Connect with us

Ongoing News

250 പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ ലബോറട്ടറികള്‍ തുടങ്ങും

Published

|

Last Updated

തിരുവനന്തപുരം: ലാബുകളടക്കമുള്ള മെഡിക്കല്‍ സ്ഥാപനങ്ങള്‍ അവരുടെ സേവനങ്ങളില്‍ ലഭ്യമാക്കേണ്ട കുറഞ്ഞ ഗുണനിലവാരം സംബന്ധിച്ച് സംസ്ഥാനത്ത് നിയമം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ രൂപപ്പെടുത്തുന്ന കേരള മെഡിക്കല്‍ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനും നിയന്ത്രണവും സംബന്ധിച്ച ബില്ലിന്റെ രൂപവത്കരണം അവസാന ഘട്ടത്തിലാണ്. ബില്‍ താമസിയാതെ നിയമസഭയുടെ പരിഗണനയില്‍ വരും. കെ എസ് സലീഖയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. മെഡിക്കല്‍ സ്ഥാപനങ്ങളുടെ ഗുണനിലാരം ഉറപ്പാക്കലും ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള സംവിധാനവും ബില്ലില്‍ വിഭാവനം ചെയ്യുന്നു. പ്രതിരോധ വകുപ്പിന്റെ കീഴിലല്ലാത്ത എല്ലാ അംഗീകൃത ചികിത്സാ സമ്പ്രദായങ്ങളിലുമുള്‍പ്പെടുന്ന ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്ക് ഈ ബില്ലിലെ വ്യവസ്ഥകള്‍ ബാധകമായിരിക്കും. ബില്‍ നിയമ മാകുന്നതോടെ സ്ഥാപനങ്ങള്‍ക്ക് വ്യക്തമായ മാനദണ്ഡമുണ്ടാകുകയും അനധികൃതവും അംഗീകൃത യോഗ്യതയില്ലാത്തവയും നിര്‍ത്തലാക്കുകയും ചെയ്യും. ആക്ടിലെ വ്യവസ്ഥകള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്കുമേല്‍ സര്‍ക്കാറിന് വ്യക്തമായ നിയന്ത്രണമുണ്ടാകും. ലാബുകളിലെ ഗുണനിലവാര പരിശോധന കര്‍ശനമാക്കുമെന്ന് പറഞ്ഞ മന്ത്രി, നിലവില്‍ പബ്ലിക് ലാബുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി ഡി എം ഒമാരുടെ നേതൃത്വത്തില്‍ പരിശോധന നടന്നുവരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്തെ 250 പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ ലബോറട്ടറികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എല്ലാ പി എച്ച്‌സികളിലും ലാബുകള്‍ കൊണ്ടുവരുന്നതിന്റെ ആദ്യഘട്ടമായാണ് 250 ഇടത്ത് ലാബുകള്‍ ആരംഭിക്കുന്നത്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മന്ത്രി അറിയിച്ചു.

Latest