Connect with us

Eranakulam

വ്യാജ എ ടി എം കാര്‍ഡുകള്‍ നിര്‍മിച്ച് കോടികള്‍ തട്ടിയ നാലംഗ സംഘം പിടിയില്‍

Published

|

Last Updated

കൊച്ചി: വ്യാജ എ ടി എം കാര്‍ഡുകള്‍ നിര്‍മിച്ച് കോടികള്‍ തട്ടിയെടുത്ത സംഘം പള്ളുരുത്തി പോലീസിന്റെ പിടിയിലായി. ജാഫ്‌നയില്‍ നിന്ന് തമിഴ്‌നാട് തൃച്ചി, ചെന്നൈ എന്നിവിടങ്ങളിലേക്ക് കുടിയേറിപാര്‍ത്ത സുരേഷ് (31), സെന്തുരാന്‍ (31), ശിവസുധന്‍ (31), ആനന്ദ് രാജ് (31) എന്നിവരാണ് പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ സജീവന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിടിയിലായത്. വ്യാഴാഴ്ച പുലര്‍ച്ചെ പോലീസ് പട്രോളിംഗിനിടെ പള്ളുരുത്തി ശ്രീ ഭവാനീശ്വര ക്ഷേത്രത്തിന് എതിര്‍വശത്തെ എസ് ബി ടി ബേങ്കിന്റെ എ ടി എം കൗണ്ടറില്‍ നിന്ന് മോഷണം നടത്തി ഇറങ്ങുകയായിരുന്ന സംഘത്തെ സംശയത്തെ തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തായത്.
ചോദ്യം ചെയ്യലില്‍ ഇവര്‍ എറണാകുളത്തെ ഒരു സുഹൃത്തിനെ കാണാന്‍ വന്നതാണെന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ സത്യം പറയുകയായിരുന്നു. ഇവരുടെ കൈയില്‍ നിന്നും നാല് ലക്ഷത്തോളം രൂപ പോലീസ് കണ്ടെടുത്തിട്ടുണ്ട്. മലേഷ്യ, ചൈന എന്നിവിടങ്ങളില്‍ നിന്ന് എത്തിച്ച 372 വ്യാജ എ ടി എം കാര്‍ഡുകളും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമേ ലാപ്‌ടോപ്പ്, സെയ്പ്പിംഗ് മെഷീന്‍, കാര്‍ഡ് റീഡര്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അന്താരാഷ്ട്ര ബന്ധമുള്ളതിനാല്‍ അന്വേഷണം എന്‍ ഐ എ പോലുള്ള ദേശീയ ഏജന്‍സികള്‍ക്ക് കൈമാറിയേക്കും. മട്ടാഞ്ചേരി അസി. കമ്മീഷനര്‍ എം ബിനോയിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ തുടരന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തും തമിഴ്‌നാട്ടിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തുമെന്നും പോലീസ് പറഞ്ഞു. പള്ളുരുത്തി എസ് ഐ. പി ഷംസുദ്ദീന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്തോഷ്, ജോജി മാത്യു, അനുകുമാര്‍, സമദ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.