Connect with us

Malappuram

ഇഫ്താര്‍ സ്‌പെഷ്യലായി പാലക്കാടന്‍ കഞ്ഞിയും

Published

|

Last Updated

വണ്ടൂര്‍: ജില്ലയിലും പാലക്കാട് ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ഒഴിച്ചു കൂടാനാകാത്ത വിഭവങ്ങളിലൊന്നാണ് പാലക്കാടന്‍ കഞ്ഞി. ഇഫ്താര്‍ സമയത്ത് പള്ളികളില്‍ വിളമ്പുന്ന പ്രധാന വിഭവങ്ങളിലൊന്നാണിത്. സാധാരണയായി പള്ളികളില്‍ വിളമ്പുന്ന മധുരമുള്ള തരിക്കഞ്ഞിയില്‍ നിന്ന് വ്യത്യസ്തമായ ഇനമാണിത്.
മധുരത്തിന് പകരം അല്‍പം എരിവാണ് ഈ കഞ്ഞിയുടെ സവിശേഷത. കേരളത്തിന് പുറത്ത് കര്‍ണാടകയിലെ പല പള്ളികളിലും ഇത്തരത്തിലുള്ള കഞ്ഞി വിളമ്പാറുണ്ട്. പാലക്കാട് ജില്ലയിലെ വാളയാര്‍ പാമ്പുപാറ, കഞ്ചിക്കോട് ചുള്ളിമട, കൊഴിയാംപാറം ഹരിപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ മഹല്ല് പള്ളികളില്‍ ഇത്തരത്തില്‍ കഞ്ഞി വിളമ്പുന്നുണ്ട്. വെളിച്ചെണ്ണയില്‍ സവാള വറുത്തെടുത്ത ശേഷം ജീരകം, വെളുത്ത ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ അരച്ച് ചേര്‍ക്കുന്നു.
തക്കാളി അല്‍പം ചേര്‍ത്ത് പച്ചരി, ഉണക്ക് നെല്ലിന്റെ അരി എന്നിവ നിശ്ചിത അനുപാതത്തില്‍ ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത്. കൂടാതെ കറുവപട്ട, ഏലക്ക, ഗ്രാമ്പു എന്നിവയും ചേര്‍ക്കുന്നതോടെ സുഗന്ധമുള്ളതാകും. സ്വാദിഷ്ടമാക്കാന്‍ അല്‍പം മല്ലിച്ചപ്പ്, പൊതീന എന്നിവയും ചേര്‍ത്താല്‍ ഔഷധ വീര്യമുള്ള പാലക്കാടന്‍ കഞ്ഞി റെഡി. നാളികേരവും പൊതീന, മല്ലിച്ചപ്പ്, മുളക്, പുളി എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ചമ്മന്തിയും കഞ്ഞിയോടൊപ്പമുണ്ടാകും. ഇപ്രകാരം കഞ്ഞി തയ്യാറാക്കി വീടുകളിലേക്ക് കൊടുത്തയക്കുന്ന പള്ളികള്‍ പാലക്കാടിലും അതിര്‍ത്തി ഗ്രാമങ്ങളിലുമുണ്ട്. നൂറോളം വീടുകളുള്ള ഒരു മഹല്ലില്‍ ഇത്തരത്തിലുള്ള കഞ്ഞി തയ്യാറാക്കാന്‍ 3000 രൂപയോളമാണ് ചെലവ് വരുന്നത്.