Connect with us

International

ഗാസയില്‍ ബോംബ് വര്‍ഷിക്കുന്നത് ഇസ്‌റാഈലുകാര്‍ക്ക് ആഘോഷക്കാഴ്ച

Published

|

Last Updated

ഗാസ സിറ്റി: ഉറങ്ങുന്ന നിരപരാധികളുടെ വീടുകള്‍ക്ക് മുകളില്‍ ഇസ്‌റാഈല്‍ സൈന്യം ബോംബുകള്‍ വര്‍ഷിക്കുമ്പോള്‍ അതിര്‍ത്തിക്കപ്പുറത്ത് ആസ്വാദനത്തിനുള്ള കാഴ്ച വസ്തുവാക്കിയിരിക്കുകയാണ് ഇസ്‌റാഈലിലെ സ്ദിറോത് നഗരവാസികള്‍. ഗാസയില്‍ ജെറ്റ് വിമാനങ്ങളും ഡ്രോണുകളും ബോംബിടുമ്പോള്‍ കുന്നിന്‍മുകളില്‍ കസേരകളില്‍ ഇരുന്ന് കൈകൊട്ടി ആസ്വദിക്കുന്ന ഒരു സംഘം ജൂതമത വിശ്വാസികളുടെ ചിത്രം ഡാനിഷ് പത്രത്തിന്റെ പശ്ചിമേഷ്യന്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തുകയുണ്ടായി. ട്വിറ്ററില്‍ വൈറലായിരിക്കുന്ന ഈ ചിത്രം അന്താരാഷ്ട്ര വിമര്‍ശത്തിന് കാരണമായിട്ടുണ്ട്.
ഹൊറര്‍ സിനിമ കാണുന്നത് പോലെയാണ് ഇവരുടെ പെരുമാറ്റമെന്ന് ചിത്രം പോസ്റ്റ് ചെയ്ത അലന്‍ സോറെന്‍സന്‍ ട്വിറ്ററില്‍ എഴുതി. സ്‌ഫോടന ശബ്ദം കേള്‍ക്കുമ്പോള്‍ വന്‍ കരഘോഷമാണ് ഇവര്‍ മുഴക്കുന്നതെന്ന് ചിത്രത്തിന്റെ അടിക്കുറിപ്പില്‍ പറയുന്നു. അമ്പതിലേറെ പേരാണ് ഈ കുന്നിന്‍മുകളില്‍ ഒത്തുകൂടിയതെന്നും യുദ്ധ തിയേറ്റര്‍ സമാനമാണ് ഇവിടുത്തെ കാഴ്ചയെന്നും സോറെന്‍സന്റെ ചിത്രം പ്രസിദ്ധീകരിച്ച ക്രിസ്റ്റിലൈറ്റ് ദാഗ്ബ്ലാഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകുന്നേരത്തോടെ ചോളാപ്പൊരിയും ശീതളപാനീയങ്ങളുമായി കുന്നുകയറുന്ന സംഘം ഹൂക്ക വലിച്ചും പാട്ട് പാടിയും ബോംബ് സ്‌ഫോടന കാഴ്ച ആസ്വദിക്കുകയാണ്. ഹമാസിനെ ഇസ്‌റാഈല്‍ തകര്‍ക്കുന്നത് കാണാനാണ് ഇവിടെ വന്നതെന്ന് 22കാരിയായ ഏലി ചോണി പറഞ്ഞു.
“ഇത് സത്യമാണെങ്കില്‍ ദൈവത്തിന് മാത്രമേ നമ്മെ രക്ഷിക്കാനാകൂ. മനുഷ്യവര്‍ഗത്തിന് എന്തു പറ്റി?” ട്വിറ്ററില്‍ ചിത്രത്തിന് നേരെ പ്രത്യക്ഷപ്പെട്ട ഒരു കമന്റാണിത്. ഈയടുത്ത ദിവസങ്ങളില്‍ കണ്ട ചിത്രങ്ങളില്‍ വെച്ചേറ്റവും ഭയാനകമെന്നാണ് ഒരാള്‍ പ്രതികരിച്ചത്.

Latest