്‍ഥ്യമല്ലെന്നും ഇതുസംബന്ധിച്ച് നെതന്യാഹുവിനോട് സംസാരിച്ചതായും അദ്ദേഹവും അത് തള്ളിക്കളഞ്ഞതായും ലീബര്‍മാന്‍ പറഞ്ഞു. ഇന്ന് രാവിലെ ആറ് മണി മുതലാണ് പൂര്‍ണ വെടിനിര്‍ത്തലിന് ഈജിപ്ത് താത്പര്യപ്പെട്ടത്. ഇക്കാര്യത്തില്‍ ഹമാസ് നേതൃത്വവും പ്രതികരിച്ചിട്ടില്ല. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് അഞ്ച് മണിക്കൂര്‍ നേരത്തെ വെടിനിര്‍ത്തല്‍ അവസാനിച്ചത്. അതിര്‍ത്തിക്ക് സമീപം തുരങ്കത്തില്‍ കടന്ന് ഹമാസ് പോരാളികള്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. തുരങ്കത്തില്‍ ബോംബിട്ട് സംഘത്തിലെ ഒരാളെ ഇസ്‌റാഈല്‍ കൊന്നിട്ടുണ്ട്.
ഇസ്‌റാഈല്‍ ആക്രമണത്തില്‍ ശവപ്പറമ്പായ ഗാസ മുനമ്പിലെ ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും മറ്റ് അവശ്യസാധനങ്ങളും ശേഖരിക്കാന്‍ ഐക്യ രാഷ്ട്രസഭയാണ് വെടിനിര്‍ത്തലിന് ആവശ്യപ്പെട്ടത്. കുടിവെള്ള വിതരണ ശൃംഖല നന്നാക്കാനുമുണ്ടായിരുന്നു. ഇത് പതിനായിരക്കണക്കിന് ഗാസന്‍ ജനങ്ങള്‍ക്ക് അനുഗ്രഹമായി. അക്കൗണ്ടിലെത്തിയ മാസ ശമ്പളം വാങ്ങാന്‍ ഗാസയിലെ ബേങ്കുകള്‍ക്ക് മുമ്പില്‍ വലിയ വരി പ്രത്യക്ഷപ്പെട്ടു. ആക്രമണം മൂലം ദിവസങ്ങളായി ഒഴിഞ്ഞുകിടന്ന റോഡുകളും മാര്‍ക്കറ്റുകളും അഞ്ച് മണിക്കൂര്‍ നേരത്തേക്ക് ആളുകളെ കൊണ്ടും വാഹനങ്ങളെ കൊണ്ടും നിറഞ്ഞു.