Connect with us

Kerala

ഗാസ;രാക്ഷസീയത ഇനിയും തുടരണോ? ഒബാമക്ക് മന്ത്രി മുനീറിന്റെ കത്ത്‌

Published

|

Last Updated

തിരുവനന്തപുരം: ഗാസയില്‍ ഇസ്‌റാഈല്‍ നരഹത്യ തുടരുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമക്ക് മന്ത്രി എം കെ മുനീറിന്റെ കത്ത്. കരയുദ്ധവും വ്യോമാക്രമണവുമൊക്കെ ഗാസയിലെ കുരുന്നുകളുടെയടക്കം ജീവനുകള്‍ കവര്‍ന്നെടുക്കുന്ന പശ്ചാത്തലത്തിലാണ് മുനീര്‍ ഒബാമക്ക് കത്തെഴുതിയത്.
മലയാളം, ഇംഗ്ലീഷ്് ഭാഷകളിലുള്ള രണ്ടു കത്തുകള്‍ മുനീര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കത്തിന്റെ പൂര്‍ണ രൂപം ചുവടെ.
ഇസ്‌റാഈലി വ്യോമാക്രണത്തില്‍ സ്വന്തം പിതാവിനെ നഷ്ടമായ നിരാലംബരായ ഗാസയിലെ ഒരു പിഞ്ചുബാലന്‍ ഒരു കാറില്‍ ചാരിയിരുന്ന് സര്‍വതും തകര്‍ന്ന് നെഞ്ചുപൊട്ടി കരയുന്ന ചിത്രം കോടാനുകോടി ലോകജനതക്കൊപ്പം താങ്കളും ശ്രദ്ധിച്ചിരുന്നല്ലോ. ഈ രാക്ഷസീയത ഇനിയും തുടരണോ? വെടിയൊച്ച ഒരു താരാട്ടിന്റെ ഈണമാകില്ല. നിരപരാധികളായ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ജീവിതം തകര്‍ത്തെറിയാന്‍ ആര്‍ക്കും അവകാശമില്ല.
എന്നെന്നേക്കുമായി ഈ മൃഗീയ നരവേട്ട അവസാനിപ്പിക്കൂ എന്ന് ഇസ്‌റാഈലിനോട് താങ്കള്‍ ആജ്ഞാപിക്കാത്തതെന്ത്?
ആഭ്യന്തര സംഘര്‍ഷത്തിന്റെ പേരില്‍ രാജ്യങ്ങളില്‍ സമാധാനം സ്ഥാപിക്കാന്‍ വെമ്പുന്ന അമേരിക്കയുടെ “ലോക പൊലീസിംഗ”് എന്തേ ഗാസയില്‍ കാണുന്നില്ല?
ഇസ്‌റാഈലിനോട് താങ്കള്‍ ആജ്ഞാപിക്കുന്നില്ലെങ്കില്‍ അനാഥരായ ആയിരക്കണക്കിന് കുട്ടികളുടെയും വിധവകളുടെയും മക്കളെ നഷ്ടമായ മാതാപിതാക്കളുടെയും തോരാക്കണ്ണീരിന് താങ്കള്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം, അല്ലെങ്കില്‍ അവരുടെ കൊടിയ ശാപത്തിന്റെ ചിരപ്രതീകമായി താങ്കള്‍ മാറും. മുനീര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിക്കുന്നു.