Connect with us

International

അധികാരത്തിലെത്തിയാല്‍ പുതിയ ഭരണഘടന: ഉര്‍ദുഗാന്‍

Published

|

Last Updated

അങ്കാറ: പ്രസിഡന്റ്പദത്തില്‍ തിരിച്ചെത്തിയാല്‍ പുതിയ ഭരണഘടന കൊണ്ടുവരുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി തയ്യിബ് ഉര്‍ദുഗാന്‍. ആഗസ്റ്റിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. പഴയ ഭരണഘടന തുര്‍ക്കിക്ക് അനുയോജ്യമല്ലെന്നും പുതിയ ഭരണഘടന രാജ്യത്തിന്റെ ഭാവി കൂടി കണ്ടുകൊണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്താംബൂളില്‍ തന്റെ അനുയായികള്‍ക്ക് മുന്നിലാണ് ഉര്‍ദുഗാന്‍ പുതിയ ഭരണഘടന സംബന്ധിച്ച ഉറപ്പ് നല്‍കിയത്.
പുതിയ ഭരണഘടനയനുസരിച്ച് പ്രസിഡന്റിന് ശക്തമായ അധികാരം ഉറപ്പ് നല്‍കും. നിലവില്‍ തുര്‍ക്കിയിലെ പ്രസിഡന്റിന് നീതിന്യായ വിഭാഗത്തെ അപേക്ഷിച്ച് നാമമാത്ര അധികാരമാണുള്ളത്. തിരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന്‍ എളുപ്പത്തില്‍ വിജയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
മുസ്തഫ കമാല്‍ അതാത്തുര്‍ക്കിന്റെ ആധുനിക തുര്‍ക്ക് ഭരണം നിലവില്‍ വന്നിട്ട് നൂറ് വര്‍ഷം തികയുന്ന സമയമാണിത്. ലോകത്തെ പത്ത് സാമ്പത്തിക ശക്തികളിലേക്ക് തുര്‍ക്കിയെ കൊണ്ടുവരികയെന്നത് സര്‍ക്കാറിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഭരണഘടന ഇത് നേടിയെടുക്കുന്നതിന് സഹായിക്കുമെന്നും മാറ്റമാണ് വേണ്ടതെങ്കില്‍ തനിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.