Connect with us

Kannur

പുകവലി ഒഴിവാക്കാന്‍ കഴിയാത്ത തടവുകാര്‍ക്ക് ഇനി ചികിത്സ: ജയില്‍ ഡി ജി പി

Published

|

Last Updated

കണ്ണൂര്‍: ജയിലുകളില്‍ പുകവലി നിരോധിച്ച സാഹചര്യത്തില്‍ പുകവലി ഉപേക്ഷിക്കാന്‍ കഴിയാത്ത അന്തേവാസികളുണ്ടെങ്കില്‍ അവരെ ചികിത്സക്ക് വിധേയരാക്കുമെന്ന് ഡി ജി പി. ടി പി സെന്‍ കുമാര്‍. ഒറ്റയടിക്ക് ജയിലുകളിലെ പുകവലി നിരോധിക്കുന്നതിന് പകരം ഒരു മാസത്തെ കാലയളവ് നല്‍കിയാണ് നിരോധം നടപ്പാക്കിയത്. ഇതിനകം തന്നെ പുകവലിക്ക് അടിമപ്പെട്ട അന്തേവാസികളില്‍ പലരും ഘട്ടം ഘട്ടമായി ഈ ദുശ്ശീലം അവസാനിപ്പിച്ചിട്ടുണ്ട്. ഇത് നല്ല ലക്ഷണമാണെന്നും സെന്‍കുമാര്‍ പറഞ്ഞു. കണ്ണൂര്‍ സീക്കാ പരിശീലന കേന്ദ്രത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയിലുകളില്‍ മൊബൈല്‍ ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗം വീണ്ടും കണ്ടെത്തിയ സാഹചര്യത്തില്‍ ശക്തമായ പരിശോധന നടത്തും. യഥാര്‍ഥത്തില്‍ പരിശോധനയില്‍ നിരോധിത വസ്തുക്കള്‍ കണ്ടെത്തുന്നതാണ് വാര്‍ത്തയാകുന്നത്. എന്നാല്‍ പലപ്പോഴും വാര്‍ത്തക്ക് പിന്നാലെയാണ് പരിശോധന നടക്കുന്നത് എന്ന രീതിയിലേക്ക് കാര്യങ്ങള്‍ വളച്ചൊടിക്കപ്പെടുന്നുണ്ട്.
പരിശോധനക്കായി മൊബൈല്‍ ഡിറ്റക്ടറുകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ജയിലുകളിലെ പരിശോധന സംബന്ധിച്ചും ചില പോരായ്മകളുള്ളതായും സെന്‍ കുമാര്‍ അഭിപ്രായപ്പെട്ടു.
ജയിലുകളിലെ പരിശോധന പോലീസിനെ ഏല്‍പിച്ചത് പൂര്‍ണമായും ശരിയല്ല. ജയില്‍ ജീവനക്കാരും പോലീസും ചേര്‍ന്നുള്ള സംയുക്ത പരിശോധനയാകും കൂടുതല്‍ ഗുണകരം. ജയില്‍ അന്തേവാസികളുടെ ദേഹപരിശോധന സംബന്ധിച്ചും ഏറെ പ്രതിബന്ധങ്ങളുണ്ട്.
ഒരാളെ പൂര്‍ണമായും ശാരീരിക പരിശോധനക്ക് വിധേയമാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. പരിശോധന കര്‍ശനമാക്കുമ്പോള്‍ അത് മനുഷ്യാവകാശ ലംഘനമായി പലപ്പോഴും വ്യാഖ്യാനിക്കപ്പെടുന്നു. എന്നാല്‍ സാമ്പത്തിക ബാധ്യത ഇത്തരം സംവിധാനങ്ങള്‍ നടപ്പാക്കുന്നതിന് തടസ്സമാകുകയാണെന്നും സെന്‍ കുമാര്‍ പറഞ്ഞു.

 

Latest