Connect with us

Ongoing News

മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടു

Published

|

Last Updated

വാടാനപ്പള്ളി: സി പി ഐ (മാവോയിസ്റ്റ്) പാര്‍ട്ടിയുടെ മുതിര്‍ന്ന പ്രവര്‍ത്തകന്‍ തളിക്കുളം പത്താംകല്ല് വേളേക്കാട്ടില്‍ രാജന്‍ എന്ന സിനോജ്(40)ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടു. കര്‍ണാടക, ആന്ധ്രാ അതിര്‍ത്തിയിലെ ഉള്‍വനത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനിടയില്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് സി പി ഐ(മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക മേഖലാ സമിതി വക്താവ് ജോഗി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജൂണ്‍ 16ന് രാവിലെ 10.07നാണ് സ്‌ഫോടനം നടന്നതെന്നും സംഭവ സ്ഥലത്ത് തന്നെ സിനോജ് കൊല്ലപ്പെട്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ശരീര ഭാഗങ്ങള്‍ ചിലയിടങ്ങളില്‍ ചിതറിപ്പോയിരുന്നു. ഉള്‍ക്കാട്ടില്‍ വച്ചാണ് സംഭവം നടന്നത.് പ്രതികൂലമായ കാലാവസ്ഥയായിരുന്നതിനാല്‍ സിനോജിന്റെ ഭൗതിക ശരീരം പുറത്തുകൊണ്ടുവരാനോ വീട്ടുകാര്‍ക്ക് വിട്ടു നല്‍കാനോ കഴിഞ്ഞില്ല. സിനോജിന്റെ മൃതദേഹം പാര്‍ട്ടിയുടെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വനത്തിനുള്ളില്‍ വച്ചുതന്നെ സംസ്‌കരിച്ചതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇടതു സംഘടനയായ പോരാട്ടം ചെയര്‍മാന്‍ എം എന്‍ രാവുണ്ണി, പ്രവര്‍ത്തകരായ മാനുവല്‍, ജന്നി തുടങ്ങിയവര്‍ ഇന്നലെ വൈകീട്ട് തളിക്കുളത്തെ സിനോജിന്റെ വീട്ടിലെത്തി സിനോജ് കൊല്ലപ്പെട്ട വിവരം അറിയിക്കുകയായിരുന്നു. പശ്ചിമ ഘട്ട പ്രത്യേക മേഖലാ സമിതി അംഗവും കബനി ദളത്തിന്റെ രാഷ്ട്രീയ വിഭാഗ ചുമതലക്കാരനുമായിരുന്നു കൊല്ലപ്പെട്ട സിനോജ്. വേളേക്കാട്ട് പരേതനായ സുരേന്ദ്രന്റെ മകനാണ് സിനോജ്. അവിവാഹിതനാണ്. അമ്മ: ഇന്ദിര. സഹോദരന്‍: മനോജ്.