Connect with us

Wayanad

ഇന്റര്‍പ്രെട്ടേഷന്‍ സെന്റര്‍ വനം, വന്യജീവി വകുപ്പ് നവീകരിക്കുന്നു

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റെയ്ഞ്ച് ആസ്ഥാനത്തുള്ള ഇന്റര്‍പ്രെട്ടേഷന്‍ സെന്റര്‍ വനം-വന്യജീവി വകുപ്പ് നവീകരിക്കുന്നു. ഇതിനായി 25 വിശദമായ പ്രൊജക്ട് മേലധികാരികളുടെ അംഗീകാരത്തിനു സമര്‍പ്പിച്ചതായി മുത്തങ്ങ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ പി.പി.ശ്രീവത്സന്‍ പറഞ്ഞു.
വനം, വന്യജീവികള്‍, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അറിവ് പകരുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചതാണ് മുത്തങ്ങയിലെ ബി.കൃഷ്ണന്‍ മെമ്മോറിയല്‍ ഇന്‍ര്‍പ്രെട്ടേഷന്‍ സെന്റര്‍ .1998 ഒക്‌ടോബര്‍ 24ന് അന്നത്തെ വനം മന്ത്രി പി.ആര്‍.കുറുപ്പാണ് ഇത് ഉദ്ഘാടനം ചെയ്തത്.
സ്റ്റഫ് ചെയ്ത കടുവ, പുലി, കരടി എന്നിവ സെന്ററിന്റെ മുഖ്യ ആകര്‍ഷണമാണ്.
ആനയുടെ പല്ലുകള്‍, കടുവയടെ അസ്ഥികൂടം, ആന, കാട്ടി തുടങ്ങിയ മൃഗങ്ങളുടെ തലയോട്ടികള്‍, ഫോര്‍മാലിന്‍ ലായനി നിറച്ച ചില്ലുഭരണികളില്‍ സൂക്ഷിച്ചിരിക്കുന്ന മൂര്‍ഖന്‍ പാമ്പ്, ഹനുമാന്‍ കുരങ്ങ് തുടങ്ങിയവയും സെന്ററില്‍ സന്ദര്‍ശകരുടെ കൗതുകം ഉണര്‍ത്തുന്നതാണ്. ലൈബ്രറി, പരിസ്ഥിതി ബോധവല്‍ക്കരണ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവയും സെന്ററിന്റെ ഭാഗമാണ്.
ഉദ്ഘാടനത്തിനുശേഷം കുറച്ചുകാലം നല്ലനിലയില്‍ പ്രവര്‍ത്തിപ്പിച്ച സെന്ററിനെ പിന്നീട് വനം-വന്യീവി വകുപ്പ് അവഗണിക്കുകയായിരുന്നു.
സ്റ്റഫ് ചെയ്ത കടുവയുടെ ഒന്നും കരടി, പുലി എന്നിവയുടെ രണ്ടുവീതവും രൂപങ്ങളാണ് സെന്ററില്‍. കെട്ടിടത്തിന്റെ ചോര്‍ച്ചയും മതിയായ പരിപാലനത്തിന്റെ അഭാവവും മൂലം നാശം നേരിടുകയാണ് ഇവ. ലൈബ്രറിയില്‍നിന്നു ഇതുവരെ ഒരു പുസ്തകം പോലും വനം-വന്യജീവി പാലകര്‍ക്കടക്കം വായനയ്ക്ക് നല്‍കിയിട്ടില്ല. വയറിംഗ് നടത്തിയിട്ടുണ്ടെങ്കിലും കെട്ടിടം വൈദ്യതീകരിച്ചില്ല.
വയനാട്ടിലെ പ്രധാനപ്പെട്ട പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് മുത്തങ്ങ. പ്രകൃതിപഠനയാത്രയുടെ ഭാഗമായി ധാരാളം വിദ്യാര്‍ഥികളും ഇവിടെ എത്തുന്നുണ്ട്. എങ്കിലും ഇന്റര്‍പ്രെട്ടേഷന്‍ സെന്ററിന്റെ കാര്യം ഉദ്യോഗസ്ഥരോ ഇക്കോ ഡവലപ്പ്‌മെന്റ് സൊസൈറ്റി അംഗങ്ങളുമായ ഗൈഡുകളോ ടൂറിസ്റ്റുകളോട് പറയുന്നില്ല.
റോഡിനോടു ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന ഇന്‍ര്‍പ്രെട്ടേഷന്‍ സെന്റര്‍ എന്ന ബോര്‍ഡ് കണ്ട് എത്തുന്ന സഞ്ചാരികള്‍ പലപ്പോഴും അടഞ്ഞുകിടക്കുന്ന വാതില്‍ കണ്ട് മടങ്ങേണ്ടിവരുന്നു.
നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇന്റര്‍പ്രെട്ടേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനാണ് തീരുമാനമെന്ന് റെയ്ഞ്ച് ഓഫീസര്‍ പറഞ്ഞു.