Connect with us

National

ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ പോളാവാരം പ്രോജക്ട് ബില്‍ ലോക്‌സഭ പാസ്സാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: തെലങ്കാനയുടെ ചില ഭാഗങ്ങള്‍ ആന്ധ്രാ പ്രദേശില്‍ ചേര്‍ത്ത് ജലസേചന പദ്ധതി കൊണ്ടുവരുന്നതിനുള്ള പോളാവാരം പ്രോജക്ട് ബില്ല് ശക്തമായ പ്രതിഷേധത്തിനിടെ ലോക്‌സഭ പാസ്സാക്കി. പുതുതായി രൂപവത്കൃതമായ തെലങ്കാനയുടെ ഭരണം കൈയാളുന്ന ടി ആര്‍ എസ്, ഒഡീഷയിലെ ഭരണകക്ഷിയായ ബി ജെ ഡി തുടങ്ങിയ കക്ഷികളാണ് ശക്തമായ പ്രതിഷേധമുയര്‍ത്തിയത്. പോളാവാരം പദ്ധതിക്കായി ഇറക്കിയ ഓര്‍ഡിനന്‍സിന് പകരമായാണ് ആന്ധ്രാ പ്രദേശ് റി ഓര്‍ഗനൈസേഷന്‍ (ഭേദഗതി) ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. ബില്‍ തെലങ്കാനയുടെ അഖണ്ഡതക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ടി ആര്‍ എസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങുകയായിരുന്നു.
ബില്ലിന്‍ മേല്‍ പ്രത്യേക ചര്‍ച്ച വേണമെന്ന ടി ആര്‍ എസ് ആവശ്യം സ്പീക്കര്‍ സുമിത്രാ മഹാജന്‍ അനുവദിച്ചില്ല. ചട്ടങ്ങള്‍ പാലിച്ചു കൊണ്ടു തന്നെയാണ് ബില്‍ കൊണ്ടുവന്നതെന്നും നിയമം വ്യാഖ്യാനിക്കാനുള്ള ഉത്തരവാദിത്വം സഭക്കല്ലെന്നും കോടതിക്കാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഇതോടെ നടുത്തളത്തിലിറങ്ങിയ തെലങ്കാനാ രാഷ്ട്ര സമിതി അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. ബില്ലിന് ആധാരമായ ഓര്‍ഡിനന്‍സ് ഭരണഘടനയുടെ അന്തസ്സത്തക്ക് വിരുദ്ധമാണെന്നും അതിനാല്‍ ബില്ലിന്‍മേല്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും ക്രമപ്രശ്‌നമുന്നയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അംഗം സുഗതാ റോയി, ടി ആര്‍ എസ് അംഗം ബി വിനോദ് കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ ഇത് മുഖവിലക്കെടുത്തില്ല. തെലങ്കാനാ സംസ്ഥാനം നിലവില്‍ വന്ന ശേഷമാണ് ഓര്‍ഡിനന്‍സ് വന്നത്. പക്ഷേ, ഓര്‍ഡിനന്‍സ് നിലവില്‍ വരും മുമ്പ് സംസ്ഥാന നിയമസഭയുടെ അഭിപ്രായം രാഷ്ട്രപതി കേട്ടില്ലെന്നും വിനോദ് കുമാര്‍ പറഞ്ഞു.
പോളാവാരം പദ്ധതിക്ക് താന്‍ എതിരല്ലെന്നും എന്നാല്‍ അണക്കെട്ടിന്റെ ഉയരം കൂട്ടിയാല്‍ ഒഡീഷയിലും ഛത്തീസ്ഗഢിലുമായി 307 ആദിവാസി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാകുമെന്നതിലാണ് തന്റെ പാര്‍ട്ടിയുടെ ആശങ്കയെന്നും ബി ജെ ഡി നേതാവ് ഭര്‍തൃഹരി മെഹ്താബ് പറഞ്ഞു. പോളാവാരം വിവിധോദ്ദേശ്യ ജലസേചന പദ്ധതിക്ക് ദേശീയ പദവിയാണ് നല്‍കിയിരിക്കുന്നത്. തെലങ്കാന സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഏതാനും ഗ്രാമങ്ങളെ പദ്ധതിക്കായി ആന്ധ്രയില്‍ ചേര്‍ത്തതോടെ ഡാം പൂര്‍ണമായി ആന്ധ്രാപ്രദേശ് സംസ്ഥാനത്തായി. പടിഞ്ഞാറന്‍ ഗോദാവരി, കിഴക്കന്‍ ഗോദാവരി ജില്ലകളിലായാണ് ഡാം വരിക. ഗോദാവരിക്കു കുറുകെ ഡാമിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.

Latest