370-ാം വകുപ്പ് റദ്ദാക്കണമെന്ന ഹരജി കോടതി തള്ളി

Posted on: July 12, 2014 12:30 am | Last updated: July 12, 2014 at 12:09 am

the_supreme_court_of_12915fന്യൂഡല്‍ഹി: ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി സുപ്രീം കോടതി തള്ളി. സംസ്ഥാനങ്ങള്‍ക്ക് 370-ാം വകുപ്പ് ദീര്‍ഘകാലത്തേക്ക് അനുവദിക്കാന്‍ ഭരണഘടന അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹരജി നല്‍കിയത്. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയത് താത്കാലികമായാണെന്നും 1957ല്‍ സംസ്ഥാന കോണ്‍സ്റ്റിന്റുവന്റ് അസംബ്ലി പിരിച്ചുവിട്ടതോടെ ഈ പദവി റദ്ദായെന്നും ഹരജി സമര്‍പ്പിച്ച വിജയലക്ഷ്മി ഝാ വാദിച്ചു. എന്നാല്‍, ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ, ജസ്റ്റിസ് പിനാകി ചന്ദ്ര, ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍ എന്നിവരടങ്ങിയ ബഞ്ച് ഇത് അംഗീകരിച്ചില്ല. ഇപ്പോള്‍ ഹരജിയുമായി വരാനുള്ള സാഹചര്യമെന്താണെന്ന് ബഞ്ച് ആരാഞ്ഞു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ശേഷം ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പിന്മേല്‍ സംവാദങ്ങള്‍ അരങ്ങേറിയിരുന്നു. 370-ാം വകുപ്പ് റദ്ദാക്കുന്നത് ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഉചിതമായ സമയത്ത് വിഷയത്തില്‍ മോദി സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുമെന്നാണ് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചത്.