Connect with us

Palakkad

ചരക്ക് നീക്കം സുഗമമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും: എം ബി രാജേഷ് എം പി

Published

|

Last Updated

പാലക്കാട്: വാളയാറിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ചരക്ക് നീക്കം സുഗമമാക്കുന്നതിനും ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് എം ബി രാജേഷ എം പി ആവശ്യപ്പെട്ടു.
വാളയാറിലെ വാണിജ്യ നികുതി ചെക്ക് പോസ്റ്റ് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവധാനതയില്ലാതെയും വേണ്ടത്ര ആലോചനയില്ലാതെയും പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതാണ് ഇപ്പോഴത്തെ ഗതാഗതക്കുരുക്കിന് കാരണമായിട്ടുള്ളത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ പിരിച്ച് വിട്ട് പകരം കോഴ വാങ്ങി കാര്യക്ഷമതയില്ലാത്തവരെ പിന്‍വാതിലിലൂടെ നിയമിച്ചത് ചെക്ക് പോസ്റ്റിന്റെ സുഗമമായ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. വാളയാറിലെ വാണിജ്യ നികുതി ചെക്ക്‌പോസ്റ്റില്‍ മാത്രം മൂന്ന് കൗണ്ടറുകള്‍ അധികമായി പ്രവര്‍ത്തിപ്പിക്കണം. ഇതിനായി പതിനെട്ടോളം ജീവനക്കാരെയും അധികമായി നിയമിക്കണം. നിരവധി ഡ്രൈവര്‍മാരും നാട്ടുകാരും തങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എം പിക്ക് മുന്നില്‍ വിശദീകരിച്ചു.
എക്‌സൈസ്, ആര്‍ ടി ഒ ചെക്ക്‌പോസ്റ്റുകളിലും ഇത്തരത്തില്‍ കാലതാമസം ഉണ്ടാവുന്നുണ്ടെന്നും ഇക്കാര്യവും അധികൃതരുടെ ശ്രദ്ധയില്‍പെടുത്തുമെന്നും എം പി പറഞ്ഞു. വാണിജ്യ നികുതി വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ അശോകന്‍, ആര്‍ ഡി ഒ ചന്ദ്രസേനന്‍ എന്നിവര്‍ എം പിയോട് കാര്യങ്ങള്‍ വിശദീകരിച്ചു.
വിവിധ വകുപ്പ് മേധാവികള്‍ കലക്ടറേറ്റില്‍ നടത്തുന്ന കൂടിയാലോചന യോഗത്തില്‍ പ്രശ്‌നം പരിഹരിക്കാനുതകുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും എം പി അറിയിച്ചു.

Latest