Connect with us

Malappuram

ആഢ്യന്‍പാറയില്‍ തുരങ്ക നിര്‍മാണത്തിനിടെ മണ്ണിടിച്ചില്‍

Published

|

Last Updated

നിലമ്പൂര്‍: വൈദ്യുതി ബോര്‍ഡിന്റെ കീഴില്‍ നടത്തുന്ന ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതിയുടെ തുരങ്ക നിര്‍മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴ വിത്യാസത്തിന്. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് മുകള്‍ഭാഗത്തുള്ള പാറക്കെട്ടുകളും മണ്ണും തുരങ്കത്തിന്റെ മുന്‍ഭാഗത്തേക്ക് ഇടിഞ്ഞുവീണത്.
ഈ സമയത്ത് തൊഴിലാളികളായ സിജോ, ജഗദീഷ് കക്കയം, ട്രാക്ടര്‍ ഡ്രൈവര്‍മാരായ അനില്‍, സാബു, ഹിറ്റാച്ചി ഓപ്പറേറ്റര്‍ രാജിത് എന്നിവര്‍ തുരങ്കത്തിനകത്ത് ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. തുരങ്കത്തിന് പുറത്ത് സൂപ്പര്‍വൈസര്‍ ജോര്‍ജ്ജും നില്‍പുണ്ടായിരുന്നു. തുരങ്കത്തിനകത്ത് പാറയില്‍ ഡ്രില്ലിംഗ് നടത്തിയതിന്റെ അവശിഷ്ടങ്ങള്‍ ട്രാക്ടര്‍ ഉപയോഗിച്ച് പുറത്തേക്ക് കൊണ്ടുവരുന്ന ജോലിയാണ് ഈസമയം നടന്നിരുന്നത്. ഈ ജോലിയായതിനാലാണ് പുറത്ത് മണിടിഞ്ഞ് വീഴുന്ന ശബ്ദം അകത്തുള്ളവര്‍ക്ക് നേരിയ തോതിലെങ്കിലും കേള്‍ക്കാന്‍ കഴിഞ്ഞത്. 300 മീറ്റര്‍ നീളത്തില്‍ തുരങ്കം നിര്‍മിച്ചിട്ടുണ്ട്. അതിന്റെ പകുതി ഭാഗത്ത് നില്‍ക്കുന്ന തൊഴിലാളികളാണ് ആദ്യം ശബ്ദം കേട്ടത്. ഉടനെ പുറത്തുള്ള സൂപ്പര്‍വൈസറും അപകട സിഗ്നല്‍ നല്‍കി. ഇതോടെ തുരങ്കത്തിനകത്തുണ്ടായിരുന്ന അഞ്ചു തൊഴിലാളികളും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടയില്‍ ചിലരുടെ ദേഹത്ത് മുകളില്‍ നിന്ന് മറിഞ്ഞുവീണ റബ്ബര്‍ മരത്തിന്റെ കൊമ്പുകളും മറ്റും തട്ടിയതായും പറയുന്നു. പെരുമ്പാവൂരിലെ ആര്യ കോണ്‍ കണ്‍സ്ട്രക്ടിംഗ് കമ്പനിക്കാണ് നിര്‍മാണത്തിന്റെ ചുമതലയെങ്കിലും തുരങ്കത്തിന്റെ ഉപകരാര്‍ എടുത്തത് കോട്ടയം ആസ്ഥാനമായ ടി ആര്‍ കെ കമ്പനിയാണ്. ടി ആര്‍ കെ കമ്പനിയിലെ തൊഴിലാളികളാണ് ഇപ്പോള്‍ തുരങ്കത്തിന്റെ ജോലികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. തുരങ്കത്തിന്റെ മുകള്‍ ഭാഗത്തു നിന്ന് 300 മീറ്ററും താഴെ ഭാഗത്ത് നിന്ന് ഏകദേശം 600 മീറ്ററും തുരന്ന് എത്തിയിട്ടുണ്ട്. ഇനി 150 മീറ്ററില്‍ താഴെ മാത്രമാണ് പൂര്‍ത്തിയാക്കാനുള്ളത്. 12 അടിയോളം ഉയരത്തിലുള്ള തുരങ്കമാണ് നിര്‍മിക്കുന്നത്. 24 മണിക്കൂറും ജോലി നടക്കുന്നുണ്ട്. എന്നാല്‍ മണ്ണും പാറക്കെട്ടുകളും ഇടിഞ്ഞതോടെ നിര്‍മാണ പ്രവൃത്തികള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. തുരങ്കത്തിനകത്ത് ഒരു ട്രാക്ടറും ഹിറ്റാച്ചിയും കുടുങ്ങിക്കിടക്കുകയാണ്.
തൊഴിലാളികള്‍ അകത്തു കുടുങ്ങാതിരുന്നത് ഭാഗ്യമായെന്ന് നിര്‍മാണ കമ്പനിയുടെ പ്രതിനിധികളായ ജോസ്, ബേബി എന്നിവര്‍ പറഞ്ഞു. വലിയ പാറക്കല്ലുകളും കുറേയേറെ മണ്ണും തുരങ്കത്തിന്റെ പ്രവേശന ഭാഗത്ത് അടിഞ്ഞതിനാല്‍ തുരങ്കത്തിനകത്ത് കടക്കാന്‍ കഴിയാതായിട്ടുണ്ട്. ഇവ നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ബുധനാഴ്ച സംഭവസ്ഥലം സന്ദര്‍ശിച്ചു. പ്രത്യേക എസ്റ്റിമേറ്റ് തയ്യാറാക്കി വേണ്ടിവരും മണ്ണും പാറക്കെട്ടുകളും നീക്കം ചെയ്യേണ്ടിവരിക. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്ത് കൂടുതല്‍ നീരുറവ ഉണ്ടായിട്ടുണ്ട്.