കനാല്‍ പദ്ധതി: ശൈഖ് സായിദ് റോഡില്‍ ഗതാഗത തടസമുണ്ടാകില്ല

Posted on: July 16, 2014 9:48 pm | Last updated: July 16, 2014 at 9:48 pm

ദുബൈ: കനാല്‍ നിര്‍മാണത്തിനിടയില്‍ ശൈഖ് സായിദ് റോഡില്‍ വലുതായി ഗതാഗത തടസം ഉണ്ടാവില്ലെന്ന് ആര്‍ ടി എ അറിയിച്ചു.

ജൂലൈ 26നാണ് ശൈഖ് സായിദ് റോഡില്‍ നിര്‍മാണം തുടങ്ങുന്നത്. റോഡിന് മുകളില്‍ പാലം നിര്‍മിക്കും. റോഡിനടിയിലൂടെ കനാല്‍ തുരങ്കങ്ങള്‍ ഉണ്ടാക്കും.
അതേസമയം, ഒരു കിലോമീറ്ററോളം ഗതാഗത വ്യതിയാനം നടപ്പാക്കുന്നുണ്ടെന്ന് ആര്‍ ടി എ ട്രാഫിക് ആന്റ് റോഡ്‌സ് സി ഇ ഒ നബീല്‍ മുഹമ്മദ് സാലിഹ് വ്യക്തമാക്കി. ദുബൈയില്‍ നിന്ന് അബുദാബി ഭാഗത്തേക്കാണ് ആദ്യം വ്യതിയാനമുണ്ടാക്കുക.
ബിസിനസ്‌ബേ മെട്രോ സ്റ്റേഷനു സമീപമാണ് ശൈഖ് സായിദ് റോഡിന് കുറുകെ കനാല്‍ തുരങ്കമുണ്ടാക്കുന്നത്. 200 കോടി ദിര്‍ഹമിന്റെ പദ്ധതിയാണ്. സഫ പാര്‍ക്ക്, ജുമൈറ വഴി ദുബൈ ക്രീക്കിനെ അറേബ്യന്‍ കടലിലേക്ക് കനാല്‍ ഒഴുകും. അല്‍ വാസല്‍, ജുമൈറ റോഡ് എന്നിവിടങ്ങളില്‍ പാലങ്ങള്‍ പണിയുക എന്നതാണ് പ്രധാന പ്രവൃത്തി. പാലത്തിനടിയിലൂടെ 8.5 മീറ്റര്‍ ഉയരത്തിലുള്ള നൗകകള്‍ ചലിക്കേണ്ടതുണ്ട്.
പ്രതിവര്‍ഷം 60 ലക്ഷം ആളുകളെ ആകര്‍ഷിക്കുന്ന സഞ്ചാര കേന്ദ്രമായി ദുബൈ കനാല്‍ മാറും. ആഡംബര നൗകകളുടെ കേന്ദ്രമായും കനാല്‍ പദ്ധതി മാറും. 2016 അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാകുമെന്നും നബീല്‍ മുഹമ്മദ് സാലിഹ് അറിയിച്ചു.