Connect with us

Kerala

കെ എസ് ആര്‍ ടിസിയെ മറികടന്ന് സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ്: മന്ത്രിസഭാ തീരുമാനം വിവാദമാകുന്നു

Published

|

Last Updated

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്ക് മാത്രം അനുവദിച്ച് നല്‍കിയ ഫഌറ്റ് ഓണര്‍ ഉത്തരവ് അട്ടിമറിച്ച് സ്വകാര്യ ബസ് സര്‍വീസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കിയ മന്ത്രിസഭാ തീരുമാനം വിവാദമാകുന്നു. സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ കെ എസ് ആര്‍ ടി സിക്ക് മാത്രം നല്‍കി സര്‍ക്കാര്‍ പുറത്തിറക്കിയ ഫഌറ്റ് ഓണര്‍ ഉത്തരവാണ് സ്വകാര്യ ബസുകള്‍ക്കായി അട്ടിമറിച്ചതായി ആരോപണമുയര്‍ന്നിരിക്കുന്നത്. ഇതിനെതിരെ യൂനിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇപ്പോള്‍ പെര്‍മിറ്റുളള സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് കാലാവധി അവസാനിക്കുന്ന മുറക്ക് നിരത്തുകളില്‍ നിന്നും അവ നീക്കം ചെയ്യുവാനും പകരം ആ സര്‍വീസുകള്‍ കെ എസ് ആര്‍ ടിസി ഏറ്റെടുത്തു നടത്തുവാനും വേണ്ടിയാണ് ഒരു വര്‍ഷം മുമ്പ് ഉത്തരവ് ഇറക്കിയിരുന്നത്. ഏറെ സമ്മര്‍ദങ്ങളെ അതിജീവിച്ചാണ് കെ എസ് ആര്‍ ടി സിക്ക് ഫഌറ്റ് ഓണര്‍ പദവി ലഭ്യമാക്കിയതെന്ന് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂനിയന്‍ ചൂണ്ടിക്കാട്ടുന്നു.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍, ജൂലൈ മാസം മുതല്‍ പെര്‍മിറ്റ് കാലാവധി അവസാനിക്കുന്ന ബസുകള്‍ക്ക് പകരമായി അതേ നിലയില്‍ സര്‍വീസ് നടത്തുവാന്‍ കെ എസ് ആര്‍ ടി സി തയ്യാറായ സാഹചര്യത്തിലാണ് ഈ ഉത്തരവിനെ മറികടന്നുകൊണ്ട ് മന്ത്രിസഭാതീരുമാനം ഉണ്ടായിരിക്കുന്നത്.
29 റൂട്ടുകളിലെ സര്‍വീസ് അടിയന്തരമായി കെ എസ് ആര്‍ ടി സി ഏറ്റെടുക്കണമെന്നു കാട്ടി കഴിഞ്ഞ മാസം 20ന് കെ എസ് ആര്‍ ടി സി വ്യക്തമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എറണാകുളം, കൊട്ടാരക്കര, കട്ടപ്പന, ആലപ്പുഴ, ചേര്‍ത്തല, കോട്ടയം, ചങ്ങനാശേരി, കുമളി, ആലുവ, മൂന്നാര്‍, ആറ്റിങ്ങല്‍, ഈരാറ്റുപേട്ട, കാഞ്ഞങ്ങാട്, എരുമേലി എന്നീ ഡിപ്പോകളിലെ യൂനിറ്റ് ഓഫീസര്‍മാര്‍ക്ക് ഈ സര്‍വീസുകള്‍ ഏറ്റെടുത്ത് നടത്തുന്നതിന് കെ എസ് ആര്‍ ടി സി അടിയന്തര ഉത്തരവും പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബസുകള്‍ കണ്ടെത്തി ഫലപ്രദമായി സര്‍വീസ് നടത്തുകയും യാത്രാക്ലേശം ഒഴിവാക്കുകയും ചെയ്ത വേളയിലാണ് സ്വകാര്യ സര്‍വീസുകള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടായിരിക്കുന്നത്. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ സ്വകാര്യ ബസ് ലോബിയുടെ കൈയില്‍ നിന്നും കോടിക്കണക്കിന് രൂപ അനധികൃതമായി കൈപ്പറ്റിയതിന്റെ പ്രതിഫലമായാണ് ഉത്തരവുകള്‍ മറികടന്ന് റദ്ദാക്കിയ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കാന്‍ തീരുമാനിച്ചിട്ടുളളതെന്നും ഈ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂനിയന്‍ ജനറല്‍ സെക്രട്ടറി എം ജി രാഹുല്‍ ആവശ്യപ്പെട്ടു.